| Monday, 4th May 2026, 4:37 pm

ആര്‍.എസ്.പിയുടെ ഗംഭീര തിരിച്ചുവരവ്, താമര വിരിഞ്ഞ് ചാത്തന്നൂര്‍; കൊല്ലമെന്ന ചെങ്കോട്ടയില്‍ വിള്ളല്‍ വീണതിങ്ങനെ

ആദര്‍ശ് എം.കെ.

ഏതൊരു കൊടുങ്കാറ്റിലും ഉലയാതെ ഇടതിനെ ചേര്‍ത്തുനിര്‍ത്തിയ ചെങ്കോട്ടയായ കൊല്ലത്തേറ്റ തിരിച്ചടി ഇടതുപക്ഷത്തെ ഇരുത്തി ചിന്തിപ്പിക്കുമെന്നുറപ്പാണ്. കഴിഞ്ഞ തവണ ആകെയുള്ള 11ല്‍ ഒമ്പതിലും വിജയിച്ച് കൊല്ലത്തെ ചുവപ്പിച്ച എല്‍.ഡി.എഫിന് ഇത്തവണ ജില്ലയില്‍ നേടാന്‍ സാധിച്ചത് വെറും രണ്ടേ രണ്ട് സീറ്റ്.

കൊട്ടാരക്കരയും പുനലൂരും മാത്രം ഇടതിനെ കൈവിടാതെ ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ മന്ത്രി ചിഞ്ചു റാണിയടക്കമുള്ളര്‍ക്ക് ചെങ്കോട്ടയില്‍ കാലിടറി.

ഇടതുപക്ഷത്തിന്റെ പരാജയത്തേക്കാളേറെ കൊല്ലത്ത് ആര്‍.എസ്.പിയുടെ ഗംഭീര തിരിച്ചുവരവിനാണ് ഈ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. ഷിബു ബേബി ജോണിലൂടെ ചവറയും അഡ്വ. വിഷ്ണു മോഹനിലൂടെ ഇരവിപുരവും ഉല്ലാസ് കോവൂരിലൂടെ കുന്നത്തൂരും ആര്‍.എസ്.പി സ്വന്തമാക്കി.

എല്‍.ഡി.എഫിന്റെ സുജിത് വിജയന്‍പിള്ളയേക്കാള്‍ 18,573 വോട്ടുകള്‍ അധികം നേടിയാണ് ഷിബു ബേബി ജോണ്‍ ഒരിക്കല്‍ക്കൂടി ചവറയുടെ ശബ്ദമാകാന്‍ ഒരുങ്ങുന്നത്. യു.ഡി.എഫ് 74,308 വോട്ടുകള്‍ നേടിയപ്പോള്‍ 55,735 വോട്ടാണ് സുജിത് വിജയന്‍ പിള്ളയ്ക്ക് നേടാന്‍ സാധിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.ആര്‍. രാജേഷ് 11,012 വോട്ടിലൊതുങ്ങി.

സി.പി.ഐ.എമ്മിന്റെ എം. നൗഷാദിനെയാണ് വിഷ്ണു മോഹന്‍ പരാജയപ്പെടുത്തിയത്. 8,803 വോട്ടിനാണ് വിജയം. വിഷ്ണു മോഹന്‍ 64,383 വോട്ടുകള്‍ നേടിയപ്പോള്‍ 55,580 വോട്ടുകളാണ് നൗഷാദിന് സമാഹരിക്കാന്‍ സാധിച്ചത്.

കോവൂര്‍ കുഞ്ഞുമോനെ പരാജയപ്പെടുത്തി 25,314 വോട്ടിന്റെ കൂറ്റന്‍ വിജയമാണ് കുന്നത്തൂരില്‍ ഉല്ലാസ് കോവൂര്‍ സ്വന്തമാക്കിയത്. 81488 വോട്ടുകള്‍ പെട്ടിയിലെത്തിക്കാന്‍ ഉല്ലാസ് കോവൂരിന് സാധിച്ചപ്പോള്‍ 56,174 വോട്ടുകളാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് നേടാന്‍ സാധിച്ചത്.

ചാത്തന്നൂരില്‍ ബി.ജെ.പിയുടെ വിജയമാണ് കൊല്ലത്തെ സര്‍പ്രൈസ് ഫാക്ടറുകളിലൊന്ന്. സി.പി.ഐയുടെ അഡ്വ. ആര്‍. രാജേന്ദ്രനെ 4398 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ബി.ബി. ഗോപകുമാറാണ് കൊല്ലത്ത് താമര വിരിയിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ സമാഹരിച്ച ഗോപകുമാര്‍ 51,923 വോട്ടുകളാണ് പെട്ടിയിലെത്തിത്.

കൊട്ടാരക്കരയും പുനലൂരും മാത്രമാണ് ഇത്തവണ എല്‍.ഡി.എഫിന് സ്വന്തമാക്കാന്‍ സാധിച്ചത്. കൊട്ടാരക്കരയില്‍ കെ.എന്‍. ബാലഗോപാല്‍ 1012 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ പൂനലൂരില്‍ 21,529 വോട്ടിന് സി. അജയപ്രസാദും വിജയം നേടി.

കൊല്ലം, കുണ്ടറ, കരുനാഗപ്പള്ളി അടക്കമുള്ള മണ്ഡലങ്ങളിലും കരുത്ത് കാട്ടിയാണ് കൊല്ലം യു.ഡി.എഫ് സ്വന്തമാക്കിയിരിക്കുന്നത്.

Content highlight: Kerala Election 2026: UDF with a great victory

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more