| Friday, 11th September 2026, 10:33 am

മരുമകളും പേരക്കുട്ടിയും ജീവനാംശം നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി: മരുമകള്‍ക്ക് നിയമപരമായ ബാധ്യത ഇല്ല

ദേവിക ജയചന്ദ്രന്‍

കൊച്ചി: മരുമകളില്‍ നിന്നും പേരക്കുട്ടിയില്‍ നിന്നും ജീവനാംശം ആവശ്യപ്പെട്ട് 82കാരി സമര്‍പ്പിച്ച ഹര്‍ജി തള്ളി ഹൈക്കോടതി. ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്ന് നിരീക്ഷിച്ചാണ് നടപടി.

കെ.എസ്.ഇ.ബിയില്‍ സീനിയര്‍ സൂപ്രണ്ടായിരിക്കെ മകന്‍ മരിച്ചതിനാല്‍ മരുമകളില്‍ നിന്നും സംരക്ഷണച്ചെലവ് ആവശ്യപ്പെട്ടാണ് ഫിഷറീസ് വകുപ്പില്‍ നിന്ന് വിരമിച്ച ഹര്‍ജിക്കാരി കോടതിയെ സമീപിച്ചത്.

നേരത്തെ മെയ്ന്റനന്‍സ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും പി.എഫ് വിഹിതം ഒഴിച്ച് മരിച്ചയാള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളുടെ മൂന്നിലൊന്ന്, 12 ലക്ഷം രൂപ, പരാതിക്കാരിക്ക് ലഭിച്ചിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടി ആവശ്യം തള്ളിയിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ അപ്പീലും തള്ളിയതോടെയാണ് പ്രതിമാസം 15,000 രൂപ ജീവനാംശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലന, ക്ഷേമനിയമം,2007ലെ സെക്ഷന്‍ 2(എ) പ്രകാരം സംരക്ഷണച്ചെലവ് വഹിക്കാന്‍ ബാധ്യസ്ഥരായവരുടെ നിര്‍വചനത്തില്‍ മകന്റെ ഭാര്യ ഉള്‍പ്പെടുന്നില്ല. എന്നാല്‍ പേരക്കുട്ടി ഉള്‍പ്പെടുന്നുണ്ടെങ്കിലും ഈ കേസില്‍ ബാങ്ക് വായ്പയെടുത്ത് വിദേശത്ത് പഠിക്കുന്ന പേരക്കുട്ടിയെ ഇത്തരമൊരു ഉത്തരവാദിത്വത്തിന് നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

ഹര്‍ജിക്കാരിക്ക് സര്‍വീസ് പെന്‍ഷന്‍ ലഭിക്കുന്നതിനാല്‍ എതിര്‍കക്ഷികള്‍ക്ക് ലഭിക്കുന്ന കുടുംബപെന്‍ഷനിലെ വിഹിതത്തിന് അര്‍ഹതയില്ലെന്നും കോടതി വ്യക്തമാക്കി.

Content Highlight: Kerala HC junks 82-year-old woman’s plea seeking maintenance from daughter-in-law, grandchild

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more