| Friday, 31st July 2026, 4:01 pm

കപ്പ് കേരളത്തിലേക്ക്; ഹിമാചലിനെ തകര്‍ത്ത് സീചെം ട്രോഫി തൂക്കി

സുദേവ് എ

2026 സീചെം ട്രോഫിയില്‍ ചാമ്പ്യന്മാരായി കേരളം. പോണ്ടിച്ചേരിയില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ഹിമാചല്‍ പ്രദേശിനെ 48 റണ്‍സിന് വീഴ്ത്തിയാണ് കേരളത്തിന്റെ പെണ്‍പട കിരീടം കൈപ്പിടിയിലാക്കിയത്.

ടൂര്‍ണമെന്റില്‍ ഒരു മത്സരത്തില്‍ മാത്രമായിരുന്നു കേരളം പരാജയപ്പെട്ടത്. ബാക്കിയുള്ള മത്സരങ്ങളിലെല്ലാം മുന്നിലുള്ള എതിരാളികളെയെല്ലാം തകര്‍ത്താണ് കേരളം കിരീടത്തിലേക്ക് കുതിച്ചത്. അണ്ടര്‍ 19 സീചെം ട്രോഫിയിലും കേരളം ഇതിന് മുമ്പ് കിരീടം നേടിയിട്ടുണ്ട്.

മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് ഹിമാചലിനെ നേരെ ഉയര്‍ത്തിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഹിമാചല്‍ പ്രദേശ് 18.3 ഓവറില്‍ വെറും 98 റണ്‍സിന് പുറത്തായി.

കേരളത്തിനായി ബൗളിങ്ങില്‍ നിയ നസ്നീ മിന്നും പ്രകടനം പുറത്തെടുത്തപ്പോള്‍ ഹിമാചല്‍ പ്രദേശ് ബാറ്റിങ് നിര തകരുകയായിരുന്നു. നാല് ഓവറില്‍ രണ്ട് മെയ്ഡന്‍ ഓവറുകള്‍ അടക്കം വെറും എട്ട് റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റുകള്‍ നേടിയാണ് നിയ കേരളത്തിന്റെ ഹീറോയായത്.

മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയതും നിയ തന്നെയാണ്. കേരളത്തിനായി മൃദുല വി.എസ്, ടി. ഷാനി എന്നിവര്‍ രണ്ട് വീതം വിക്കറ്റും സജന സജീവന്‍ ഒരു വിക്കറ്റും നേടി ഹിമാചലിന്റെ പതനം പൂര്‍ത്തിയാക്കി.

ഹിമാചല്‍ പ്രാദേശിനായി 40 റണ്‍സ് നേടി ഹെര്‍ലീന്‍ ഡിയോളും 30 റണ്‍സുമായി ഹിമാന്‍ഷി മേത്തയും പൊരുതി നിന്നു. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും രണ്ടക്കം കാണാനാവാത്തതും ഹിമാചലിന് തിരിച്ചടിയായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി ഓപ്പണര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തിയത്. കിരണ്‍ നവ്ഗിരെ 34 റണ്‍സും ഷാനി 30 റണ്‍സും നേടിയാണ് തിളങ്ങിയത്. നജ്ല സി.എം.സി 24 റണ്‍സും നിയ 15 റണ്‍സും നേടി ടീമിന് മാന്യമായ ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി.

ഹിമാചല്‍പ്രദേശ് ബൗളിങ് നിരയില്‍ നീന ചൗധരി നാല് വിക്കറ്റുകള്‍ വീഴ്ത്തി കരുത്തുകാട്ടി. യമുന വി. റാണ രണ്ട് വിക്കറ്റും നേടി.

Content Highlight: Kerala defeats Himachal Pradesh to become champions of the 2026 Siechem Trophy

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more