| Monday, 4th May 2026, 6:48 pm

പൂട്ടിയ അക്കൗണ്ടിനൊപ്പം ഒന്നുകൂടി തുറന്ന് ബി.ജെ.പി; എല്‍.ഡി.എഫിന്റെ ജനപ്രിയരെ തോല്‍പ്പിച്ചും യു.ഡി.എഫിന് നേട്ടം സമ്മാനിച്ചും തിരുവനന്തപുരം

ആദര്‍ശ് എം.കെ.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ അകമഴിഞ്ഞ് സഹായിച്ച ജില്ലയായിരുന്നു തിരുവന്തപുരം. ആകെയുള്ള 14ല്‍ 13ഉം ഇടതുകൊടുങ്കാറ്റില്‍ ഇടതിനൊപ്പം തന്നെ നിന്നു. കോവളം മാത്രമായിരുന്നു കഴിഞ്ഞ തവണ എല്‍.ഡി.എഫിനെ കൈവിട്ടത്.

എന്നാല്‍ ഇത്തവണ ചിത്രം പാടെ മാറി. ഒന്നില്‍ നിന്നും യു.ഡി.എഫ് ഏഴിലേക്കെത്തിയപ്പോള്‍, എല്‍.ഡി.എഫ് 13ല്‍ നിന്നും അഞ്ചിലേക്ക് വീണു. ചിറയന്‍കീഴ്, വാമനപുരം, കഴക്കൂട്ടം, വട്ടിയൂര്‍കാവ്, തിരുവനന്തപുരം, നേമം, പാറശാല, കാട്ടാക്കട, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലാണ് ഇടതിന് കാലിടറിയത്.

വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, അരുവിക്കര, പാറശാല എന്നീ മണ്ഡലങ്ങളില്‍ മാത്രമാണ് എല്‍.ഡി.എഫിന് വിജയിക്കാന്‍ സാധിച്ചത്.

വര്‍ക്കലയില്‍ വി.എസ്. ജോയ് 2050 വോട്ടിനും ആറ്റിങ്ങലില്‍ ഒ.എസ്. അംബിക 13,375 വോട്ടിനും വിജയം സ്വന്തമാക്കി.

21,583 വോട്ടിന് ജി.ആര്‍. അനില്‍ നെടുമങ്ങാടും 2843 വോട്ടിന് ജി. സ്റ്റീഫന്‍ അരുവിക്കരയും കൈവിടാതെ കാത്തു. 15,013 വോട്ടുകള്‍ക്ക് സി.കെ. ഹരീന്ദ്രന്‍ പാറശാലയിലും വിജയിച്ചു.

സി.എം.പി നേതാവ് സി.പി ജോണിന്റെ വിജയമാണ് തിരുവനന്തപുരത്ത് യു.ഡി.എഫിന്റെ തിളങ്ങുന്ന നേട്ടങ്ങളിലൊന്ന്. തിരുവനന്തപുരം സെന്‍ട്രലില്‍ എല്‍.ഡി.എഫിന്റെ സുധീര്‍ കരമനയെയും ബി.ജെ.പിയുടെ കരമന ജയനെയും 9,863 വോട്ടുകള്‍ക്കാണ് സി.പി ജോണ്‍ പരാജയപ്പെടുത്തിയത്.

വട്ടിയൂര്‍കാവില്‍ വി.കെ. പ്രശാന്തിനെ 5,425 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി കെ. മുരളീധരന്‍ നിയമസഭയിലേക്ക് മാസ് എന്‍ട്രി നടത്തിയപ്പോള്‍ വാമനപുരത്ത് മുഹമ്മദ് സുധീര്‍ഷാ 12,185 വോട്ടിനും വിജയം നേടി.

കാട്ടാക്കടയില്‍ 7,136 വോട്ടുകള്‍ക്ക് എം.ആര്‍. ബൈജു അഡ്വ. ഐ.ബി. സതീഷിനെ പരാജയപ്പെടുത്തി. നെയ്യാറ്റിന്‍കരയില്‍ ആന്‍സലനെ വെട്ടി എന്‍. ശക്തന്‍ 6966 വോട്ടുകള്‍ക്ക് ശക്തി തെളിയിച്ചു. എം. വിന്‍സെന്റിലൂടെ യു.ഡി.എഫ് കോവളം നിലനിര്‍ത്തിയപ്പോള്‍ രമ്യ ഹരിദാസിലൂടെ ചിറയന്‍കീഴ് പിടിച്ചെടുക്കാനും യു.ഡി.എഫിന് സാധിച്ചു.

നേമത്ത് കഴിഞ്ഞ തവണ വി. ശിവന്‍കുട്ടി പൂട്ടിയ അക്കൗണ്ട് ഇത്തവണ രാജീവ് ചന്ദ്രശേഖര്‍ തുറന്നു. വി. ശിവന്‍കുട്ടിയേക്കാള്‍ 4,978 വോട്ടുമായാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നിയമസഭയിലേക്ക് കാലെടുത്ത് വെക്കുന്നത്. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനെ 428 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി വി. മുരളീധരനും വിജയം രുചിച്ചു.

Content highlight: Kerala Election 2026: Trivandrum

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more