| Saturday, 25th August 2018, 5:34 pm

പ്രളയക്കെടുതിയില്‍ നിന്നും നിരവധി പേരെ രക്ഷിച്ച ആ 'അതി പ്രധാന മെസ്സേജുകളുടെ' തുടക്കക്കാരന്‍ സംസാരിക്കുന്നു

അനസ്‌ പി

സംസ്ഥാനം അതി രൂക്ഷമായ പ്രളയക്കെടുതിയില്‍ അകപ്പെട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തന രംഗത്ത് നിര്‍ണ്ണായകമായ പങ്കാണ് സോഷ്യല്‍മീഡിയ വഹിച്ചത്. നിരവധി പേരാണ് ഈ സമയങ്ങളില്‍ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും മാറ്റിവെച്ച് സോഷ്യല്‍മീഡിയകളിലൂടെ വിവരങ്ങള്‍ കൈമാറിക്കൊണ്ടിരുന്നത്. വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ടുപോയവരുടെ വിവരങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കൃത്യമായി എത്തിച്ചുകൊടുക്കുന്നതില്‍ കേരളത്തിലെ യുവതലമുറ നടത്തിയ ഈ ഇടപെടലിന് ലോകത്ത് തന്നെ മുന്‍ മാതൃകകളില്ലെന്നാണ് പറയപ്പെടുന്നത്.

രക്ഷാപ്രവര്‍ത്തന സന്ദേശങ്ങളെ ഏകോപിപ്പിക്കുകയും വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തി ബന്ധപ്പെട്ടവര്‍ക്ക് കൈമാറുകയും ചെയ്യുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച ഒരു കൂട്ടമായിരുന്നു പ്രളയസമയത്ത് സോഷ്യല്‍മീഡിയയില്‍ രൂപീകരിക്കപ്പെട്ട “യുണൈറ്റ് കേരള” എന്ന യുവാക്കളുടെ കൂട്ടായ്മ. നിരവധി പേരെ സുരക്ഷിതരാക്കാന്‍ സാധിച്ച ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ശ്രീചിത്രന്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

സൈബര്‍ രക്ഷാപ്രവര്‍ത്തനം എന്ന ഒരു രീതി ആവിഷ്‌കരിക്കപ്പെട്ടത് ഏത് ഘട്ടത്തിലായിരുന്നു?

പ്രളയത്തിന്റെ തുടക്കത്തില്‍ തന്നെ മണ്ണാര്‍ക്കാടുള്ള എന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. ഓഗസ്റ്റ് പതിനാറാം തിയ്യതി പുലര്‍ച്ചെ മൂന്നു മണിയ്ക്ക് വീട്ടില്‍ വെള്ളം കയറുമ്പോള്‍ ഭാര്യയുടെയും കുട്ടികളുടെയുമൊപ്പം വീട് ഉപേക്ഷിച്ച് രക്ഷപ്പെടേണ്ടി വന്നയാളാണ് ഞാന്‍. എന്തു ചെയ്യണമെന്നറിയാതെ വളരെ പാനിക് ആയിപ്പോയ നിമിഷങ്ങളായിരുന്നു അത്. സുരക്ഷിതമായ ഒരിടത്തെത്തിയതുമുതല്‍ ആലോചിച്ചത് ബാക്കിയുള്ളവരെക്കുറിച്ചായിരുന്നു. ഇനിയും അകപ്പെട്ടിരിക്കുന്നവരെ രക്ഷപ്പെടുത്താന്‍ പ്രായോഗികമായി എന്തു ചെയ്യുമന്ന് ചിന്തിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്തിലെ ചെറുപ്പക്കാരുടെ കൂട്ടമായ യുവസമിതിയുമായി ചേര്‍ന്നൊക്കെ ആലോചിച്ചു. എന്ത് സഹായമാണ് ചെയ്യേണ്ടതെന്ന കൃത്യമായ ഗൈഡ്ലൈന്‍ ഉണ്ടായിരുന്നില്ല. പക്ഷെ അന്ന് വൈകുന്നേരം ആയപ്പോഴേക്കും ഫേസ്ബുക്കിലൂടെ സഹായമാവശ്യപ്പെടുന്നതിനെ കുറിച്ച് ആലോചിച്ചു. അങ്ങനെയാണ് ഞാന്‍ “ഇന്ന് ഉറക്കമൊഴിച്ച് എന്നോടൊപ്പം തയ്യാറുള്ള ആരൊക്കെയുണ്ട്” എന്ന് പറഞ്ഞ് എഫ്.ബിയില്‍ ഒരു പോസ്റ്റിടുന്നത്. അതായിരുന്നു വിവരശേഖരണങ്ങളുടെ തുടക്കം.

