| Wednesday, 15th July 2026, 5:37 pm

പ്ലീഡര്‍ നിയമനം: കെ.എസ്.യുവിനെ അധിക്ഷേപിച്ച് മുഖ്യമന്ത്രി; മുക്കാല്‍ പിണറായിയെ അല്ല വേണ്ടതെന്ന് കെ.എസ്.യു നേതാവ്

റെന്വര്‍ പി

തിരുവനന്തപുരം: സര്‍ക്കാര്‍ പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും കെ.എസ്.യുവും തമ്മില്‍ തര്‍ക്കം ശക്തമാവുന്നു. പ്ലീഡര്‍ നിയമനത്തെക്കുറിച്ച് കെ.എസ്.യു ഉന്നയിച്ച വിമര്‍ശനങ്ങള്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെ കെ.എസ്.യു പ്രസിഡന്റ് അലോഷ്യസ് സേവ്യറും ട്രഷറര്‍ ആദില്‍ കെ.കെ.ബിയും സര്‍ക്കാര്‍ നിലപാടില്‍ വീണ്ടും വിമര്‍ശനം അറിയിച്ചു. മുഖ്യമന്ത്രിയെയും ആദില്‍ രൂക്ഷമായി വിമര്‍ശിച്ചു.

പ്ലീഡര്‍ നിയമനത്തില്‍ ലോ കോളേജിലെ കെ.എസ്.യു കമ്മിറ്റിക്ക് എന്ത് കാര്യമെന്ന് വി.ഡി. സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചിരുന്നു. പിണറായിയെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ സമരം ചെയ്തത് മുക്കാല്‍ പിണറായിയെ അധികാരത്തിലേറ്റാനല്ലെന്ന് ഇതിന് പിന്നാലെ കെ.എസ്.യു സംസ്ഥാന ട്രഷറര്‍ ആദില്‍ കെ.കെ.ബി മറുപടി നല്‍കി. പ്ലീഡര്‍ നിയമനത്തിലെ പ്രശ്‌നങ്ങള്‍ കമ്മിറ്റിക്ക് കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന സെക്രട്ടറി അലോഷ്യസ് സേവ്യറും അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ പ്ലീഡര്‍മാരില്‍ രണ്ടുപേരുടെ നിയമനത്തിലാണ് കെ.എസ്.യു വിമര്‍ശനം ഉന്നയിക്കുന്നത്. പുതുതായി നിയമിച്ച പ്ലീഡര്‍മാരില്‍ ഒരാള്‍ മുന്‍ എ.ബി.വിപി പ്രവര്‍ത്തകനും ഒരാള്‍ മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകയുമാണെന്ന് കെ.എസ്.യു ചൂണ്ടിക്കാട്ടുന്നു.

ലോ കോളജിലെ കെ.എസ്.യുവിന് പ്ലീഡര്‍ നിയമനത്തില്‍ കാര്യമില്ലെന്ന് മുഖ്യമന്ത്രി

പ്ലീഡര്‍ നിയമന വിഷയത്തില്‍ തന്റെ മുന്നില്‍ പരാതികളൊന്നും വന്നിട്ടില്ലെന്നാണ് ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അവകാശപ്പെട്ടത്. എന്നാല്‍ തിരുവനന്തപുരം ലോ കോളജിലെ കെ.എസ്.യുവും അബിന്‍ വര്‍ക്കിയും ഉള്‍പ്പെടെയുള്ളവര്‍ പരാതികള്‍ ഉന്നയിച്ചെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ‘ അവരൊന്നും അല്ലല്ലോ പ്ലീഡര്‍മാരെ തീരുമാനിക്കുന്നത്,’ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

തിരുവനന്തപുരം ലോ കോളജിലെ കെ.എസ്.യുവിന് പ്ലീഡര്‍മാരെ തീരുമാനിക്കുന്നതില്‍ എന്ത് കാര്യം. അവര്‍ക്കൊന്നും ഒരു കാര്യവുമില്ല. ഈ വിഷയം ഇതോടെ തീര്‍ന്നല്ലോയെന്നും വിഡി സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസുകാരന്‍ ആയിരിക്കണം മുഖ്യമന്ത്രിയെന്ന് ആദില്‍

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് ശേഷം ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആദില്‍ കെ.കെ.ബി തന്റെ വിമര്‍ശനം ഉന്നയിച്ചത്. കോണ്‍ഗ്രസുകാരന്‍ ആയിരിക്കണം മുഖ്യമന്ത്രിയെന്നും തെറ്റ് പറ്റിയതാണെങ്കില്‍ തിരുത്തണമെന്നും ആദില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘കണ്ണും കാതും കയ്യും കാലും നഷ്ടപ്പെട്ടതും പെരുന്നാളും ഓണവും ജയിലില്‍ കഴിഞ്ഞതും ഈ സംഘടനക്ക് വേണ്ടിയാണ്. ക്യാമ്പസുകളില്‍ കെ.എസ്.യു കൊടി പിടിച്ചതിന്റെ പേരില്‍ എസ്.എഫ്.ഐ ആക്രമിച്ച് ജീവന്‍ തന്നെ നഷ്ടപ്പെടും എന്ന് അറിഞ്ഞിട്ടും പോരാട്ടത്തിന് ഇറങ്ങിയത് ഒരു നേതാവിന്റെയും സമ്മതം തേടിയിട്ടല്ല. അത് കൊണ്ട് സമ്മതം ചോദിക്കാതെ തന്നെ ഞങ്ങളെ ആക്രമിച്ചവരുടെ കാര്യത്തില്‍ അഭിപ്രായവും ഉണ്ടാവും,’ ആദില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘നിങ്ങളൊക്കെ ഇരിക്കുന്ന അധികാര കസേര, മുഴുവന്‍ പിണറായിയില്‍ നിന്ന് പിടിച്ചെടുക്കാന്‍ തന്നെയാണ് മുന്നില്‍ നിന്ന് നയിച്ചത്. മുക്കാല്‍ പിണറായിയെ അല്ല അധികാരത്തില്‍ ഇരുത്തിയത്. ..കോണ്‍ഗ്രസുകാരന്‍ ആയിരിക്കണം മുഖ്യമന്ത്രി… തെറ്റ് പറ്റിയതാണെങ്കില്‍ തിരുത്തണം..

