| Thursday, 19th May 2016, 12:44 pm

നിലമ്പൂരില്‍ അട്ടിമറി വിജയം: എല്‍.ഡി.എഫിന്റെ സ്വതന്ത്ര പരീക്ഷണം വിജയിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: നിലമ്പൂരില്‍ എല്‍.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന് വിജയം. 11504 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്‍വറിന്റെ ജയം. 77858 വോട്ടാണ് അന്‍വര്‍ നേടിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് 66354 വോട്ടുകള്‍ ലഭിച്ചു.

രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ നിയമസഭാ മണ്ഡലങ്ങളിലൊന്നായിരുന്നു മലപ്പുറം ജില്ലയിലെ നിലമ്പൂര്‍. ദീര്‍ഘകാലം നിലമ്പൂരിനെ പ്രതിനിധീകരിച്ച ആര്യാടന്‍ മുഹമ്മദ് പിന്മാറുകയും മകന്‍ ഷൗക്കത്തിനെ മത്സരംഗത്തേക്ക് ഇറക്കുകയും ചെയ്യുകയായിരുന്നു.

അതുകൊണ്ട് ആര്യാടന്‍ ഷൗക്കത്തിനിത് തന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. കന്നിമത്സരത്തില്‍ കരകയറിയാല്‍ മന്ത്രിസ്ഥാനത്തിനു വരെ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെട്ടിരുന്നു.

ജില്ലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന വണ്ടൂരും നിലമ്പൂരും മാത്രമേ കോണ്‍ഗ്രസിന് തന്നെ പ്രതീക്ഷയുണ്ടായിരുന്നുള്ളൂ.

ഷൗക്കത്തിനെതിരേ വ്യവസായിയായ അന്‍വറിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുകയെന്ന തന്ത്രമായിരുന്നു ഇവിടെ എല്‍.ഡി.എഫ് സ്വീകരിച്ചത്. പി.വി. അന്‍വര്‍ 2011ല്‍ ഏറനാട് നിയമസഭാ മണ്ഡലത്തിലും 2014ല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലും സ്വതന്ത്രസ്ഥാനാര്‍ഥിയായിരുന്നു. എസ്.എന്‍.ഡി.പി യൂണിയന്‍ നിലമ്പൂര്‍ താലൂക്ക് സെക്രട്ടറി ഗിരീഷ് മേക്കാട്ട് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായും  എസ.്ഡി.പി.ഐ സ്ഥാനാര്‍ഥിയായി ബാബുമണിയും ജനവിധി തേടിയിരുന്നു.

എല്‍.ഡി.എഫില്‍ നിന്ന് നിലമ്പൂര്‍ പിടിച്ചുവാങ്ങിയ ആര്യാടന്‍ മുഹമ്മദ് 1987 മുതല്‍ ഇവിടെ പരാജയമറിഞ്ഞിരുന്നില്ല. നിലമ്പൂര്‍ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകല്‍, വഴിക്കടവ് പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണു നിലമ്പൂര്‍ മണ്ഡലം. തദ്ദേശതെരഞ്ഞെടുപ്പില്‍ കരുളായി, മൂത്തേടം, വഴിക്കടവ് പഞ്ചായത്തുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു.

കഴിഞ്ഞതവണ മുഴുവന്‍ പഞ്ചായത്തുകളുടെയും ഭരണം കോണ്‍ഗ്രസിനായിരുന്നു. കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളായിരുന്ന ചാലിയാര്‍, ചോക്കാട്, കാളികാവ് പഞ്ചായത്തുകള്‍ കഴിഞ്ഞതവണയാണു നിലമ്പൂര്‍ മണ്ഡലത്തില്‍നിന്നു പോയത്. ചാലിയാറും ചോക്കാടും ഇപ്പോള്‍ ഏറനാട് മണ്ഡലത്തിലും കാളികാവ് വണ്ടൂര്‍ മണ്ഡലത്തിലുമാണ്.

ബി.ഡി.ജെ.എസിന്റെ ഉദയത്തോടെ ബി.ജെ.പി വോട്ടുകള്‍ക്കൊപ്പം സമുദായ വോട്ടുകളും അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു എസ്.എന്‍.ഡി.പി യൂണിയന്‍ ഭാരവാഹി കൂടിയായ എന്‍.ഡി.എ സ്ഥാനാര്‍ഥി ഗിരീഷ് മേക്കാട്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 4425 വോട്ടുകളാണു ലഭിച്ചത്. തദ്ദേശതെരഞ്ഞെടുപ്പില്‍ എടക്കര പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ജയിക്കുകയും ചെയ്തിരുന്നു.

ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പു പോലും കടക്കാത്തയാളാണ് നിലമ്പൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെന്ന ആക്ഷേപം തുടക്കത്തില്‍ എല്‍.ഡി.എഫിനുള്ളില്‍ നിന്നും നേരിട്ടിരുന്നു. കെട്ടിയിറക്കപ്പെട്ട ഈ സ്ഥാനാര്‍ഥിക്കെതിരേ സി.പി.ഐ.എമ്മിനകത്തു നിന്നുതന്നെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. നിലമ്പൂര്‍ സീറ്റ് വിലയ്ക്കു വിറ്റതാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീടുള്ള എല്‍.ഡി.എഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനം മണ്ഡലത്തില്‍ മുന്നണിക്ക് അട്ടിമറി വിജയം സമ്മാനിക്കുകയായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ ഇടതുവലത് മുന്നണികള്‍ക്കെതിരേ സ്വതന്ത്രനായി മത്സരിച്ചയാളായിരുന്നു അന്‍വര്‍. അതുകഴിഞ്ഞ് ലോക്‌സഭാ ഇലക്ഷനില്‍ വയനാട്ടിലും സ്വതന്ത്രനായി മത്സരിച്ചിരുന്നു.
ഭൂരിപക്ഷം: 11504

എല്‍.ഡി.എഫ്: പി.വി അന്‍വര്‍ : 77858

യു.ഡി.എഫ്: ആര്യാടന്‍ ഷൗക്കത്ത് : 66354

എന്‍.ഡി.എ: ഗിരിഷ് മേക്കാട്ട് : 12284

എസ്.ഡി.പി.ഐ: കെ. ബാബുമണി : 4751

നോട്ട : 1256

We use cookies to give you the best possible experience. Learn more