എങ്ങനെയാണ് വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങിയത്, ആരില്‍ നിന്നെല്ലാമാണ് പിന്തുണ ലഭിച്ചത് ?

ജാതി,മതം, വര്‍ഗ്ഗം, ലിംഗം, ഒന്നും വ്യത്യാസമില്ലാതെ മനുഷ്യരൊന്നാകെ നിലവിളിക്കുന്ന സമയത്ത് സംഭവിച്ച ഒരു കൂട്ടായ്മയാണിത്. അതുകൊണ്ടു തന്നെ നൂറു കണക്കിന് മനുഷ്യരാണ് മറ്റെല്ലാം മാറ്റിവെച്ച് മുന്നോട്ടു വന്നത്. അങ്ങനെ തുടക്കത്തിലൊരു ടീം രൂപപ്പെട്ടു വന്നു. ക്രമേണ വിവിധ ഗ്രൂപ്പുകളായി തിരിയുകയും വിവരങ്ങള്‍ ശേഖരിക്കാനും തുടങ്ങി. ശേഖരിക്കുന്ന വിവരങ്ങളെല്ലാം തന്നെ എല്ലാവര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ ഗൂഗിള്‍ സ്പ്രെഡ് ഷീറ്റുകളില്‍ ക്രോഡീകരിക്കുകയും ചെയ്തു. പലയിടങ്ങളില്‍ ചിതറിക്കിടക്കുകയും അപ്ഡേറ്റ് ചെയ്യപ്പെടാതിരിക്കുകയും യഥാര്‍ത്ഥമാണോ എന്ന് ഉറപ്പുവരുത്തപ്പെടാതിരിക്കുകയും ചെയ്തിരുന്ന വിവരങ്ങളെ പരമാവധി ആധികാരികതയില്‍ ക്രോഡീകരിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നു.

രക്ഷാപ്രവര്‍ത്തനം ആവശ്യമുള്ള ആളുകളെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങളെല്ലാം ഒരു കമ്മന്റായി നല്‍കുന്നതിനുള്ള അഭ്യര്‍ത്ഥനയാണ് ആദ്യം നടത്തിയത്. ഒമ്പതിനായിരത്തിനടുത്ത് കമന്റുകളാണ് ലഭിച്ചത്. ഇവയെല്ലാം തന്നെ 700-800 പേരടങ്ങുന്നവര്‍ ആറുഗ്രൂപ്പുകളായി തിരിഞ്ഞ് കോള്‍ സെന്ററുകള്‍ പോലെ പ്രവര്‍ത്തിച്ച് വിളിച്ച് ഉറപ്പു വരുത്തി. അതില്‍ നിന്നും ഉറപ്പുള്ള കേസുകള്‍ ചേര്‍ത്ത് വീണ്ടും ലിസ്റ്റ് തയ്യാറാക്കി.

