തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പുവച്ചതിനാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ തുടരാന്‍ നിര്‍ബന്ധിതരായെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം തെറ്റെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മുന്‍ സര്‍ക്കാര്‍ നിര്‍ത്തി വച്ച പി.എം. ശ്രീ സ്‌കൂള്‍ പദ്ധതി തുടരണോ വേണ്ടയോ എന്നത് യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനമാണെന്നും ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
പി.എം. ശ്രീ സ്‌കൂള്‍ പദ്ധതിയും സമഗ്ര ശിക്ഷാ കേരളം പദ്ധതിയും (എസ്.എസ്.കെ) രണ്ട് വ്യത്യസ്ത പദ്ധതികളാണെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. എസ്.എസ്.കെയ്ക്ക് ലഭിച്ച ഫണ്ട് പി.എം ശ്രീയുമായി യാതൊരു ബന്ധവുമില്ലാത്തതും നിര്‍ബന്ധമായി ലഭിക്കേണ്ടതുമാണെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാര്‍ പി.എം. ശ്രീയില്‍ ഒപ്പുവയ്ക്കുകയും കേന്ദ്രത്തില്‍ നിന്നുള്ള ഫണ്ട് വാങ്ങുകയും ചെയ്തതിനാല്‍ പദ്ധതിയില്‍ തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരായെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞിരുന്നു. പി.എം. ശ്രീ പദ്ധതിയില്‍ തുടരാനുള്ള മന്ത്രിസഭാ യോഗ തീരുമാനം വിശദീകരിക്കവെയായിരുന്നു സതീശന്‍ ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ മുന്‍ സര്‍ക്കാരിന് പി.എം. ശ്രീ പദ്ധതിയുടെ ഫണ്ട് ലഭിച്ചെന്നും അതിനാല്‍ ഈ സര്‍ക്കാരും അത് തുടരണമെന്നുമുള്ള വി.ഡി. സതീശന്റെ വാദം തികച്ചും കള്ളമാണെന്ന് വി.ശിവന്‍കുട്ടി പറഞ്ഞു. പി.എം. ശ്രീ ഫണ്ട് വാങ്ങുന്നത് പോയിട്ട്, ഏതൊക്കെ സ്‌കൂളുകള്‍ ആണ് ഈ പദ്ധതിയില്‍ വരേണ്ടത് എന്നുള്ള കാര്യം പോലും ഇടതു സര്‍ക്കാര്‍ ആലോചിച്ചിട്ടു പോലുമില്ല. സര്‍ക്കാരുകള്‍ തുടര്‍ച്ചയാണ്, അത് കൊണ്ട് മുന്‍ സര്‍ക്കാര്‍ ചെയ്തത് നിലവിലുള്ള സര്‍ക്കാര്‍ തുടരേണ്ടതുണ്ട് എന്ന് പറയുന്ന മുഖ്യമന്ത്രി ഒളിപ്പിക്കുന്നത്, മുന്‍ സര്‍ക്കാര്‍ ഈ പദ്ധതി നിര്‍ത്തി വച്ചു കഴിഞ്ഞു എന്നതാണെന്നും വി. ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
‘പി.എം. ശ്രീ പദ്ധതിയില്‍ രണ്ട് ഇളവുകള്‍ തേടും എന്ന് മുഖ്യമന്ത്രി പറഞ്ഞതായി കണ്ടു. എത്ര വിദഗ്ധമായാണ് വസ്തുതകള്‍ മൂടിവെയ്ക്കുന്നത് എന്ന് അതിശയിച്ചു പോയി. ഒന്ന്, കരിക്കുലം സംസ്ഥാനത്തിന് തയ്യാറാക്കാന്‍ ആകണം എന്ന് ആവശ്യപ്പെടും. രണ്ട്, പി.എം. ശ്രീ നടപ്പാക്കുന്ന സ്‌കൂളുകളെ സംസ്ഥാനം തിരഞ്ഞെടുക്കും. ഈ രണ്ടും നിലവില്‍ പി.എം. ശ്രീയില്‍ സാധ്യമാണ് എന്നതാണ് വസ്തുത,’ ശിവന്‍കുട്ടി കുറിച്ചു.
സമഗ്ര ശിക്ഷാ കേരളത്തിന്റെ ഫണ്ട് വാങ്ങുകയും പി.എം. ശ്രീ പദ്ധതി നടപ്പാക്കാതിരിക്കുകയും ചെയ്യുക എന്ന നയമായിരുന്നു കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ആ തീരുമാനത്തിലെത്തിയത് കേന്ദ്രത്തിന്റെ സമ്മര്‍ദം കാരണമാണെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
2022 മുതല്‍ പി എം ശ്രീ സ്‌കൂള്‍ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പിടാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങളുടെ പുറത്ത് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടായിരുന്നു. 2023-24 മധ്യത്തോടെ പ്രസ്തുത ധാരണാപത്രം ഒപ്പിടാത്ത സംസ്ഥാനങ്ങള്‍ക്കുള്ള സമഗ്ര ശിക്ഷാ ഫണ്ട് മരവിപ്പിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായും ചര്‍ച്ച നടത്തിയെങ്കിലും സമഗ്ര ശിക്ഷാ കേരളത്തിന്റെ ഫണ്ട് തരാന്‍ അവര്‍ തയ്യാറായില്ല.
