| Thursday, 23rd October 2025, 9:08 pm

പി.എം ശ്രീയില്‍ കേരളവും; ധാരണാപത്രത്തില്‍ ഒപ്പുവെച്ചു, തീരുമാനം സി.പി.ഐയുടെ എതിര്‍പ്പുകള്‍ക്കിടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവാദങ്ങള്‍ക്കിടെ പി.എം ശ്രീയില്‍ ഒപ്പുവെച്ച് കേരള സര്‍ക്കാര്‍. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഘടകക്ഷിയായ സി.പി.ഐയുടെ എതിര്‍പ്പ് അവഗണിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം.

ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിന് പിന്നാലെ തടഞ്ഞുവെച്ച ഫണ്ട് കേരളത്തിന് ഉടന്‍ തന്നെ അനുവദിക്കുമെന്ന് കേന്ദ്രം അറിയിച്ചു. കേരളത്തില്‍ പി.എം ശ്രീ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ വ്യക്തമാക്കിയിരുന്നു.

മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐ മന്ത്രിമാര്‍ അതൃപതിയും ആശങ്കയും അറിയിച്ചിരുന്നു. വിഷയത്തില്‍ സി.പി.ഐ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനെയും നേരില്‍ കണ്ടിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ നീക്കം.

കേരളത്തില്‍ പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫും വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്നും എ.ഐ.എസ്.എഫ് പ്രതികരിച്ചിരുന്നു.

നിലവില്‍ സര്‍ക്കാരിന്റെ നടപടിയില്‍ ഘടകകക്ഷിയായ ആര്‍.ജെ.ഡിക്കും അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

മുന്നണിയ്ക്കുളില്‍ ചര്‍ച്ച ചെയ്യാതെയാണ് പി.എം ശ്രീയില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനത്തിലെത്തിയതെന്നാണ് ആര്‍.ജെ.ഡിയുടെ വിലയിരുത്തല്‍. പദ്ധതിക്കെതിരെ സുപ്രീം കോടതിയില്‍ പോകണമായിരുന്നുവെന്നും ആർ.ജെ.ഡി നേതൃത്വം പ്രതികരിച്ചു.

അര്‍ഹതപ്പെട്ട ഫണ്ട് നഷ്ടപ്പെടുത്തേണ്ടതില്ലെന്ന നിലപാടാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. അതേസമയം കേന്ദ്രം ഉന്നയിക്കുന്ന അനാവശ്യ കാര്യങ്ങള്‍ സംസ്ഥാനം നടപ്പിലാക്കില്ലെന്നും അത്തരം ആവശ്യങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.

പദ്ധതിയില്‍ ഒപ്പുവെച്ചതോടെ 1500 കോടിയുടെ എസ്.എസ്.എ ഫണ്ടായിരിക്കും കേരളത്തിന് ലഭ്യമാകുക. മൂന്ന് വര്‍ഷത്തോളം തുടർന്ന എതിര്‍പ്പിന് ശേഷമാണ് കേരള സര്‍ക്കാര്‍ പി.എം ശ്രീയില്‍ ഒപ്പുവെച്ചിരിക്കുന്നത്.

Content Highlight: Kerala govt signed PM Shri scheme

We use cookies to give you the best possible experience. Learn more