ഈ ലിസ്റ്റിനനുസരിച്ച് പ്രവര്‍ത്തിക്കാനായി എമര്‍ജെന്‍സി സെല്‍ എന്ന രീതിയില്‍ നൂറുപേരുടെ പ്രത്യേക ടീമിനെ രൂപീകരിച്ചു. ഈ ടീം ഇതില്‍ നിന്നും പ്രയോറിറ്റി ലിസ്റ്റ് രൂപപ്പെടുത്തി. ഏറ്റവും എമര്‍ജന്‍സിയായ കേസുകള്‍ അതായത് കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുന്നവ, മൃതദേഹവുമായി കുടുങ്ങിക്കിടക്കുന്നവര്‍, കുട്ടികളെ എടുത്തു നില്‍ക്കുന്ന അമ്മമാര്‍ ഉള്‍പ്പടെ അടിയന്തരമായി രക്ഷപ്പെടുത്തേണ്ടവരുടെ ലിസ്റ്റ് പ്രത്യേകം ഉണ്ടാക്കി.

പതിനാറാം തിയ്യതിയ്ക്ക് ശേഷം ഒരോ ദിവസം കഴിയുന്നതിനനുസരിച്ച് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വലുതായി വന്നു. ഒരോ ദിവസം രാത്രിയിലും “ഉറക്കമൊഴിയാന്‍” താത്പര്യമുള്ളവരെ വേണമെന്നാവശ്യപ്പെട്ടു കൊണ്ട് പോസ്റ്റുകളിട്ടിരുന്നു. എന്നാല്‍ ഒരു പതിനഞ്ചു മിനുട്ട് കഴിയുമ്പോഴേക്കും ഈ പോസ്റ്റുകളെല്ലാം ഹൈഡ് ചെയ്തിരുന്നു. കാരണം ഉറക്കമൊഴിയാന്‍ തയ്യാറുള്ള ആളുകളുടെ എണ്ണം കൂടി എന്നതായിരുന്നു.

“യുണൈറ്റ് കേരള” രൂപീകരിക്കപ്പെട്ടത് എങ്ങനെയാണ് ?

പതിനേഴാം തിയ്യതി ആയപ്പോഴേക്കും ഞങ്ങള്‍ക്ക് പ്രവര്‍ത്തന രീതി സംബന്ധിച്ച് ഒരു ധാരണ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു. അങ്ങനെ ഒരു വെബ്സൈറ്റ് അടിയന്തരമായി രൂപീകരിക്കാന്‍ സാധിച്ചു. “യുണൈറ്റ് കേരള”എന്ന പേരിലത് രൂപീകരിച്ചു. ഈ വെബ്സൈറ്റിനകത്ത് കിട്ടിയ വിവരങ്ങളെല്ലാം അപ്ഡേറ്റ് ചെയ്തു. ഇതിനിടയില്‍ റെസ്‌ക്യു മിഷന്‍ കൈകാര്യം ചെയ്യുന്നത് ഒരു വിഭാഗമായി തിരിയുകയും ബാക്കിയുള്ളവര്‍ മറ്റു പലതരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു.

ഇതില്‍ ഭക്ഷണവിതരണം ഏകോപിപ്പിക്കുന്നത് പ്രധാനപ്പെട്ടതായിരുന്നു. പലയിടത്തും വ്യാജവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഭക്ഷണം പാചകം ചെയ്ത് പാഴായി പോകുന്ന സ്ഥിതിയുണ്ടായിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി സൈറ്റില്‍ രണ്ടു സ്ലോട്ടുകളുണ്ടാക്കി. ഇതിലൊന്നില്‍ എത്ര ഭക്ഷണം ആവശ്യമുണ്ട്, ഇത്ര പേര്‍ക്ക് വേണം, എത്താനുള്ള മാര്‍ഗം എന്നീ റിക്വയര്‍മെന്റുകള്‍ ഉള്‍പ്പെടുത്തി. രണ്ടാമത്തേതില്‍ ഭക്ഷണം പ്രൊവൈഡ് ചെയ്യുന്നവര്‍ക്ക് കൈയിലുള്ള ഭക്ഷണം, സ്ഥലം വളണ്ടിയര്‍മാര്‍.. എന്നീ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ള അവസരുണ്ടാക്കി.

