തൃശൂര്‍: ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ചിറങ്ങിയ എല്‍.ഡി.എഫിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. 100ലധികം സീറ്റുകളില്‍ യു.ഡി.എഫ് വലിയ മുന്നേറ്റം നടത്തിയപ്പോള്‍ ശക്തികേന്ദ്രങ്ങളില്‍ പോലും എല്‍.ഡി.എഫിന് കാലിടറി. എ.കെ. ശശീന്ദ്രന്‍, വീണ ജോര്‍ജ് തുടങ്ങിയ മന്ത്രിമാരടക്കം പരാജയപ്പെട്ട തെരഞ്ഞെടുപ്പായി ഇത് മാറി.
കണ്ണൂരിലെ മണ്ഡലങ്ങളടക്കം കരുത്തുറ്റ കോട്ടകളില്‍ പോലും എല്‍.ഡി.എഫിന് കാലിടറിയപ്പോള്‍ തൃശൂര്‍ മാത്രമാണ് മുന്നണിയെ രക്ഷിച്ചത്. ജില്ലയിലെ 13 മണ്ഡലങ്ങളില്‍ ഒമ്പതിലും എല്‍.ഡി.എഫാണ് മുന്നില്‍. തൃശൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്.
നരേന്ദ്ര മോദി നേരിട്ട് പ്രചരണത്തിനിറങ്ങിയ ജില്ലകളിലൊന്നാണ് തൃശൂര്‍. ബി.ജെ.പിയുടെ വമ്പന്‍ സ്ഥാനാര്‍ത്ഥികളായിരുന്ന പത്മജ വേണുഗോപാല്‍, സി.പി.ഐ.എമ്മില്‍ നിന്ന് വിട്ടുനിന്ന് മത്സരത്തിനിറങ്ങിയ സി.സി. മുകുന്ദന്‍, ഗുരുവായൂരില്‍ ഹിന്ദു എം.എല്‍.എ വരണമെന്ന വര്‍ഗീയ പരാമര്‍ശം നടത്തിയ ബി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പരാജയപ്പെടുന്ന കാഴ്ചക്കും തൃശൂര്‍ സാക്ഷ്യം വഹിച്ചു.
ചേലക്കര
സി.പി.ഐമ്മിന്റെ ഉറച്ച കോട്ടയായ ചേലക്കര ഇത്തവണയും പാര്‍ട്ടിയെ കൈവിട്ടില്ല. എ. രാധാകൃഷ്ണന് പകരം ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച യു.ആര്‍. പ്രദീപ് ഇത്തവണ 29386 വോട്ടുകള്‍ക്കാണ് വിജയിച്ചത്. യു.ഡി.എഫ് സ്വതന്ത്ര്യനായ ശിവദാസനെയാണ് പ്രദീപ് പരാജയപ്പെടുത്തിയത്.
ചാലക്കുടി
നിലവിലെ എം.എല്‍.എയായ സനീഷ്‌കുമാര്‍ ജോസഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞതവണ 1057 വോട്ടുകള്‍ക്ക് വിജയിച്ച സനീഷ്‌കുമാര്‍ ഇത്തവണ തന്റെ ഭൂരിപക്ഷം 20000ലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ബിജു എസ്. ചിറയത്തിനെയാണ് സനീഷ്‌കുമാര്‍ പരാജയപ്പെടുത്തിയത്.
ഗുരുവായൂര്‍
ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ബി. ഗോപാലകൃഷ്ണന്റെ വര്‍ഗീയത നിറഞ്ഞ പരാമര്‍ശത്തിലൂടെയാണ് ഗുരുവായൂര്‍ മണ്ഡലം ഇത്തവണ ചര്‍ച്ചാവിഷയമായത്. ‘കാലങ്ങളായി ഇടത്- വലത് സ്ഥാനാര്‍ത്ഥികള്‍ മാറി മാറി ഭരിച്ചിട്ടും ഒരു ഹിന്ദു എം.എല്‍.എ പോലുമുണ്ടായിട്ടില്ല’ എന്ന വര്‍ഗീയ പരാമര്‍ശത്തിന് ജനം ബാലറ്റിലൂടെ മറുപടി നല്‍കി.
