| Wednesday, 22nd October 2025, 2:30 pm

കേരള സര്‍ക്കാര്‍ പി.എം ശ്രീ നടപ്പിലാക്കാന്‍ പോകുന്നില്ല; കാവിവത്ക്കരണത്തെ എതിര്‍ക്കും: ബിനോയ് വിശ്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പി.എം ശ്രീ പദ്ധതിയെ എതിര്‍ക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.ഐ.എമ്മിനും സി.പി.ഐയ്ക്കും ഒരേ കാഴ്ചപ്പാടാണ്. അത് ‘ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കാന്‍ സാധ്യമല്ല’ എന്നാണെന്നും ബിനോയ് വിശ്വം പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് കാവിവത്ക്കരണം നടത്താനുള്ള കുറുക്കുവഴിയാണ് പി.എം ശ്രീ എന്നും അദ്ദേഹം പ്രതികരിച്ചു.

പദ്ധതി നടപ്പിലാക്കില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ ബേബി ഖണ്ഡിതമായി പറഞ്ഞിട്ടുണ്ടെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

സി.പി.ഐയെ കുറിച്ച് സി.പി.ഐ.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പരിഹാസ രൂപേണ സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് അരാഷ്ട്രീയതയാണെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ വാദങ്ങള്‍ തെറ്റാണെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

പി.എം ശ്രീ സംബന്ധിച്ച് കാബിനറ്റില്‍ സി.പി.ഐ മന്ത്രിമാര്‍ ആശങ്ക അറിയിച്ചതായും വിവരമുണ്ട്. പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പിടാന്‍ പോകുന്നതായി മാധ്യമങ്ങളില്‍ കാണുന്നു. അക്കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐ മന്ത്രിമാര്‍ അറിയിച്ചതായാണ് വിവരം.

കാബിനറ്റില്‍ പി.എം ശ്രീ വിഷയം ഉന്നയിക്കുകയാണെങ്കില്‍ അതൃപ്തി അറിയിക്കണമെന്ന് സി.പി.ഐ മന്ത്രിമാര്‍ക്ക് ബിനോയ് വിശ്വത്തിന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. പി.എം ശ്രീ നടപ്പിലാക്കുന്നതില്‍ കോണ്‍ഗ്രസിലും അഭിപ്രായ ഭിന്നതയുണ്ട്.

വര്‍ഗീയ അജണ്ട നടപ്പിലാക്കാതെ കേന്ദ്രത്തില്‍ നിന്നുള്ള ഫണ്ട് സ്വീകരിക്കാമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചത്. അതേസമയം പി.എം ശ്രീയില്‍ ചേരുന്നത് സി.പി.ഐ.എം-ബി.ജെ.പി അജണ്ടയെന്ന് കെ.സി. വേണുഗോപാലും പറഞ്ഞു.

പി.എം ശ്രീയില്‍ സമസ്തയും സര്‍ക്കാരിനെതിരെ നിലപാടെടുത്തിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനിവാര്യമാണെന്നത് നിലനില്‍ക്കെ തമിഴ്‌നാട് സ്വീകരിച്ചതിന് സമാനമായി കേരളവും ബദല്‍ മാര്‍ഗം കണ്ടെത്തണമെന്ന് സുപ്രഭാതം ദിനപത്രം എഡിറ്റോറിയലില്‍ വ്യക്തമാക്കി.

Content Highlight: Kerala government is not going to implement PM Shri Mission: Binoy Viswam

We use cookies to give you the best possible experience. Learn more