| Friday, 21st February 2025, 12:07 pm

രണ്ട് റണ്‍സ് ലീഡ്... ചരിത്രം കുറിച്ച് രഞ്ജി ട്രോഫി ഫൈനലിനരികെ കേരളം

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫി ഫൈനലിന്റെ അടുത്തെത്തി കേരളം. നാല് ദിവസം പിന്നിട്ടിട്ടും ഇരുടീമിന്റെയും ആദ്യ ഇന്നിങ്‌സ് അവസാനിക്കാത്തതിനാല്‍ ലീഡ് നേടുന്ന ടീം ഫൈനലിലേക്ക് കുതിക്കുമെന്ന് ഉറപ്പായിരുന്നു. മത്സരത്തിന്റെ അവസാനദിനത്തില്‍ 28 റണ്‍സ് ലീഡുമായി തുടര്‍ന്ന കേരളം ഗുജറാത്തിന്റെ മൂന്ന് വിക്കറ്റ് നേടി ഫൈനലിലേക്ക് കുതിക്കാന്‍ തയാറായിരുന്നു.

അവസാനദിവസം ആദ്യ സെഷന്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ മൂന്ന് വിക്കറ്റും വീഴ്ത്തി കേരളം ഫൈനല്‍ സ്വപ്‌നത്തിലേക്ക് ഒരു ചുവടുകൂടി വെച്ചു. ആദിത്യ സര്‍വാതെയാണ് മൂന്ന് വിക്കറ്റും നേടിയത്. നാലാം ദിനം ക്രിസീല്‍ പാറപോലെ ഉറച്ചുനിന്ന ജയ്മീത് പട്ടേലിനെ വീഴ്ത്തിയാണ് ആദിത്യ കേരളത്തിനാവശ്യമായ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 177 പന്തില്‍ 79 റണ്‍സുമായി നിന്ന ജയ്മീതിനെ അസറുദ്ദീന്‍ സ്റ്റമ്പ് ചെയ്യുകയായിരുന്നു.

ജയ്മീതിന് പിന്തുണ നല്‍കി കഴിഞ്ഞ ദിവസം ക്രീസില്‍ നിലയുറപ്പിച്ച സിദ്ധാര്‍ത്ഥ് ദേശായിയെ സര്‍വാതെ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. 149 പന്ത് നേരിട്ട സിദ്ധാര്‍ത്ഥ് ദേശായി 30 റണ്‍സാണ് നേടിയത്. പിന്നാലെയെത്തിയ അര്‍സന്‍ നഗ്‌വാസ്‌വാലയെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളിലെത്തിച്ച് സര്‍വാതെ കേരളത്തിന്റെ രക്ഷകനായി മാറുകയായിരുന്നു.

ഇനിയുള്ള രണ്ട് സെഷന്‍ പിടിച്ചുനിന്ന് മത്സരം സമനിലയിലാക്കാനാണ് കേരളം ശ്രമിക്കുന്നത്. എന്നാല്‍ കേരളത്തെ ചെറിയ സ്‌കോറില്‍ പുറത്താക്കി മത്സരം വിജയിച്ച് ഫൈനലിലേക്ക് മുന്നേറാനാകും ഗുജറാത്ത് പദ്ധതിയിടുന്നത്.

ആദ്യം ബാറ്റ് ചെയ്ത കേരളം മുഹമ്മദ് അസറുദ്ദീന്റെ സെഞ്ച്വറിക്കരുത്തില്‍ 457 റണ്‍സിന് പുറത്തായി. 341 പന്തില്‍ നിന്ന് 177 റണ്‍സാണ് അസറുദ്ദീന്‍ നേടിയത്. അസറുദ്ദീന് പുറമെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (69), സല്‍മാന്‍ നിസാര്‍ (52) എന്നിവരുടെ ഇന്നിങ്‌സും കേരളത്തിന് കരുത്തേകി. ഗുജറാത്തിനായി നഗ്‌വാസ്‌വാല മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ രവി ബിഷ്ണോയ്, വിശാല്‍ ജയ്സ്വാള്‍, പ്രിയജീത് സിങ് ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. രണ്ട് താരങ്ങള്‍ റണ്‍ ഔട്ടാവുകയായിരുന്നു.

ആദ്യ ഇന്നിങ്‌സിനിറങ്ങിയ ഗുജറാത്ത് തുടക്കം മുതലേ കേരളത്തിന് വലിയ വെല്ലുവിളിയുയര്‍ത്തി. അസറുദ്ദീന്റെ സെഞ്ച്വറിക്ക് ഓപ്പണര്‍ പ്രിയങ്ക് പാഞ്ചലിന്റെ സെഞ്ച്വറിയിലൂടെയാണ് ഗുജറാത്ത് മറുപടി നല്‍കിയത്. പാഞ്ചലിന് പിന്തുണയുമായി ഓപ്പണര്‍ ആര്യ ദേശായി അര്‍ധസെഞ്ച്വറി സ്വന്തമാക്കിയിരുന്നു.

ജലജ് സക്‌സേന, ആദിത്യ സര്‍വാതേ എന്നിവരുടെ ബൗളിങ് കരുത്തിലാണ് കേരളം ഗുജറാത്തിനെ തളച്ചത്. ഇരുവരും നാല് വിക്കറ്റ് വീതം സ്വന്തമാക്കിയിരുന്നു. എം.ഡി. നിധീഷ്, ബേസില്‍ നെടുമണ്‍കുഴി എന്നിവരാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.

നിലവില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച കേരളം ആറ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 19 റണ്‍സ് നേടിയിരിക്കുകയാണ്. 12 റണ്‍സുമായി രോഹന്‍ കുന്നുമ്മലും ആറ് റണ്‍സുമായി അക്ഷയ് ചന്ദ്രനുമാണ് ക്രീസില്‍.

Content Highlight: Kerala got two runs lead against Gujarath in Ranji Trophy Semi Final

We use cookies to give you the best possible experience. Learn more