| Sunday, 8th June 2025, 6:11 pm

ഭാരതാംബ വിഷയം ചര്‍ച്ചയാക്കേണ്ടതില്ല; അമ്മയെ നമ്മള്‍ ചര്‍ച്ചാ വിഷയം ആക്കുമോ? ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഭാരതാംബ വിഷയത്തില്‍ വിശദീകരണവുമായി കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഭാരത മാത എന്നത് അമ്മയാണെന്നും അമ്മയേക്കുറിച്ച് ആരെങ്കിലും സംവാദമോ ചര്‍ച്ചയോ നടത്തുമോയെന്നും അദ്ദേഹം ചോദിച്ചു.

ഭാരതമാതാവ് എല്ലാത്തിനും മുകളിലാണെന്നും അതൊരിക്കലും ചര്‍ച്ചാ വിഷയമാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതമാതാ കീ ജയ് വിളിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തേയും ഗവര്‍ണര്‍ പ്രശംസിച്ചു. ഭാരത് മാതാവിനെക്കുറിച്ച് ഒരിക്കല്‍ പോലും ചിന്തിക്കാത്തവര്‍ പോലും ഭാരതമാതാവിന് ജയ് വിളിക്കുന്നത് നല്ലൊരു സംഭാവനയാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

‘ഭാരതമാതയെക്കുറിച്ച് ഒരിക്കല്‍ പോലും ചിന്തിക്കാത്തവര്‍ പോലും ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചു. അത് നല്ലൊരു കോണ്‍ട്രിബ്യൂഷന്‍ ആണ്. ഞാനതിനെ അഭിനന്ദിക്കുന്നു. എന്റെ ഒരേയൊരു പ്രശ്‌നം എന്ന് പറയുന്നത് ഭാരത് മാത എന്നത് ഒരു സംവാദത്തിനുള്ള വിഷയം അല്ല എന്നതാണ്. അത് ഒരു ചര്‍ച്ചാ വിഷയമാക്കേണ്ടതില്ല.

എന്റെ അമ്മ എപ്പോഴെങ്കിലും ഒരു ചര്‍ച്ച വിഷയം ആക്കേണ്ടതുണ്ടോ? അതെങ്ങനെ ശരിയാവും? എന്റെ അമ്മ ഒരമ്മയാണ്. അത് എല്ലാത്തിനും മുകളിലാണ്. അതുപോലെ ഭാരത മാത എല്ലാത്തിനും മുകളിലാണ്,’ ആര്‍ലേക്കര്‍ പറഞ്ഞു.

വ്യാഴാഴ്ച പരിസ്ഥിതിദിനാഘോഷവുമായി ബന്ധപ്പെട്ട് രാജ് ഭവനില്‍വെച്ച് നടത്താനിരുന്ന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും ദീപം തെളിയിക്കലും വേണമെന്ന്‌ രാജ് ഭവന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ കൃഷി വകുപ്പ് പരിപാടി റദ്ദാക്കി.

ഒരു കാരണവശാലും സര്‍ക്കാര്‍ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെക്കാന്‍ കഴിയില്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് മറുപടി നല്‍കുകയായിരുന്നു. ഇതോടെയാണ് വിവാദമാരംഭിച്ചത്.

ഭാരതാംബ വിവാദത്തില്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനും ഇന്നലെ ഗവര്‍ണറുടേതിന് സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഒരമ്മ വസ്ത്രം ധരിച്ചാല്‍ ചില മക്കള്‍ക്ക് ഇഷ്ടപ്പെടുകയും ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നത് പോലെയാണ് സംഭവിച്ച തെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

എല്ലാവരും ഭാരതാംബയെ അംഗീകരിക്കുന്നുണ്ടെന്നും ചിന്താക്കുഴപ്പമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്മ പരമ്പരാഗത വസ്ത്രം ധരിക്കണോ ആധുനിക വസ്ത്രം ധരിക്കണോ എന്നത് അംഗീകരിക്കാനുള്ള അവകാശം മക്കളെ സംബന്ധിച്ചിടത്തോളമുണ്ടെന്നും അതിനനുസരിച്ച് തീരുമാനിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.

Content Highlight: Kerala Governor Rajendra  Arlekar give explanation about Bharata Mata issue

We use cookies to give you the best possible experience. Learn more