| Tuesday, 5th May 2026, 12:58 pm

എല്‍.ഡി.എഫില്‍ ഏഴ്, എന്‍.ഡി.എയില്‍ രണ്ട്, ആരും തോല്‍ക്കാതെ യു.ഡി.എഫ്; സഭയില്‍ പ്രാതിനിധ്യമില്ലാത്ത പാര്‍ട്ടികള്‍ ഇവര്‍

ആദര്‍ശ് എം.കെ.

ഇടതിന്റെ ശക്തികേന്ദ്രങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുകുലുക്കിയ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം രാഷ്ട്രീയ കേരളം സാക്ഷ്യം വഹിച്ചത്. ഭരണമാറ്റ വികാരത്തിനൊപ്പം ചില സ്ഥാനാര്‍ത്ഥിത്വങ്ങളും പ്രചരണ തന്ത്രങ്ങളിലെ പാളിച്ചകളും മൂന്നാം ഊഴം പ്രതീക്ഷിച്ച എല്‍.ഡി.എഫിന് തിരിച്ചടി സമ്മാനിച്ചു.

രണ്ട് പതിറ്റാണ്ടായി സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന പട്ടം സി.പി.ഐ.എം കോണ്‍ഗ്രസിന് കൈമാറിയപ്പോള്‍ മിക്ക പാര്‍ട്ടികള്‍ക്കും ഇത്തവണ നിയമസഭയില്‍ അഡ്രസ്സിലാതാവുകയും ചെയ്തു.

അത്തരത്തില്‍ എല്‍.ഡി.എഫിലെ ഏഴ് പാര്‍ട്ടികള്‍ക്കാണ് സഭയിലേക്ക് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചെടുക്കാന്‍ സാധിക്കാതെ പോയത്.

കേരള കോണ്‍ഗ്രസ് (എം) ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും വലിയ തോല്‍വിയേറ്റുവാങ്ങിയത്. 12 സീറ്റില്‍ മത്സരിച്ചു. 12ലും പരാജയപ്പെട്ടു. കേരള കോണ്‍ഗ്രസ് (എം) എവിടെയാണോ, അവിടെയാണ് ഭരണമെന്ന അവകാശവാദത്തിന്റെ മുനയൊടിയുക മാത്രമല്ല, പാര്‍ട്ടിയുടെ പ്രസക്തി പോലും നഷ്ടപ്പെടുന്ന തെരഞ്ഞെടുപ്പായി ഇത് മാറി.

കഴിഞ്ഞ തവണ മന്ത്രിയടക്കം അഞ്ച് എം.എല്‍.എമാരുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് (എം) ഇത്തവണ തീര്‍ത്തും സംപൂജ്യരായി. ഞെട്ടിക്കുന്ന തോല്‍വിക്കൊപ്പം കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം മത്സരിച്ച എട്ടില്‍ ഏഴിലും വിജയിച്ചതും ജോസ് കെ. മാണിയുടെയും പാര്‍ട്ടിയുടെയും രാഷ്ട്രീയ അസ്തിത്വത്തിന് വെല്ലുവിളിയായി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസിനും എന്‍.സി.പിക്കും രണ്ട് വീതം സീറ്റുകളും ഓരോ മന്ത്രിമാരുമുണ്ടായിരുന്നു. എന്നാല്‍ 2026 തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗത്തെയും ജനം കൈവിട്ടു.

ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാ ദള്‍ ഒരു സീറ്റിലും എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ എന്‍.സി.പി (എസ്.പി) മൂന്ന് സീറ്റിലും മത്സരിച്ചെങ്കിലും ഇരു പാര്‍ട്ടികള്‍ക്കും വിജയിക്കാന്‍ സാധിച്ചില്ല. ദേശീയ തലത്തിലെ പിളര്‍പ്പും പുതിയ പാര്‍ട്ടി രൂപീകരണവും ഇരുപാര്‍ട്ടികള്‍ക്കും വെല്ലുവിളി ഉയര്‍ത്തി.