2023-24 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ സമഗ്ര ശിക്ഷാ പദ്ധതിയിലെ ജീവനക്കാരുടെ ശമ്പളം, അത്യാവശ്യം നടത്തേണ്ട പരിപാടി, തുടങ്ങിയവയ്ക്കുള്ള ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ തന്നെ നല്‍കി. ഇത്തരത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി വന്നപ്പോഴാണ് തല്‍ക്കാലം ധാരണാപത്രം ഒപ്പിട്ട് സമഗ്ര ശിക്ഷാ കേരളത്തിന്റെ ഫണ്ട് വാങ്ങുക, പി എം ശ്രീ സ്‌കൂള്‍ പദ്ധതി നടപ്പിലാക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയതെന്ന് മുന്‍ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ പ്രാപ്യത, തുല്യത, ഗുണത എന്നിവ ഉറപ്പ് വരുത്തുന്നതിനായി നടത്തി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് സമഗ്ര ശിക്ഷ (എസ്.എസ്.കെ).
എന്താണ് പി എം ശ്രീ സ്‌കൂള്‍ പദ്ധതി?
2020 – ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ എല്ലാ ഘടകങ്ങളും പൂര്‍ണമായും നടപ്പിലാക്കി, ദേശീയ വിദ്യാഭ്യാസ നയം ഷോകേസ് ചെയ്യുന്ന ‘എക്സംപ്ലര്‍’ സ്‌കൂളുകള്‍ ആയാണ് പി.എം. ശ്രീ സ്‌കൂളുകളെ കേന്ദ്രം വിവരിക്കുന്നത്.
പിന്നെന്താണ് പ്രശ്‌നം?
2022 മുതല്‍ പി.എം. ശ്രീ സ്‌കൂള്‍ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പിടാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങളുടെ പുറത്ത് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടായിരുന്നു. 2023-24 മധ്യത്തോടെ പ്രസ്തുത ധാരണാപത്രം ഒപ്പിടാത്ത സംസ്ഥാനങ്ങള്‍ക്കുള്ള സമഗ്ര ശിക്ഷാ ഫണ്ട് മരവിപ്പിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ മൂന്ന് പ്രാവശ്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി നേരിട്ടും വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പല പ്രാവശ്യവും കത്ത് മുഖേന നിരവധി തവണയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ചര്‍ച്ച നടത്തിയെങ്കിലും സമഗ്ര ശിക്ഷാ കേരളത്തിന്റെ ഫണ്ട് തരാന്‍ അവര്‍ തയ്യാറായില്ല.
2023-24 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ സമഗ്ര ശിക്ഷാ പദ്ധതിയിലെ ജീവനക്കാരുടെ ശമ്പളം, അത്യാവശ്യം നടത്തേണ്ട പരിപാടി, തുടങ്ങിയവയ്ക്കുള്ള ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ തന്നെ നല്‍കി.
ഇത്തരത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി വന്നപ്പോഴാണ് തല്‍ക്കാലം ധാരണാപത്രം ഒപ്പിട്ട് സമഗ്ര ശിക്ഷാ കേരളത്തിന്റെ ഫണ്ട് വാങ്ങുക, പി എം ശ്രീ സ്‌കൂള്‍ പദ്ധതി നടപ്പിലാക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയത്.
നാള്‍വഴികള്‍
2025 ഒക്ടോബര്‍ 23 ന് പി എം ശ്രീ സ്‌കൂള്‍ പദ്ധതിയുടെ ധാരണാപത്രത്തില്‍ കേരളം ഒപ്പിട്ടു.
ഇതിനെ തുടര്‍ന്ന് പി എം ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ പ്രവേശിക്കുവാനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു.
ഉടനെ അത് കഴിയില്ല എന്ന് സംസ്ഥാനം മറുപടി കൊടുത്തു. എന്ന് മാത്രമല്ല, ഇതു വരെയും പി എം ശ്രീ സ്‌കൂളുകള്‍ തുടങ്ങുവാനുള്ള യാതൊരു നടപടിയും കേരളം സ്വീകരിച്ചിട്ടില്ല. ഇത് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.
