തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന് പിന്നാലെ ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി സംസ്ഥാന സര്‍ക്കാര്‍. ആചാര സംരക്ഷണം ഉറപ്പാക്കണപ്പെടണമെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചു.
ഈ നിലപാട് സുപ്രീം കോടതിയില്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് (വെള്ളിയാഴ്ച) ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഇതോടെ, ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സി.പി.ഐ.എമ്മും ഇടതുപക്ഷ സര്‍ക്കാരും കൈക്കൊണ്ട മുന്‍ നിലപാടില്‍ നിന്നുമാണ് പിറകോട്ട് പോയിരിക്കുന്നത്.
നാളെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്. അതിനുമുന്നോടിയായാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും യോഗം ചേര്‍ന്നപ്പോള്‍ ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്ന നിലപാട് സ്വീകരിച്ചിരുന്നു. സുപ്രീം കോടതിയില്‍ ഇക്കാര്യം അറിയിക്കാനായിരുന്നു തീരുമാനം. പിന്നാലെയാണ് സര്‍ക്കാരും നിലപാട് മാറ്റിയിരിക്കുന്നത്.
മാര്‍ച്ച് 14ന് ഉള്ളില്‍ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഹരജിയില്‍ വിശദവാദം ഏപ്രില്‍ ഏഴിന് ആരംഭിക്കും.
ശബരിമല യുവതീപ്രവേശനം, മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തേടിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.
2006 ഓഗസ്റ്റില്‍ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ അംഗങ്ങളായ വനിതാ അഭിഭാഷകര്‍ ശബരിമലയിലെ യുവതീപ്രവേശനത്തിന്റെ വിലക്ക് ചോദ്യം ചെയ്ത് ഹരജി സമര്‍പ്പിച്ചതോടെയാണ് വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് തുടക്കമായത്.
മാറി മാറി വന്ന സര്‍ക്കാരുകള്‍ വ്യത്യസ്ത നിപാടുകള്‍ സ്വീകരിച്ചിരുന്നു. ഒടുവില്‍ 2018 സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടത്. പിന്നാലെ കേരളത്തില്‍ യുവതീ പ്രവേശനത്തെ ചൊല്ലി തെരുവുയുദ്ധം തന്നെ അരങ്ങേറിയിരുന്നു.
Content Highlight: Kerala Government changes stance on Sabarimala women’s entry