സംസ്ഥാനാടിസ്ഥാനത്തില്‍ മാത്രമല്ല വിദേശ രാജ്യങ്ങളില്‍ പോലുമുള്ള നൂറുക്കണക്കിന് പേരുടെ കൂട്ടായ്മ ഈ രണ്ടു ഗ്രൂപ്പുകളെയും കണക്ട് ചെയ്യാനായി ഇരുന്നു. ഭക്ഷണം വേണ്ടയാളുകളെ വിതരണക്കാരുമായി ബന്ധിപ്പിക്കാന്‍ ഇവര്‍ക്ക് സാധിച്ചു.

കിട്ടുന്ന വിവരങ്ങളുടെ ആധികാരികത എങ്ങനെയാണ് ഉറപ്പു വരുത്തിയിരുന്നത് ?

മൂന്നു നാല് ഘടകങ്ങള്‍ പരിശോധിച്ചാണ് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയത്. ആദ്യം കിട്ടിയ നമ്പറില്‍ വിളിച്ചു നോക്കും. ഫോണ്‍ എടുക്കുകയാണെങ്കില്‍ കൃത്യമായ വിവരം അപ്പോള്‍ തന്നെ കിട്ടും. ചിലത് വിളിച്ചാല്‍ കിട്ടില്ല. ഇത്തരം സംഭവങ്ങളില്‍ ഗൂഗിള്‍ ലാറ്റിറ്റിയൂഡ് ഉപയോഗിച്ച് ഫോണ്‍ നില്‍ക്കുന്ന സ്ഥലം ലൊക്കേറ്റ് ചെയ്യും. മൂന്നാമതായി കുടുങ്ങിക്കിടക്കുന്നവരെ കുറിച്ച് വിവരം തന്നവരില്‍ നിന്ന് വിവരം ശേഖരിക്കും. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചാണ് ഓരോ കേസുകളും എത്രത്തോളം ഗുരുതരമാണെന്ന് വിലയിരുത്തുക. ഇതനുസരിച്ച് കാര്യങ്ങള്‍ സ്‌പ്രെഡ്ഷീറ്റില്‍ അപ്‌ഡേറ്റ് ചെയ്യുകയും അടിയന്തരപ്രധാന്യമനുസരിച്ച് ബന്ധപ്പെട്ടവര്‍ക്ക് കൈമാറുകയും ചെയ്യും.

ആര്‍ക്കെല്ലാമാണ് വിവരങ്ങള്‍ കൈമാറിയിരുന്നത് ?

മുഖ്യമന്ത്രിയുടെ ഓഫീസ്, വ്യോമസേന, നേവി, കരസേന തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് ഇത്തരത്തില്‍ ക്രെഡിബിള്‍ എന്ന് ഉറപ്പുള്ള വിവരങ്ങള്‍ കൈമാറിയത്. പ്രധാനമായും എയര്‍ലിഫ്റ്റിങ് രംഗത്താണ് ഈ വിവരങ്ങള്‍ കൂടുതല്‍ ഉപകരിക്കപ്പെട്ടത്. നാലാമത്തെ ദിവസമായപ്പോഴേക്കും മത്സ്യത്തൊഴിലാളികളുമായും ബന്ധം ഉണ്ടാക്കിയിരുന്നു. കൃത്യം വിവരമുള്ള കേസുകളാണ് മത്സ്യത്തൊഴിലാളികള്‍ക്ക് കൈമാറിയത്.

സര്‍ക്കാര്‍ മെഷിനറികള്‍ കൂടുതലും ഗ്രൗണ്ട് ലെവലില്‍ ഫോക്കസ് ചെയ്തു എന്നതിനാല്‍ റെസ്‌ക്യു മിഷനില്‍ വിവരങ്ങള്‍ കൈമാറുന്നിടത്ത് പതിനാറ് മുതല്‍ പത്തൊമ്പത് വരെയുള്ള ദിവസങ്ങളിലാണ് ഞങ്ങളുടെ സേവനം കൂടുതല്‍ ആവശ്യമായി വന്നിരുന്നത്.

