| Monday, 4th May 2026, 5:47 pm

സമരപോരാട്ടങ്ങളുടെ ആലപ്പുഴയിലും യു.ഡി.എഫ് കാറ്റ്; 6/9ലും നേടി മുന്നേറ്റം

ആദര്‍ശ് വെള്ളിപറമ്പ്

സമരപോരാട്ടങ്ങളുടെ ചരിത്രം പേറുന്ന ആലപ്പുഴയിലും യു.ഡി.എഫ് ആധിപത്യം. തെരഞ്ഞെടുപ്പ് നടന്ന ഒമ്പതില്‍ ആറ് സീറ്റിലും വിജയിച്ചാണ് യു.ഡി.എഫ് കരുത്ത് കാട്ടിയത്. കഴിഞ്ഞ തവണ രമേശ് ചെന്നിത്തലയെന്ന അതികായനെ മാത്രം വിജയിപ്പിച്ചെടുക്കാന്‍ സാധിച്ച യു.ഡി.എഫിന് ജില്ലയില്‍ നിന്നും ഇത്തവണ അഞ്ച് എം.എല്‍.എമാരെ അധികം സ്വന്തമാക്കാനും സാധിച്ചു.

അരൂരില്‍ സിറ്റിങ് എം.എല്‍.എ ദലീമ ജോജെയെ പരാജയപ്പെടുത്തി ഷാനി മോള്‍ ഉസ്മാന്‍ മണ്ഡലം തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണ 7,013 വോട്ടുകള്‍ക്ക് പരാജയപ്പെട്ട ഷാനിമോള്‍ ഇത്തവണ 9,324 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം സ്വന്തമാക്കിയത്. ഷാനിമോള്‍ 74,469 വോട്ട് നേടിയപ്പോള്‍ 65,145 വോട്ടുകളാണ് ദലീമയ്ക്ക് നേടാനായത്.

ആലപ്പുഴയില്‍ ചിത്തരഞ്ജനെ പരാജയപ്പെടുത്തി യുവനേതാവ് എ.ഡി. തോമസ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 21,015 വോട്ടിന്റെ ഭൂരിപക്ഷമാണ് തോമസ് നേടിയത്. ചിത്തരഞ്ജന്‍ 60050 വോട്ടുകളിലൊതുങ്ങിയപ്പോള്‍ 81,065 വോട്ടുകളാണ് തോമസ് സ്വന്തമാക്കിയത്.

മുന്‍ മന്ത്രിയും സി.പി.ഐ.എം നേതാവുമായിരുന്ന ജി. സുധാകരന്റെ വിമതസ്വരത്തോടെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചര്‍ച്ചാ വിഷയമായിരുന്ന അമ്പലപ്പുഴയിലും യു.ഡി.എഫ് ജയിച്ചുകയറി. യു.ഡി.എഫിന്റെ പിന്തുണയോടെ മത്സരിച്ച ജി. സുധാകരന്‍ 27935  വോട്ടിവിജയിച്ചു.

കായംകുളത്ത് യു. പ്രതിഭയെ പരാജയപ്പെടുത്തി അഡ്വ. എം. ലിജു 15,572 വോട്ടിനും വിജയം സ്വന്തമാക്കി. നേരത്തെ അമ്പലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തിയ ലിജുവിന് ജി. സുധാകരന്റെ വരവോടെ കായംകുളത്തേക്ക് കളം മാറേണ്ടിവരികയായിരുന്നു.

എന്നാല്‍ കായംകുളത്തെ ജനങ്ങള്‍ ലിജുവിനെ കൈവിടാതെ കാത്തപ്പോള്‍ കൈപ്പത്തി ചിഹ്നത്തില്‍ പതിഞ്ഞത് 76,651 വോട്ടുകളാണ്. പ്രതിഭയ്ക്ക് 61,079 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്.

കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പം നിന്ന രമേശ് ചെന്നിത്തലയുടെ സ്വന്തം തട്ടകമായ ഹരിപ്പാടില്‍ ഇത്തവണയും ഒരു അത്ഭുതവും സംഭവിച്ചില്ല. 68,184 വോട്ടുകള്‍ ചെന്നിത്തല പെട്ടിയിലെത്തിച്ചപ്പോള്‍ 23,377 വോട്ടിന്റെ ലീഡും സ്വന്തമാക്കി. സി.പി.ഐയുടെ ടി.ടി. ജിസ്‌മോനെയാണ് ചെന്നിത്തല പരാജയപ്പെടുത്തിയത്.

കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസിനായി കളത്തിലിറങ്ങിയ റെജി ചെറിയാന്‍ 20600 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചു . എന്‍.സി.പി-ശരദ് പവാര്‍ പക്ഷത്തിലെ തോമസ് കെ. തോമസിനെയാണ് റെജി ചെറിയാന്‍ പരാജയപ്പെടുത്തിയത്.

അതേസമയം, ചേര്‍ത്തല, മാവേലിക്കര, ചെങ്ങന്നൂര്‍ മണ്ഡലങ്ങള്‍ യു.ഡി.എഫ് കാറ്റിലും ഇടതിനെ കൈവിടാതെ ഒപ്പം നിര്‍ത്തി.

മാവേലിക്കരയില്‍ സി.പി.ഐ.എം യുവനേതാവ് അരുണ്‍കുമാര്‍ 15,736 വോട്ടിന് കോണ്‍ഗ്രസിന്റെ മുത്താര രാജിനെ പരാജയപ്പെടുത്തിയപ്പോള്‍ 10,292 വോട്ടിന് സജി ചെറിയാന്‍ അഡ്വ. അബി കുര്യാക്കോസിനെയും പരാജയപ്പെടുത്തി.

ചേര്‍ത്തലയില്‍ മന്ത്രി പി. പ്രസാദ് വീണ്ടും വിജയിച്ചുകയറി. എല്‍.ഡി.എഫ് കൊടുങ്കാറ്റ് ആഞ്ഞടിച്ച 2021ല്‍ നേടിയതിനേക്കാള്‍ ഇരട്ടിയിലധികം ഭൂരിപക്ഷത്തോടെയാണ് പ്രസാദ് ചേര്‍ത്തയില്‍ ഇത്തവണ കളം പിടിച്ചത്.

83,216 വോട്ടുകള്‍ സമാഹരിച്ച പ്രസാദ് 14,489 വോട്ടിനാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ കെ.ആര്‍. രാജേന്ദ്ര പ്രസാദിനെ തോല്‍പ്പിച്ചത്.

Content Highlight: Kerala Election 2026: UDF wins 6/9 seats in Alappuzha

ആദര്‍ശ് വെള്ളിപറമ്പ്

ഡൂൾന്യൂസിൽ സീനിയർ സബ് എഡിറ്റർ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more