കൊച്ചി: എക്‌സൈസ് കേസില്‍ റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നേരത്തെ സുല്‍ത്താന്‍ ബത്തേരി കോടതി ആന്റോയുടെ ജാമ്യ ഹരജി തള്ളിയിരുന്നു. ഇതിന് പിന്നാലെ ആന്റോ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഉപാധികളോടെയാണ് ആന്റോക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നേരത്ത ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.
ചോദ്യം ചെയ്യലിനിടെ ആന്റോ മൗനം പാലിക്കുകയും പോലീസുമായി സഹകരിക്കാതിരിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ അദ്ദേഹത്തിന്റെ ജാമ്യത്തെ എതിര്‍ത്തിരുന്നതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു. ‘അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ പ്രതി ബാധ്യസ്ഥനല്ല. സുപ്രീം കോടതി ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്,’ എന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയമവിരുദ്ധമെന്ന് ആരോപിക്കപ്പെടുന്ന മദ്യം കണ്ടെടുക്കുകയും കസ്റ്റഡിയിലുള്ള ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാവുകയും ചെയ്ത സാഹചര്യത്തില്‍ ആന്റോയെ തുടര്‍ന്നും തടങ്കലില്‍ വെക്കേണ്ടതുണ്ടോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചെന്നും ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.
നിയമപരമായി സൂക്ഷിക്കാവുന്നതിലും കൂടുതല്‍ അളവില്‍ മദ്യം സൂക്ഷിച്ചെന്ന കേസിലായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച ആന്റോ അറസ്റ്റിലായത്. അറസ്റ്റിലായ ആന്റോയെ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസം റിമാന്‍ഡില്‍ വിട്ടിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയോടെ കൊച്ചിയിലുള്ള റിപ്പോര്‍ട്ടര്‍ ടി.വി ഓഫീസിലെത്തിയായിരുന്നു ആന്റോയെ കല്‍പറ്റ എക്‌സൈസ് എ.സി ബൈജുവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം അറസ്റ്റ് ചെയ്തത്. ആന്റോയുടെ വയനാട് വാഴവറ്റയിലുള്ള വീട്ടില്‍ നിന്ന് നിയമപരമായതില്‍ കൂടുതല്‍ അളവ് മദ്യം പിടിച്ചെടുത്തെന്ന കേസിലായിരുന്നു അറസ്റ്റ്.
അബ്കാരി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എക്‌സസൈസ് ആന്റോക്കെതിരെ കേസെടുത്തത്. നിയമ വിരുദ്ധമായി മദ്യം കടത്തി, നിയവിരുദ്ധമായി മദ്യം കൈവശം വെച്ചു എന്നീ കുറ്റങ്ങള്‍ക്കുള്ള 55എ, 55ഐ, 58 എന്നീ വകുപ്പുകള്‍ ആണ് ചുമത്തിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
എക്സൈസ് സംഘം അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയെന്ന് ആന്റോ പ്രതികരിച്ചു. തന്നെ കുടുക്കിയതാണെന്നും റിപ്പോര്‍ട്ടര്‍ ടി.വി. എം.ഡി അഭിപ്രായപ്പെട്ടു. തന്റെ തറവാട് വീടാണ് വാഴവറ്റയിലേതെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു..
ബുധനാഴ്ച റിപ്പോര്‍ട്ടര്‍ ടി.വിയുടെ കൊച്ചിയിലെ ഹെഡ് ഓഫീസില്‍ പൊലീസ് സംഘമെത്തി ചാനലിന്റെ ന്യൂസ് ഡെസ്‌കിലടക്കം റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആന്റോയെ അറസ്റ്റ് ചെയ്തത്.
റിപ്പോര്‍ട്ടര്‍ ടി.വി ഓഫീസിന് പുറമെ ആന്റോയുടെ വീടും ഓഫീസും അടക്കം കൊച്ചിയിലും വയനാട്ടിലുമായി അഞ്ചിടത്തായിരുന്നു പൊലീസ് റെയ്ഡ്. ഈ റെയ്ഡിനിടെ വയനാട്ടിലെ വീട്ടില്‍ നിന്ന് അളവില്‍ കവിഞ്ഞ മദ്യം കണ്ടെത്തിയതായി പൊലീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയിരുന്നു എക്സൈസ് കേസെടുത്തത്.
Content Highlight: Kerala HC Approved Reporter TV M.D Anto Augustine’s Bail in Excise Case