2026-27 സാമ്പത്തിക വര്‍ഷത്തോടെ ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായുള്ള ബൃഹത്തായ തന്ത്രപ്രധാനമായ കര്‍മപദ്ധതി കേരള ഗ്രാമീണ ബാങ്ക് പുറത്തിറക്കി. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടന്ന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ ഉന്നതതല യോഗത്തിലാണ്, രാജ്യത്തെ പ്രാദേശിക ഗ്രാമീണ ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്ര ധനകാര്യ സേവന വകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ഭാവി വളര്‍ച്ചാ പദ്ധതികള്‍ക്ക് രൂപം നല്‍കിയത്.
കാനറ ബാങ്ക് എം.ഡി.യും സി.ഇ.ഒ.യുമായ ശ്രീ ഹര്‍ദീപ് സിങ് അലുവാലിയ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ബാങ്കിന്റെ ആകെ ബിസിനസ് ഔദ്യോഗികമായി 65,000 കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടതായും, ഓരോ ബ്രാഞ്ചിലും ശരാശരി 100 കോടി രൂപയിലധികം ബിസിനസ് എന്ന ഉത്പാദനക്ഷമത കൈവരിച്ചതായും യോഗത്തില്‍ അറിയിച്ചു.
ബാങ്കിന്റെ ശക്തമായ വളര്‍ച്ചയും, മികച്ച ആസ്തി ഗുണനിലവാരവും, പ്രവര്‍ത്തനക്ഷമതയുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ബോര്‍ഡ് വിലയിരുത്തി.
ഡിജിറ്റല്‍ മാറ്റം
ഒരു പരമ്പരാഗത ഗ്രാമീണ വായ്പാ സ്ഥാപനത്തില്‍ നിന്ന് ആധുനിക ധനകാര്യ സ്ഥാപനമായി മാറുന്നതിലാണ് ബാങ്ക് ഇപ്പോള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വന്‍തോതിലുള്ള ഡിജിറ്റല്‍ പരിവര്‍ത്തനത്തിനും മൂലധന വര്‍ധനവിനും ബോര്‍ഡ് യോഗം പ്രാധാന്യം നല്‍കി.
നഗരപ്രദേശങ്ങള്‍ക്ക് തുല്യമായ ആധുനിക ബാങ്കിങ് സേവനങ്ങള്‍ ഗ്രാമീണ മേഖലകളിലും മറ്റ് ചെറുപട്ടണങ്ങളിലും ലഭ്യമാക്കുന്നതിനായി ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളും യോഗം ചര്‍ച്ച ചെയ്തു.
ശ്രീ നാഗേഷ് അനുമല (സി.ജി.എം, നബാര്‍ഡ്), ശ്രീ സുര്‍ജിത് കാര്‍ത്തികേയന്‍ (ഡയറക്ടര്‍, ഡി.എഫ്.എസ്), ശ്രീ സാബിത് സലിം (ഡയറക്ടര്‍, ആര്‍.ബി.ഐ) എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ‘വികസിത് ഭാരത് 2047’ എന്ന ദേശീയ കാഴ്ചപ്പാടിന് അനുസൃതമായി സുസ്ഥിരമായ ഗ്രാമീണ വികസനവും മെച്ചപ്പെട്ട വായ്പാ വിതരണവും യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയങ്ങളായി.
വളര്‍ച്ച വേഗത്തിലാക്കുന്നതിനായി യോഗത്തിലെ തന്ത്രപരമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുമെന്ന് കെ.ജി.ബി ചെയര്‍പേഴ്‌സണ്‍ ശ്രീമതി വിമല വിജയ ഭാസ്‌കര്‍ പറഞ്ഞു.. ഉപഭോക്തൃ സേവനവും പ്രവര്‍ത്തനക്ഷമതയും വര്‍ദ്ധിപ്പിച്ചുകൊണ്ട് ഒരു ലക്ഷം കോടി രൂപ എന്ന ലക്ഷ്യത്തിലേക്ക് കുതിക്കാനും സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ലക്ഷ്യങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുമുള്ള വ്യക്തമായ തീരുമാനത്തോടെയാണ് യോഗം സമാപിച്ചത്.
Content highlight: Kerala Grameena Bank Sets Sight On Rs 1 Lakh Crore Business; Outlines Growth Roadmap