| Monday, 16th November 2026, 8:48 pm

മഹാരാഷ്ട്രയെ മലര്‍ത്തിയടിച്ച് കേരളം; ചേട്ടനും പിള്ളേരും ഫുള്‍ ഓണ്‍ പവറില്‍!

ശ്രീരാഗ് പാറക്കല്‍

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ വിജയവുമായി കേരളം. പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മഹാരാഷ്ട്രയ്‌ക്കെതിരെ 94 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് കേരളം സ്വന്തമാക്കിയത്. എട്ട് വിക്കറ്റ് നഷ്ടത്തില്‍ കേരളം ഉയര്‍ത്തിയ 212 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ഇറങ്ങിയ മഹാരാഷ്ട്ര 16 ഓവറില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു.

ആദ്യ മത്സരത്തില്‍ മധ്യപ്രദേശിനെതിരെ പരാജയപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ സഞ്ജു സാംസണും പിള്ളേരും വമ്പന്‍ തിരിച്ചുവരവാണ് രണ്ടാം മത്സരത്തില്‍ നടത്തിയത്.

കേരളത്തിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് രോഹന്‍ കുന്നുമ്മലാണ്. 47 പന്തില്‍ മൂന്ന് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 75 റണ്‍സാണ് താരം നേടിയത്. 159.57 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് രോഹന്‍ ബാറ്റ് വീശിയത്.

ക്യാപ്റ്റന്‍ സഞ്ജു നാലാമനായി ഇറങ്ങി 16 പന്തില്‍ അഞ്ച് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 47 റണ്‍സ് നേടിയാണ് മടങ്ങിയത്. 293.75 എന്ന സൂപ്പര്‍ സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ടായിരുന്നു.

മഹാരാഷ്ട്രയ്ക്ക് വേണ്ടി മുകേഷ് ചൗദരി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ വിക്കി ഒസ്വാള്‍ രണ്ട് വിക്കറ്റും രാമകൃഷ്ണ ഘോഷ്, പ്രശാന്ത് ശോലാങ്കി എന്നിവര്‍ ഒരു വിക്കറ്റും നേടി. മഹാരാഷ്ട്രയ്ക്ക് വേണ്ടി 21 പന്തില്‍ 28 റണ്‍സ് നേടിയ രാമകൃഷ്ണ ഘോഷാണ് ടോപ് സ്‌കോറര്‍.

കേരളത്തിന്റെ സൂപ്പര്‍ ബൗളര്‍ എം.ഡി നിധീഷിന്റെ തീ പാറും ബൗളിങ്ങിലാണ് മഹാരാഷ്ട്രയെ എളുപ്പം കീഴ്‌പ്പെടുത്താനായത്. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയാണ് താരം തിളങ്ങിയത്. ബിജു നാരായണന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കാര്‍ത്തിക് ഒരു വിക്കറ്റും നേടി.

അതേസമയം നവംബര്‍ 18നാണ് കേരളത്തിന്റെ അടുത്ത മത്സരം. ആന്ധ്രയാണ് എതിരാളി.

Content Highlight: Kerala Defeat Maharashtra In Syed Mushtaq Ali Trophy

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more