ഏത്ര പേരുടെ വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറിയിരുന്നു ?

5700 ഓളം പേരുടെ വിവരങ്ങള്‍ റെസ്‌ക്യൂ മിഷന് കൈമാറിയിരുന്നു. ഇതിലെല്ലാവരും തന്നെ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് വിളിച്ചു ചോദിച്ചപ്പോള്‍ വ്യക്തമായത്. ഇത്രയും പേര്‍ രക്ഷപ്പെട്ടതില്‍ എവിടെയോ ഞങ്ങളുടെ പങ്കുണ്ടെന്നാണ് വിശ്വസിക്കുന്നത്. ചാലക്കുടി, അങ്കമാലി, ആലുവ, കാലടി, ചെങ്ങന്നൂര്‍ ഈ സ്ഥലങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് കൂടുതലും കൈമാറിയത്. പ്രധാനമായും ചെങ്ങന്നൂരായിരുന്നു.

വിവരശേഖരണത്തിലും ദുരിതാശ്വാസപ്രവര്‍ത്തന രംഗത്തും നിരവധി പേര്‍ പ്രവര്‍ത്തിച്ചിരുന്നു ഇവരുമായി ഏകോപനം ഉണ്ടായിരുന്നോ ?

കേരളത്തിലെ ചെറുപ്പക്കാര്‍ എത്രകണ്ട് പ്രതിബദ്ധരാണെന്ന് വ്യക്തമാകുന്ന സമയമായിരുന്നു ഇത്. ഏകദേശം ഒരു പന്ത്രണ്ടോളം ഗ്രൂപ്പുകള്‍ പല സ്ഥലത്തായി ഇത്തരം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദ് സര്‍വകലാശാല, ദല്‍ഹി സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള വിദ്യാര്‍ത്ഥി സംഘങ്ങള്‍ സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കോഴിക്കോട് മുന്‍ കലക്ടര്‍ പ്രശാന്ത് നായരുടെ നേതൃത്വത്തിലുള്ള ഒരു സംഘവും ഇതുപോലെ വിവരശേഖരണം നടത്തിയിട്ടുണ്ട്. വിവരം ശേഖരിക്കുന്ന രീതികളില്‍ വ്യത്യാസമുണ്ടായിരിക്കാം പക്ഷെ ഒരേ പണി തന്നെയാണ് ഈ പറഞ്ഞവരെല്ലാം ചെയ്തത്.

രക്ഷാപ്രവര്‍ത്തകരുമായി നേരിട്ട് ബന്ധം ഇല്ലാതിരുന്നതിനാല്‍ പല സന്ദര്‍ഭങ്ങളിലും ഞങ്ങളിലൂടെയാണ് ഈ വിവരങ്ങളെല്ലാം കൈമാറിയിരുന്നത്. കിട്ടുന്ന വിവരങ്ങളുടെ ക്രെഡിബിലിറ്റി പരിശോധിക്കുന്നതിനായി ഇപ്പറഞ്ഞ ഗ്രൂപ്പുകള്‍ക്കിടയില്‍ വേറെയും സഹകരണമുണ്ടായിരുന്നു. വിദേശത്ത് നിന്നടക്കമുള്ളവര്‍ ചേര്‍ന്നാണ് ഇക്കാര്യങ്ങള്‍ ചെയ്തത്. ഇവര്‍ക്കെല്ലാം ചെയ്യാന്‍ പണിയുണ്ടായിരുന്നു എന്നുള്ളതാണ്. “എല്ലാവര്‍ക്കും ചെയ്യാന്‍ പണിയുണ്ട്.” അതായിരുന്നു ഈ സമയത്തെ ഞങ്ങളുടെ മുദ്രാവാക്യം തന്നെ.

