| Tuesday, 5th May 2026, 4:17 pm

ഭൂരിപക്ഷത്തില്‍ മാത്രമല്ല ശതമാനക്കണക്കിലും ഒന്നാമന്‍ കുഞ്ഞാപ്പ; 60ന് മുകളില്‍ നേടി 14 പേര്‍; ഇടതിലൊന്നാമന്‍ വിജിന്‍

ആദര്‍ശ് എം.കെ.

2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയാണ് ഐക്യജനാധിപത്യമുന്നണി അധികാരത്തിലേറുന്നത്. തങ്ങളുടെ കോട്ടകൊത്തളങ്ങള്‍ നിലനിര്‍ത്തിയതിനൊപ്പം ഇടതിന്റെ ശക്തികേന്ദ്രങ്ങളിലും കടന്നുകയറിയാണ് യു.ഡി.എഫ് അപ്രമാദിത്തം സ്ഥാപിച്ചത്. ഭരണമാറ്റ വികാരത്തിനൊപ്പം പ്രചരണതന്ത്രങ്ങളിലെ പാളിച്ചകളും ചില മണ്ഡലങ്ങളിലെങ്കിലും സ്ഥാനര്‍ത്ഥിത്വത്തിലെ പോരായ്മകളും എല്‍.ഡി.എഫിനെ വന്‍ തോല്‍വിയിലേക്ക് തള്ളിയിട്ടു.

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനും രാഷ്ട്രീയ കേരളം സാക്ഷിയായി. വേങ്ങരയില്‍ നിന്നും മലപ്പുറത്തേക്ക് തട്ടകം മാറ്റിയ പി.കെ. കുഞ്ഞാലിക്കുട്ടി വിജയിച്ചുകയറിയത് 85,327 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്.

പി.കെ. കുഞ്ഞാലിക്കുട്ടി

1,94,745 വോട്ടുകള്‍ ആകെ പോള്‍ ചെയ്തപ്പോള്‍ അതില്‍ 1,31,632 വോട്ടുകളും കുഞ്ഞാലിക്കുട്ടി പെട്ടിയിലെത്തിച്ചു. എന്‍.സി.പി (എസ്.പി)യിലെ കെ.ടി. മുജീബ് റഹ്‌മാനെയാണ് എല്‍.ഡി.എഫ് കളത്തിലിറക്കിയത്. ലീഗിന്റെ ഉറച്ച കോട്ടയില്‍ 46,305 വോട്ടുകളാണ് മുജീബ് റഹ്‌മാന്‍ സ്വന്തമാക്കിയത്.

ഭൂരിപക്ഷത്തില്‍ മാത്രമല്ല, പെട്ടിയിലെത്തിച്ച വോട്ടുകളുടെ ശതമാനക്കണക്കിലും ഒന്നാമന്‍ കുഞ്ഞാലിക്കുട്ടിയാണ്. മലപ്പുറം മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്ത 68 ശതമാനം വോട്ടുകളും കുഞ്ഞാലിക്കുട്ടി തന്നെയാണ് സ്വന്തമാക്കിയത്. മറ്റ് ഏഴ് സ്ഥാനാര്‍ത്ഥികളും ചേര്‍ന്ന് സ്വന്തമാക്കിയത് വെറും 32 ശതമാനം വോട്ടുകള്‍ മാത്രം.

ശതമാനക്കണക്കില്‍ ചാണ്ടി ഉമ്മനാണ് രണ്ടാമന്‍. പുതുപ്പള്ളിയില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 66 ശതമാനവും ചാണ്ടി ഉമ്മന്‍ സ്വന്തമാക്കി. 1,28,180 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ 84,031 വോട്ടുകള്‍ ചാണ്ടി ഉമ്മന്റെ പേരിലാണ് കുറിക്കപ്പെട്ടത്.

ചാണ്ടി ഉമ്മന്‍

ഇടത് സ്ഥാനാര്‍ത്ഥി കെ.എം. രാധാകൃഷ്ണന്‍ 31,124 വോട്ടുകളിലൊതുങ്ങിയപ്പോള്‍ ചാണ്ടി ഉമ്മന്‍ 52,907 വോട്ടുകള്‍ക്ക് തിളക്കമാര്‍ന്ന വിജയം നേടിയെടുത്തു.

പി.എം.എ സമീര്‍ – തിരൂരങ്ങാടി (64%), കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ – കോട്ടയ്ക്കല്‍ (62%), ടി.പി. അഷ്‌റഫലി – കൊണ്ടോട്ടി (61%), സജീവ് ജോസഫ് – ഇരിക്കൂര്‍ (60%), ആര്യാടന്‍ ഷൗക്കത്ത് – നിലമ്പൂര്‍ (61%), എ.പി. അനില്‍കുമാര്‍ – വണ്ടൂര്‍ (60%), അഡ്വ. എം. റഹ്‌മത്തുള്ള – മഞ്ചേരി (60%), മഞ്ഞളാംകുഴി അലി – മങ്കട (60%), റോജി എം. ജോണ്‍ – അങ്കമാലി (60%) എന്നിവരാണ് 60 ശതമാനത്തിന് മുകളില്‍ വോട്ട് പിടിച്ച മറ്റ് സ്ഥാനാര്‍ത്ഥികള്‍. ഇവരെല്ലാവരും യു.ഡി.എഫില്‍ നിന്നാണെന്നും, ഇതില്‍ ഭൂരിഭാഗവും മുസ്‌ലിം ലീഗ് നേതാക്കള്‍ ആണെന്നതും ശ്രദ്ധേയമാണ്.

ഇടതുപക്ഷത്തില്‍ ഏറ്റവുമധികം ശതമാനം വോട്ടുകള്‍ നേടിയത് എം. വിജിനാണ്. കല്യാശ്ശേരിയില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 51 ശതമാനവും നേടിയാണ് വിജിന്‍ വിജയം സ്വന്തമാക്കിയത്. പോള്‍ ചെയ്ത 1,59,833 വോട്ടുകളില്‍ 81,428 വോട്ടുകള്‍ വിജിന്‍ പെട്ടിയിലെത്തിച്ചു. 62,995 വോട്ടുകളാണ് കോണ്‍ഗ്രസിന്റെ രാജീവന്‍ കപ്പച്ചേരി പിടിച്ചത്.

എം. വിജിന്‍

ഇടതിന്റെ പരമ്പരാഗത മണ്ഡലത്തില്‍ 18,433 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് വിജിനുണ്ടായിരുന്നത്. കഴിഞ്ഞ തവണ ഇതേ മണ്ഡലത്തില്‍ 44,393 വോട്ടുകള്‍ക്കായിരുന്നു വിജിന്റെ വിജയം.

പിണറായി വിജയന്‍ – ധര്‍മടം (50%), കാരായി രാജന്‍ – തലശ്ശേരി (48%), വി.കെ. സനോജ് – മട്ടന്നൂര്‍ (48%) എന്നിവരാണ് ഇടതുപക്ഷത്തില്‍ പോള്‍ ചെയ്തതില്‍ ഏറ്റവുമധികം വോട്ട് നേടിയ സ്ഥാനാര്‍ത്ഥികള്‍.

Content Highlight: Kerala Election 2026: Candidates with the highest percentage of votes

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more