| Saturday, 13th June 2026, 7:25 pm

സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചെന്ന് ആരോഗ്യ മന്ത്രി; തിരുത്തി ഡി.എം.ഒ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രിയും തിരുത്തി ഡി.എം.ഒയും. പാലക്കാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കോളറ രോബാധ സ്ഥിരീകരിച്ചതായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍ കോളറ സംശയിക്കപ്പെട്ട രണ്ട് പേരിലും നടത്തിയ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിക്കാനായില്ലെന്ന് പിന്നീട് പാലക്കാട് ഡി.എം.ഒയുടെ സ്ഥിരീകരണം പുറത്തുവന്നു.

ഷിഗല്ല, നിപ രോഗബാധകള്‍ സ്ഥിരീകരിച്ചതിന് പിറകൊണ് സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചതായുള്ള മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നത്. എന്നാല്‍ കോളറ ബാധിച്ചതായി സംശയം മാത്രമാണുണ്ടായതെന്നും പിന്നീട് നടത്തിയ പരിശോധനയില്‍ രോഗമില്ലെന്ന് സ്ഥിരീകരിച്ചെന്നും ഡി.എം.ഒ വ്യക്തമാക്കുകയായിരുന്നു.

പാലക്കാട് ലക്കിടി സ്വദേശികള്‍ക്കാണ് കോളറ രോഗബാധ സംശയിച്ചത്. ഇവരുടെ പ്രാഥമിക പരിശോധനയില്‍ കോളറ രോഗമുള്ളതായി ഫലം വരികയും പിന്നീട് വിശദമായ പരിശോധനയില്‍ രോഗമില്ലെന്ന് കണ്ടെത്തുകയുമായിരുന്നെന്ന് മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാഥമിക പരിശോധനാ ഫലം മാത്രം കണ്ട ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. പിന്നീട് വിശദമായ പരിശോധനാ ഫലം കൂടി വന്നതോടെയാണ് ഡി.എം.ഒ ഈ വിഷയത്തില്‍ സ്ഥിരീകരണം നല്‍കിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മൂന്ന് പേര്‍ക്ക് കൂടി ഷിഗല്ല

അതേസമയം, സംസ്ഥാനത്ത് ഷിഗല്ല രോഗബാധ തുടരുകയാണ്. മൂന്ന് പേര്‍ക്ക് കൂടി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം, തൃശൂര്‍, കൊല്ലം ജില്ലകളിലാണ് ഇന്ന് ഷിഗല്ല സ്ഥിരീകരിച്ചത്. മലപ്പുറത്ത് 29 വയസ്സുള്ള യുവാവിനും തൃശൂരില്‍ 14 വയസ്സുള്ള കുട്ടിക്കും കൊല്ലത്ത് 17 വയസ്സുള്ള കുട്ടിക്കുമാണ് രോബാധ സ്ഥിരീകരിച്ചത്.

ഇതോടെ ഈ മാസം സ്ഥിരീകരിച്ച ഷിഗല്ല കേസുകളുടെ എണ്ണം 59 ആയി. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 135 ആയും ഉയര്‍ന്നു.

സംസ്ഥാനത്ത് ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിരിക്കുന്നത്. ഫാറൂഖ് കോളേജ് സ്വദേശിയായ രോഗി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ നിപ രോഗബാധ സ്ഥിരീകരിച്ചിരുന്നു.

നിപ: മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

അതേസമയം, നിപ രോഗിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധന ഫലങ്ങള്‍ നെഗറ്റീവായതായി ആരോഗ്യമന്ത്രി അറിയിച്ചു. നിരീക്ഷണത്തിനായി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ള നാല് പേരെ കൂടി ഇന്ന് നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പുതുതായി 13 പേരെ കൂടി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. 100 പേരാണ് ഇപ്പോള്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ നാല് പേര്‍ അപകട സാധ്യത വളരെ കൂടുതലുള്ള വിഭാഗത്തിലാണ്. 14 പേര്‍ അപകട സാധ്യത കൂടിയ വിഭാഗത്തിലും 82 പേര്‍ അപകട സാധ്യത കുറഞ്ഞ വിഭാഗത്തിലുമാണ്.

Content Highlight: Kerala Health Minister K Muraleedharan Says Cholera Confirmed in Palakakd, But DMO Says Not

We use cookies to give you the best possible experience. Learn more