| Monday, 4th May 2026, 10:24 am

കേരളത്തില്‍ ആഞ്ഞടിച്ച് യു.ഡി.എഫ് കൊടുങ്കാറ്റ്; ഇടത് ശക്തികേന്ദ്രങ്ങളിലും കടന്നുകയറ്റം

ആദര്‍ശ് എം.കെ.

കോഴിക്കോട്: 2026 കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ആഞ്ഞടിച്ച് യു.ഡി.എഫ് തരംഗം. നിലവില്‍ 90ലധികം സീറ്റുകളില്‍ ലീഡുമായാണ് യു.ഡി.എഫ് ഇടതിനെ ഞെട്ടിച്ചിരിക്കുന്നത്. എല്‍.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും മികച്ച പ്രകടനമാണ് ഐക്യജനാധിപത്യ മുന്നണി കാഴ്ചവെക്കുന്നത്.

തങ്ങളുടെ പരമ്പരഗാത മണ്ഡലങ്ങള്‍ക്ക് പുറമെ ഇടതിന്റെ ശക്തിദുര്‍ഗങ്ങളിലും യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുകയാണ്. കോഴിക്കോടും കൊല്ലവുമടക്കമുള്ള ഇടതുകോട്ടകളില്‍ യു.ഡി.എഫ് ആധിപത്യം തുടരുകയാണ്.

2001ന് ശേഷം ഒറ്റ കോണ്‍ഗ്രസ് എം.എല്‍.എമാരെ പോലും വിജയിപ്പിച്ചെടുക്കാന്‍ സാധിക്കാത്ത കോഴിക്കോട് ജില്ലയില്‍ ഇടതിന്റെ ശക്തികേന്ദ്രങ്ങളായ ബാലുശ്ശേരി, നാദാപുരം എന്നിവിടങ്ങളിലടക്കം കോണ്‍ഗ്രസിന്റെ മുന്നേറ്റമാണ്. ഒപ്പം എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ മത്സരിച്ച പേരാമ്പ്രയിലടക്കം യു.ഡി.എഫാണ് ആധിപത്യം പുലര്‍ത്തുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതിനെ കൈവിടാതെ ചേര്‍ത്തുനിര്‍ത്തിയ കൊല്ലവും ഇത്തവണ യു.ഡി.എഫിന് കൈകൊടുത്തു.

ആദ്യ ഘട്ടത്തില്‍ മുഖ്യമന്ത്രിയടക്കം പല മന്ത്രിമാരും പിന്നില്‍ തന്നെയാണ്. വീണ ജോര്‍ജ്, പി. രാജീവ്, വി. ശിവന്‍കുട്ടി, ആര്‍. ബിന്ദു, ചിഞ്ചുറാണി, പി. പ്രസാദ്, വി. അബ്ദുറഹ്‌മാന്‍, എം.ബി. രാജേഷ്, എ.കെ. ശശീന്ദ്രന്‍ അടക്കമുള്ള മന്ത്രിമാരും പിന്നിലാണ്.

അതേസമയം, ആദ്യ ഘട്ടത്തില്‍ വി.ഡി. സതീശന്‍ പിന്നില്‍ പോയത് മാത്രമാണ് യു.ഡി.എഫിന് ചെറുതെങ്കിലുമുള്ള നിരാശ സമ്മാനിച്ചത്.

നിലവില്‍ ഏറ്റവുമധികം സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ഒറ്റകക്ഷിയും കോണ്‍ഗ്രസാണ് എന്നതാണ് ശ്രദ്ധേയം. 50 സീറ്റുകളിലാണ് നിലവില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

സി.പി.ഐ.എം നിലവില്‍ 31 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോള്‍ മുസ് ലിം ലീഗ് 20 സീറ്റുകളിലും സി.പി.ഐ 14 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു.

Content Highlight: Kerala Election Results: UDF storm hits Kerala

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more