സംസ്ഥാനത്തെ മൊത്തം ദുരിതാശ്വാസ ക്യാമ്പുകളുടെ ഡയറക്ടറി ഞങ്ങളുടെ സൈറ്റില്‍ ഉണ്ടാക്കിയിരുന്നു. ക്യാമ്പ് കോര്‍ഡിനേഷനായി പന്ത്രണ്ട് പേര്‍ ടീമിലുണ്ടായിരുന്നു. ഏതെങ്കിലും ക്യാമ്പിന്റെ നമ്പര്‍ കിട്ടണമെങ്കില്‍ അവരെ മാത്രം വിളിച്ചാല്‍ മതിയായിരുന്നു.

പിന്നെ മിസ്സിംഗ് കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. “മിസ്സിങ് ഡിസ്‌കവറി ഗ്രൂപ്പ്” എന്നായിരുന്നു ഇതിന്റെ പേര്. വെള്ളത്തില്‍ അകപ്പെട്ടവരെ മാത്രമായിരുന്നില്ല കണ്ടെടുക്കാനുണ്ടായത്. പല ക്യാമ്പുകളിലും പോയി പെട്ടു കിടക്കുന്ന കുട്ടികള്‍െയുണ്ടായിരുന്നു. ഗൂഗിള്‍ ലാറ്റിറ്റിയൂഡ് ഉപയോഗിച്ച് ആളുകളെ ലൊക്കേറ്റ് ചെയ്യുകയും വിവിധ മൊബൈല്‍ കമ്പനികളുമായി ബന്ധം ഉണ്ടാക്കുകയും ചെയ്തു. പിന്നീടവരുടെ കൃത്യം ലൊക്കേഷന്‍ ശ്രമിച്ചു. ഇങ്ങനെ ആ പരിസരത്തുള്ള ക്യാമ്പുകളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുകയും പലരെയും കണ്ടെത്താനും സാധിച്ചു. വിദേശത്തടക്കമുള്ളവരുടെ സഹായത്തോടെയാണ് ഇവയെല്ലാം ചെയ്തിരുന്നത്.

ഇനി കേരളത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രക്രിയയില്‍ “യുണൈറ്റ് കേരള”യുടെ സംഭാവന എന്തായിരിക്കും ?

ഈ ഗ്രൂപ്പിലിപ്പോള്‍ മുവ്വായിരത്തിലധികം പേരുണ്ട് പലര്‍ക്കും മിക്കവര്‍ക്കും പരസ്പരം അറിയില്ല. ഈ ദിവസങ്ങളില്‍ ആരും പരിചയപ്പെടാന്‍ ശ്രമിച്ചിട്ടില്ല. കാരണം പരിചയപ്പെടാന്‍ ഒരു സമയം പാഴാക്കാന്‍ ഉണ്ടായിരുന്നില്ല എന്നതാണ്. എന്നാലിനി ഗ്രൂപ്പിനെയൊരു post disaster management ടീമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. പ്രളയശേഷം വീടുകളിലെത്തുന്നവര്‍ക്ക് ശാസ്ത്രീയമായ നിര്‍ദേശങ്ങള്‍ നല്‍കുക ഉള്‍പ്പടെയാണ് ലക്ഷ്യം. ഇനി ഗ്രൂപ്പിനെ വെബ് ഡിസൈനര്‍മാര്‍, വീഡിയോ വളണ്ടിയര്‍മാര്‍, സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യുന്നവര്‍, ജനങ്ങളിലേക്ക് നേരിട്ടിറങ്ങി പ്രവര്‍ത്തിക്കുന്നവര്‍, സയന്‍സ് വിങ് എന്നിങ്ങനെ പല കാര്യങ്ങളാക്കി തിരിക്കാനാണ് ഉദ്ദേശിക്കുന്നത്.

അനസ്‌ പി

ഡൂള്‍ന്യൂസ്, സബ്എഡിറ്റര്‍

We use cookies to give you the best possible experience. Learn more