നവംബര്‍ 4 ന് കേന്ദ്രം സമഗ്ര ശിക്ഷാ പദ്ധതിയുടെ ( എസ് എസ് കെ) യുടെ 2025-26 ലെ ഒന്നാം ഗഡു ആയി 92.41 കോടി രൂപ അനുവദിച്ചു.
നവംബര്‍ 10 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഒരു ഡെലിഗേഷന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണുകയും ദേശീയ വിദ്യാഭ്യാസ നയവും പി എം ശ്രീ സ്‌കൂള്‍ പദ്ധതിയും നടപ്പിലാക്കുകയില്ല , പക്ഷേ എസ് എസ് കെ യുടെ ഫണ്ട് അനുവദിക്കണം എന്ന് അറിയിക്കുകയും ചെയ്തു.
പി എം ശ്രീ സ്‌കൂള്‍ തുടങ്ങാതെ ഇനി എസ് എസ് കെ യുടെ ഫണ്ട് അനുവദിക്കുകയില്ല എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിലും എല്‍ഡിഎഫ് ഘടകകക്ഷികളുടെ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലും ധാരണാപത്രം നിര്‍ത്തി വയ്ക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനി ക്കുകയും നവംബര്‍ 12 ന് ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു.
2026 നവംബര്‍ മാസം തന്നെ സംസ്ഥാന സര്‍ക്കാര്‍, 2023-24, 2024-25 വര്‍ഷങ്ങളിലെ സ്‌കൂള്‍ യൂണിഫോം, പാഠപുസ്തകം തുടങ്ങിയവയ്ക്ക് ചെലവായ തുക റീ ഇംബേഴ്‌സ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കുകയും നിരന്തരം സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു.
2026 മാര്‍ച്ച് 27 ന് വിദ്യാഭ്യാസ അവകാശനിയമവുമായി ബന്ധപ്പെട്ട പാഠപുസ്തകം, യൂണിഫോം എന്നിവയുടെ തുക റീ ഇംബേഴ്‌സ് ചെയ്യാന്‍ ആയുള്ള പ്രോജക്ട് അപ്രൂവല്‍ ബോര്‍ഡ് മീറ്റിംഗ് നടന്നു.
മാര്‍ച്ച് 30 ന് ഈ മീറ്റിങ്ങിന്റെ മിനിറ്റ്‌സ് ലഭിച്ചു.
പാഠപുസ്തകത്തിനും യൂണിഫോമിനുമായി 2023-24, 2024-25 വര്‍ഷങ്ങളില്‍ കേരളത്തിന് ലഭിക്കേണ്ടിയിരുന്ന കേന്ദ്ര വിഹിതം (60%) 129.72 കോടി രൂപയായിരുന്നു. പക്ഷേ ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കേന്ദ്രം ഈ ഇനത്തില്‍ 23.31 കോടി രൂപ മാത്രമാണ് അനുവദിച്ചത്.
പക്ഷേ ആ തുക റിലീസ് ചെയ്തത് ഇനി പറയും പ്രകാരമാണ്:
റീ ഇംബേഴ്‌സ്‌മെന്റ് ഇനത്തില്‍ അനുവദിച്ച തുക: 23.13 കോടി രൂപ
2025-26 ല്‍ വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ക്ക് അനുവദിച്ച തുകയുടെ കേന്ദ്ര വിഹിതം: 76.13 കോടി രൂപ
മാര്‍ച്ച് 30 ലെ മിനിറ്റ്‌സില്‍ നടത്തിയ അഡ്ജസ്റ്റ്‌മെന്റ്:
2025-26 ല്‍ വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട് അനുവദിച്ച തുകയുടെ കേന്ദ്ര വിഹിതമായ 76.14 കോടി രൂപയുടെ കൂടെ മാര്‍ച്ച് 30 ലെ മിനിറ്റ്‌സില്‍ അനുവദിച്ച 23.13 കോടി രൂപ കൂടി കൂട്ടി.
ആകെ 99.27 കോടി രൂപ. ഈ 99.27 കോടി രൂപ എസ് എസ് കെ യ്ക്ക് ഒന്നാം ഗഡുവായി അനുവദിച്ച 92.41 കോടി രൂപയില്‍ അഡ്ജസ്റ്റ് ചെയ്യുകയും ബാക്കി 6.86 കോടി രൂപ റിലീസ് ചെയ്യുകയും ചെയ്തു.
ഈ മിനിറ്റ്‌സോടെ പി.എം. ശ്രീ സ്‌കൂള്‍ ധാരണാപത്രം ഒപ്പിട്ടതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ എസ് എസ് കെ യ്ക്ക് നല്‍കിയ ഫണ്ടിനു പോലും പ്രസക്തി ഇല്ലാതായി. കാരണം പ്രസ്തുത ഫണ്ട് വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായും നല്‍കേണ്ട യൂണിഫോം, പാഠപുസ്തകം എന്നീ ഇനങ്ങളിലേക്ക് അഡ്ജസ്റ്റ് ചെയ്തു കഴിഞ്ഞു.