ഭൂരിപക്ഷം കുറഞ്ഞെങ്കിലും ഇടതുപക്ഷത്തിന്റെ എം.എല്‍.എയായ എന്‍.കെ. അക്ബര്‍ ഇത്തവണ തന്റെ സീറ്റ് നിലനിര്‍ത്തി. കഴിഞ്ഞതവണ 18000 വോട്ടിന്റെ ലീഡില്‍ ജയിച്ചുകയറിയ അക്ബറിന്റെ ഭൂരിപക്ഷം ഇത്തവണ 2000ലും താഴെയായി.
ഇരിങ്ങാലക്കുട
എല്‍.ഡി.എഫിനെ ഞെട്ടിച്ച തോല്‍വികളിലൊന്നായിരുന്നു ഇരിങ്ങാലക്കുടയിലേത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ആര്‍. ബിന്ദുവിനെ 10212 വോട്ടുകള്‍ക്കാണ് യു.ഡി.എഫിന്റെ തോമസ് ഉണ്ണ്യാടന്‍ പരാജയപ്പെടുത്തിയത്. കഴിഞ്ഞതവണ 5400 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ബിന്ദു ജയിച്ചുകയറിയത്.
കയ്പമംഗലം
ഇടതിന്റെ കോട്ടയായ കയ്പമംഗലം ഇത്തവണയും പാര്‍ട്ടിയെ കൈവിട്ടിട്ടില്ല. 2011ല്‍ വി.എസ് സുനില്‍ കുമാര്‍ വിജയിച്ച മണ്ഡലത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി ടൈസണ്‍ മാസ്റ്ററാണ് വിജയിച്ചത്. സി.പി.ഐയെ ഒരിക്കലും കൈവിടാത്ത മണ്ഡലത്തില്‍ ഇത്തവണ കെ.കെ. വത്സരാജ് 2800ലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്.
കുന്നംകുളം
ഭൂരിപക്ഷത്തില്‍ വലിയ കുറവ് വന്നെങ്കിലും കുന്നംകുളം മൊയ്ദീന്‍ മാസ്റ്ററെ ഇത്തവണയും കൈവിട്ടില്ല. 2021ല്‍ 26631 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച എ.സി മൊയ്ദീന്‍ ഇത്തവണ 4563 വോട്ടുകളുടെ ബലത്തിലാണ് ജയിച്ചുകയറിയത്.
കൊടുങ്ങല്ലൂര്‍
പത്ത് വര്‍ഷത്തിന് ശേഷം കൊടുങ്ങല്ലൂര്‍ മണ്ഡലം യു.ഡി.എഫ് തിരിച്ചുപിടിച്ചു. 2016 മുതല്‍ എം.എല്‍.എ ആയിരുന്ന വി.ആര്‍. സുനില്‍ കുമാറിനെ 8036 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ട് ഒ. ജനീഷ് കൊടുങ്ങല്ലൂര്‍ തിരിച്ചുപിടിച്ചിരിക്കുകയാണ്. ജില്ലയില്‍ എല്‍.ഡി.എഫിന്റെ കൈയില്‍ നിന്ന് പോയ മൂന്നാമത്തെ മണ്ഡലമാണ് കൊടുങ്ങല്ലൂര്‍
മണലൂര്‍
2016 മന്ത്രിസഭയിലെ മികച്ച മന്ത്രിമാരിലൊരാളായ സി. രവീന്ദ്രനാഥ് ഒരിക്കല്‍കൂടി പാര്‍ട്ടിക്ക് വേണ്ടി മത്സരത്തിനിറങ്ങുന്ന കാഴ്ചയാണ് മണലൂരില്‍ കാണാന്‍ സാധിച്ചത്. യു.ഡി.എഫിന്റെ ടി.എന്‍ പ്രതാപന്‍ കടുത്ത മത്സരമാണ് രവീന്ദ്രനാഥിന് നല്‍കുന്നത്. 17ല്‍ 15 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ 774 വോട്ടിന്റെ നേരിയ ലീഡുമായി രവീന്ദ്രനാഥ് മുന്നിലാണ്. 2021ല്‍ 29000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുരളി പെരുനെല്ലി വിജയിച്ച മണ്ഡലം എല്‍.ഡി.എഫിന് നിലനിര്‍ത്താനാകുമോ എന്നാണ് ഉറ്റുനോക്കുന്നത്
നാട്ടിക
സിറ്റിങ് എം.എല്‍.എയായിരുന്ന സി.സി മുകുന്ദന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതോടെ ഹോട്ട്‌സീറ്റായി മാറിയ മണ്ഡലമായിരുന്നു നാട്ടിക. 2021ല്‍ 28341 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച മുകുന്ദന്‍ ഇത്തവണ മൂന്നാംസ്ഥാനത്തേക്ക് കൂപ്പുകുത്തി. 7093 വോട്ടുകളുടെ ലീഡില്‍ സി.പി.ഐ.എമ്മിന്റെ ഗീതാ ഗോപി വിജയിച്ചു.
