| Wednesday, 30th July 2025, 10:16 pm

സര്‍ക്കാരിന് 36 കോടി രൂപ ലാഭവിഹിതം കൈമാറി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ലാഭവിഹിതമായ 36.01 കോടി രൂപ സര്‍ക്കാരിന് കൈമാറി. ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍, ചീഫ് സെക്രട്ടറിയും കെ.എഫ്.സി ചെയര്‍മാനുമായ ഡോ. എ. ജയതിലക് ഐ.എ.എസില്‍ നിന്നും ലാഭവിഹിതത്തിന്റെ ചെക്ക് ഏറ്റുവാങ്ങി.

സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് അഞ്ച് ശതമാനം മുതലുള്ള പലിശനിരക്കില്‍ വായ്പകള്‍ നല്‍കുന്ന ഒരു പൊതുമേഖലാധനകാര്യസ്ഥാപനം പുരോഗതിയുടെ പാതയിലാകുന്നത് തീര്‍ച്ചയായും സന്തോഷകരമായ കാര്യമാണെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ കെ.എഫ്.സി രേഖപ്പെടുത്തിയത് കോര്‍പറേഷന്റെ 72 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. 2024-25 സാമ്പത്തികവര്‍ഷത്തിലെ അറ്റാദായം 98.16 കോടി രൂപയാണ്.

തൊട്ട് മുമ്പുള്ള വര്‍ഷത്തെ വാര്‍ഷികലാഭത്തില്‍ നിന്നും 32.56% വര്‍ധനവാണ് ഇക്കുറി രേഖപ്പെടുത്തിയത്. കോര്‍പ്പറേഷന്റെ വായ്പാ ആസ്തി ആദ്യമായി 8,000 കോടി രൂപ കടന്ന് 8011.99 കോടി രൂപയിലെത്തി. ഇതോടൊപ്പം മൊത്ത ആസ്തി (Net worth) 1328.83 കോടി രൂപയായി വര്‍ദ്ധിച്ചത് കെ.എഫ്.സിയുടെ വളര്‍ച്ചയെ സൂചിപ്പിക്കുന്നു.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ 200 കോടി രൂപയുടെ ഓഹരി മൂലധനം നിക്ഷേപിച്ചത് കെ.എഫ്.സിയുടെ മൂലധന പര്യാപ്തതാ അനുപാതം (CRAR) 28.26% ആയി വര്‍ധിക്കാന്‍ സഹായകമായി. കൂടാതെ മൊത്തം നിഷ്‌ക്രിയ ആസ്തി (Gross NPA) 2.67% ആയും (2.88% ആയിരുന്നത്) അറ്റ നിഷ്‌ക്രിയ ആസ്തി (Net NPA) 0.61% ആയും (0.68% ആയിരുന്നത്) കുറച്ച് ആസ്തി ഗുണമേന്മയിലും കെ.എഫ്.സി ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.

കെ.എഫ്.സി മാനേജിങ് ഡയറക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ്, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ പ്രേംനാഥ് രവീന്ദ്രനാഥ്, ജനറല്‍ മാനേജര്‍മാരായ രഞ്ജിത് കുമാര്‍ ഇ.ആര്‍, അജിത് കുമാര്‍ കേശവന്‍, ഫിനാന്‍സ് കണ്ട്രോളര്‍ സോയ കെ, ജീവനക്കാരുടെ പ്രതിനിധികളായ പ്രകാശ് വി.എസ് (ഡെ. ജനറല്‍ മാനേജര്‍), അജികുമാര്‍ പി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Content Highlight: Kerala Financial Corporation hands over Rs 36 crore as dividend to the government

Latest Stories

We use cookies to give you the best possible experience. Learn more