കഴിഞ്ഞ തവണ മുസ്‌ലീം ലീഗിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത അഹമ്മദ് ദേവര്‍കോവിലിനും ഐ.എന്‍.എല്ലിനും ഇത്തവണ പിഴച്ചു. കോണ്‍ഗ്രസ് (എസ്), ആര്‍.എസ്.പി (ലെനിനിസ്റ്റ്) പാര്‍ട്ടികള്‍ക്കും ഇത്തവണ സഭയിലെ പ്രാതിനിധ്യമില്ലാതായി.

കേരള കോണ്‍ഗ്രസ് (ബി) നേതാവും ഗതാഗത മന്ത്രിയുമായ ഗണേഷ് കുമാറിന്റെ തോല്‍വി ഞെട്ടിക്കുന്നതായിരുന്നു. പത്തനാപുരമെന്ന തന്റെ തട്ടകത്തില്‍ ജനങ്ങള്‍ കൈവിടില്ലെന്ന വിശ്വാസത്തെ ജ്യോതികുമാര്‍ ചാമക്കാലയിലൂടെ കോണ്‍ഗ്രസ് തകര്‍ത്തപ്പോള്‍ എല്‍.ഡി.എഫിലെ മറ്റൊരു കക്ഷിക്കും ഇത്തവണ എം.എല്‍.എ ഇല്ലാതായി.

എല്‍.ഡി.എഫിന്റെ സ്വതന്ത്രര്‍ക്കും ഇത്തവണ യു.ഡി.എഫ് കൊടുങ്കാറ്റില്‍ കരകയറാന്‍ സാധിച്ചില്ല.

എല്‍.ഡി.എഫിന്റെ പത്തില്‍ ഏഴ് പാര്‍ട്ടികള്‍ക്ക് എം.എല്‍.എമാര്‍ ഇല്ലാതെ പോയപ്പോള്‍ എന്‍.ഡി.എയിലെ മൂന്നില്‍ രണ്ട് പാര്‍ട്ടികള്‍ക്കും അടി തെറ്റി. 22 സീറ്റില്‍ മത്സരിച്ച ബി.ഡി.ജെ.എസിനും 19 സീറ്റില്‍ മത്സരിച്ച ട്വന്റി-20ക്കും ഇത്തവണയും ഒന്നും ചെയ്യാനായില്ല. വോട്ടെണ്ണിത്തുടങ്ങിയ നിമിഷം മുതല്‍ തന്നെ ഇവര്‍ തോറ്റുതുടങ്ങിയിരുന്നു.

അതേസമയം, യു.ഡി.എഫിന്റെ ഭാഗമായ എല്ലാ കക്ഷികള്‍ക്കും ഇത്തവണ സഭയില്‍ പ്രാതിനിധ്യമുണ്ട് എന്നതും ശ്രദ്ധേയമാണ്. 63 സീറ്റില്‍ വിജയിച്ച് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായപ്പോള്‍ 22 എം.എല്‍.എമാരെ വിജയിപ്പിച്ച മുസ്‌ലിം ലീഗ് സി.പി.ഐ.എമ്മിന് ശേഷം സഭയിലെ ഏറ്റവും വലിയ മൂന്നാമത് പാര്‍ട്ടിയായി.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എട്ടില്‍ ഏഴും വിജയിച്ചപ്പോള്‍ മത്സരിച്ച നാലില്‍ മൂന്ന് സീറ്റ് നേടിയ ആര്‍.എസ്.പി ഗംഭീര തിരിച്ചുവരവ് നടത്തി. കൊല്ലം ജില്ലയില്‍ ഇടതിനേറ്റ വലിയ പ്രഹരങ്ങളിലൊന്നും ആര്‍.എസ്.പിയുടെ വിജയമായിരുന്നു.

കേരള കോണ്‍ഗ്രസ് (ജേകബ്ബ്), റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്നിവര്‍ മത്സരിച്ച ഓരോ സീറ്റുകളിലും വിജയം സ്വന്തമാക്കി.

Content highlight: Kerala Election 2026: Parties without MLAs in the Legislative Assembly

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more