ഒല്ലൂര്‍
കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് മാറിയ പത്മജ വേണുഗോപാല്‍, യു.ഡി.എഫിന്റെ ഷാജി ജെ.കെ എന്നിവരെ പിന്തള്ളിക്കൊണ്ട് കെ. രാജന്‍ തന്റെ സീറ്റ് നിലനിര്‍ത്തി. 21056ല്‍ നിന്ന് 7700ലേക്ക് ഭൂരിപക്ഷം കുറഞ്ഞെങ്കിലും എല്‍.ഡി.എഫിന്റെ ജയിച്ച മന്ത്രിമാരില്‍ ഒരാളായി കെ. രാജന്‍ മാറി.
പുതുക്കാട്
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കെ.എം. ബാബുരാജനെ 2853 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വലിയ ഇടിവാണ് കെ.കെ. രാമചന്ദ്രന് നേരിടേണ്ടി വന്നത്. 15 വര്‍ഷമായി എല്‍.ഡി.എഫിന്റെ ഉറച്ച മണ്ഡലമായ പുതുക്കാട് ഇത്തവണയും മുന്നണിയെ കൈവിട്ടില്ലെന്നത് ആശ്വാസം നല്‍കുന്നു.
തൃശൂര്‍
2021ല്‍ നേരിയ ഭൂരിപക്ഷത്തോടെ എന്‍.പി ബാലചന്ദ്രന്‍ വിജയിച്ച മണ്ഡലത്തില്‍ ഇത്തവണ ആലങ്കോട് ലീലാകൃഷ്ണന് കാലിടറി. യു.ഡി.എഫിന്റെ രാജന്‍ ജെ. പള്ളനോട് 26803 വോട്ടിനാണ് സി.പി.ഐ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. എന്നാല്‍ നരേന്ദ്ര മോദി നേരിട്ട് പ്രചരണത്തിനിറങ്ങിയിട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍ പച്ചതൊട്ടില്ല. 2021ല്‍ സുരേഷ് ഗോപി കാത്തുസൂക്ഷിച്ച മൂന്നാം സ്ഥാനം ഇത്തവണ പത്മജയും ആര്‍ക്കും വിട്ടുകൊടുത്തില്ല.
വടക്കഞ്ചേരി
സേവ്യര്‍ ചിറ്റിലപ്പള്ളിയുടെ ഭൂരിപക്ഷത്തില്‍ 10000ത്തിലധികം വോട്ടുകളുടെ കുറവ് സംഭവിച്ചെങ്കിലും സീറ്റ് പോകാതെ പാര്‍ട്ടിയെ കാത്തു. കേരളത്തില്‍ പലയിടത്തും സി.പി.ഐ.എമ്മിന് തിരിച്ചടി നേരിട്ടെങ്കിലും സി.പി.ഐ തങ്ങളുടെ മണ്ഡലങ്ങള്‍ കൈവിടാതെ സൂക്ഷിച്ചതിന് തൃശൂര്‍ ജില്ല ഉദാഹരണമായി മാറി.
Content Highlight: Kerala Election 2026; LDF gets easy win Thrissur District