അധികാരത്തിനും അഹങ്കാരത്തിനും ഒരുപാട് മുകളില്‍ ആണ് ഈ പാര്‍ട്ടിയും ഇന്ദ്ര നീല പതാകയും.. അധികാരത്തിന്റെ നാളെ ലഭിച്ചേക്കാവുന്ന ശീതളിമ സ്വപ്നം കണ്ട് അധികാര കേന്ദ്രങ്ങള്‍ക്ക് മുന്‍പില്‍ പഞ്ച പുശ്ചമടക്കി മിണ്ടാതെ ഇരിക്കാന്‍ നില്‍ക്കാന്‍ ഈ സംഘടനയുടെ പേര് എസ്.എഫ്.ഐ എന്നല്ല, കെ.എസ്.യു എന്നാണ്. ചോദ്യം ചെയ്തു കൊണ്ടേ ഇരിക്കും,’ ആദില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കെ.എസ്.യുവിന് കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ലെന്ന് അലോഷ്യസ്

അതേസമയം, പ്ലീഡര്‍ നിയമന വിവാദത്തില്‍ തങ്ങള്‍ ആശങ്ക അറിയിച്ചതില്‍ എന്താണ് തെറ്റെന്ന് അലോഷ്യസ് സേവ്യര്‍ ചോദിച്ചു. നിയമന വിവാദത്തില്‍ വസ്തുതകള്‍ നിലനില്‍ക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. അത് കെ.എസ്.യുവിന് കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ലോ കോളജിലെ മുന്‍ യൂണിറ്റ് പ്രസിഡന്റുമാര്‍ അറിയിച്ച ആശങ്ക കേരളത്തിലെ കെ.എസ്.യുക്കാരുടെ കൂടി ആശങ്കയാണെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു. കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് പ്രസിഡന്റ് സംസാരിക്കുന്നത്. പ്രവര്‍ത്തകരുടെ ആശങ്ക സംസ്ഥാന കമ്മിറ്റിയുടെ കൂടി ആശങ്കയാണ്. അത് മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും പ്ലീഡര്‍ നിയമനം അടക്കമുള്ള വിഷയങ്ങളില്‍ അലോഷ്യസ് സേവ്യര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.

വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തിയാക്കി മാറ്റുന്ന നയം അംഗീകരിക്കാനാവില്ല. ഇക്കാലമത്രയും വാദിച്ചതും ശബ്ദമുയര്‍ത്തിയതും കെ.എസ്.യു ആയി തെരുവില്‍ ചോരയൊഴുക്കിയവര്‍ക്കും കേസുകളില്‍ പ്രതിയായവര്‍ക്കും വേണ്ടിയാണെന്നും അന്ന് അലോഷ്യസ് സേവ്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

‘കഴിഞ്ഞ പത്ത് വര്‍ഷക്കാലം പിണറായി സര്‍ക്കാരിനെതിരെ സമരം ചെയ്യാനും പ്രതിഷേധം ഉയര്‍ത്താനും നിരന്തരം വിളിച്ചുകൊണ്ടിരുന്ന നേതാക്കന്മാരുടെ ഫോണുകള്‍ ഇപ്പോള്‍ കെ.എസ്.യു സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി വിളിക്കുമ്പോള്‍ ഇന്‍കമിങ് സ്വീകരിക്കാത്തത് തെറ്റായ പ്രവണതയാണ്,’ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു

സി.പി.ഐ.എമ്മില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും വന്നവര്‍ സ്ഥാനാര്‍ത്ഥിയായിട്ടുണ്ടല്ലോ എന്ന് മുഖ്യമന്ത്രി

പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ അഭിഭാഷക വിഭാഗമായ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് പരാതി പറഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തന്നോടാരും പരാതി പറഞ്ഞിട്ടില്ലൈന്നാണ് ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറഞ്ഞത്.

തനിക്ക് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പരിഗണനയ്ക്കായി സമര്‍പ്പിച്ച ലിസ്റ്റില്‍ വിവാദത്തിലായ ഈ രണ്ടു പേരുകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ പോഷകസംഘടന നല്‍കുന്ന ലിസ്റ്റില്‍ ഒപ്പിടാനല്ലല്ലോ നമ്മള്‍ ഇരിക്കുന്നത്. കോടതിയില്‍ നല്ല അഭിഭാഷകര്‍ വരണമല്ലോ. വിവാദത്തില്‍പ്പെട്ട രണ്ടുപേരും കോംപറ്റീവ് ആയ ലോയേഴ്സാണെന്നും സതീശന്‍ പറഞ്ഞു.

പ്ലീഡര്‍മാര്‍ രണ്ടുപേരും ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസില്‍ അംഗങ്ങളാണെന്നും സതീശന്‍ പറഞ്ഞു. പ്ലീഡറുടെ എസ്.എഫ്.ഐ പശ്ചാത്തലം ചൂണ്ടിക്കാട്ടിയപ്പോള്‍, നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും വന്നവര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായിട്ടുണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു.

Content Highlight: Kerala Government Pleader Appointment: Response From CM VD Satheesann and KSU leaders

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more