അതായത് പി.എം. ശ്രീ ധാരണാപത്രം ഒപ്പിട്ടത് കൊണ്ട് ഒരു രൂപ പോലും കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് തന്നിട്ടില്ല. മറിച്ച് കുട്ടികളുടെ അവകാശങ്ങള്‍ക്ക് മാന്‍ഡേറ്ററി ആയി നല്‍കേണ്ട തുകയാണ് നല്‍കിയത്. തമിഴ്‌നാടിനും ഇത്തരത്തില്‍ റീ ഇംബേഴ്‌സ് ചെയ്തിട്ടുണ്ട്. (തമിഴ്‌നാട് ഫയല്‍ ചെയ്ത കേസില്‍ ഇതുവരെ നടപടിയൊന്നും ആയിട്ടില്ല. അത്തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണ്.)
മാര്‍ച്ച് 31 ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മിനിറ്റ്‌സ് പുന:പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരളം കത്തു നല്‍കി.
തുടര്‍ന്ന് മേയ് 20 ന് നടന്ന പ്രോജക്ട് അപ്രൂവല്‍ ബോര്‍ഡ് മീറ്റിങ്ങില്‍ പാഠപുസ്തകം , യൂണിഫോം എന്നീ ഇനങ്ങളില്‍ കേരളത്തിന് അവകാശപ്പെട്ട ബാക്കി തുകയായ 106.58 കോടി രൂപ കൂടി അനുവദിച്ചു കൊണ്ട് മിനിറ്റ്‌സ് ലഭിച്ചിട്ടുണ്ട്.
പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ. മുന്‍ സര്‍ക്കാര്‍ നിര്‍ത്തി വച്ച പി എം ശ്രീ സ്‌കൂള്‍ പദ്ധതി തുടരണോ വേണ്ടയോ എന്നത് യു ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനമാണ്. മുന്‍ സര്‍ക്കാരിന് പി എം ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ ഫണ്ട് ലഭിച്ചു, അത് കൊണ്ട് ഈ സര്‍ക്കാരും അത് തുടരണം എന്ന വാദം തികച്ചും കള്ളമാണ്.
പി. എം ശ്രീ ഫണ്ട് വാങ്ങുന്നത് പോയിട്ട്, ഏതൊക്കെ സ്‌കൂളുകള്‍ ആണ് ഈ പദ്ധതിയില്‍ വരേണ്ടത് എന്നുള്ള കാര്യം പോലും ഇടതു സര്‍ക്കാര്‍ ആലോചിച്ചിട്ടു പോലുമില്ല. മറിച്ച് എസ് എസ് കെയ്ക്ക് ലഭിച്ച ഫണ്ടാകട്ടെ പി.എം. ശ്രീയുമായി യാതൊരു ബന്ധവുമില്ലാത്തതും മാന്‍ഡേറ്ററി ആയി ലഭിക്കേണ്ടതുമാണ്.
സര്‍ക്കാരുകള്‍ തുടര്‍ച്ചയാണ്, അത് കൊണ്ട് മുന്‍ സര്‍ക്കാര്‍ ചെയ്തത് നിലവിലുള്ള സര്‍ക്കാര്‍ തുടരേണ്ടതുണ്ട് എന്ന് പറയുന്ന മുഖ്യമന്ത്രി ഒളിപ്പിക്കുന്നത്, മുന്‍ സര്‍ക്കാര്‍ ഈ പദ്ധതി നിര്‍ത്തി വച്ചു കഴിഞ്ഞു എന്നതാണ്.
പി.എം. ശ്രീ പദ്ധതിയില്‍ രണ്ട് ഇളവുകള്‍ തേടും എന്ന് മുഖ്യമന്ത്രി പറഞ്ഞതായി കണ്ടു. എത്ര വിദഗ്ധമായാണ് വസ്തുതകള്‍ മൂടിവെയ്ക്കുന്നത് എന്ന് അതിശയിച്ചു പോയി. ഒന്ന്, കരിക്കുലം സംസ്ഥാനത്തിന് തയ്യാറാക്കാന്‍ ആകണം എന്ന് ആവശ്യപ്പെടും. രണ്ട്, പി.എം. ശ്രീ നടപ്പാക്കുന്ന സ്‌കൂളുകളെ സംസ്ഥാനം തിരഞ്ഞെടുക്കും. ഈ രണ്ടും നിലവില്‍ പി.എം. ശ്രീയില്‍ സാധ്യമാണ് എന്നതാണ് വസ്തുത.
Content Highlight: Kerala Ex Education Minister V Sivankutty Rejects Claims of CM VD Satheesan on PM Shri Project