| Thursday, 26th November 2026, 1:43 pm

അയ്യരുടെ പഞ്ചാബിനെയും വെട്ടി കേരള കൊടുങ്കാറ്റ്; അസറുദ്ദീന്റെ സെഞ്ച്വറിയില്‍ പിറന്നത് ചരിത്ര നേട്ടം!

ശ്രീരാഗ് പാറക്കല്‍

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി കേരളം. ഹിമാചല്‍ പ്രദേശിനെതിരായ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്ത കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സാണ് അടിച്ചെടുത്തത്.

സൂപ്പര്‍ താരവും ഓപ്പണറുമായ മുഹമ്മദ് അസറുദ്ദീനന്റെ വെടിക്കെട്ട് സെഞ്ച്വറി കരുത്തിലാണ് കേരളം കൂറ്റന്‍ സ്‌കോറിലെത്തിയത്. 57 പന്തില്‍ 101 റണ്‍സ് നേടിയാണ് താരം കളം വിട്ടത്. എട്ട് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെയാണ് താരം കേരളത്തിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത്. 177.19 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ഇതോടെ ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനും കേരളത്തിന് സാധിച്ചിരിക്കുകയാണ്. ന്യൂ ചണ്ഡീഗഢ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടി-20യില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കുന്ന ടീമാകാനാണ് കേരളത്തിന് സാധിച്ചത്. ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സ് നേടിയ റെക്കോഡാണ് കേരളം കിടിലന്‍ ബാറ്റിങ് പ്രകടനത്തില്‍ മറികടന്നത്.

ന്യൂ ചണ്ഡീഗഢില്‍ ടി-20യിലെ ഉയര്‍ന്ന ടീം ടോട്ടലുകള്‍

ടീം, സ്‌കോര്‍, എതിരാളികള്‍, വര്‍ഷം എന്ന ക്രമത്തില്‍

കേരളം – 268/4 – ഹിമാചല്‍ പ്രദേശ് – 2026

പഞ്ചാബ് കിങ്‌സ് – 254/7 – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 2026

മധ്യപ്രദേശ് – 250/6 – അസം – 2026

രാജസ്ഥാന്‍ റോയല്‍സ് – 243/8 – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 2026

കേരളത്തിനായി 44 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തിളങ്ങിയത്. 21 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 44 റണ്‍സാണ് താരം നേടിയത്. 209.52 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ ബാറ്റിങ്.

16 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 35 റണ്‍സ് നേടിയ രോഹന്‍ കുന്നുമ്മലും തിളങ്ങി. വിഷ്ണു വിനോദ് 11 പന്തില്‍ 22 റണ്‍സ് നേടിയപ്പോള്‍ സല്‍മാന്‍ നിസാര്‍ 26* റണ്‍സും അബ്ദുള്‍ ബാസിത് 24* റണ്‍സും നേടി പുറത്താകാതെ നിന്നു.

ഹിമാചല്‍ പ്രദേശിന് വേണ്ടി മൃദുല്‍ പ്രവീണ്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അര്‍പിത്, ആര്യമാന്‍ സിങ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Kerala delivers a spectacular batting performance against Himachal Pradesh in the Syed Mushtaq Ali Trophy

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more