| Tuesday, 23rd December 2025, 1:33 pm

സഞ്ജുവും കേരളവും നാളെ കളത്തില്‍; വെടിക്കെട്ട് പിറക്കുമോ?

ഫസീഹ പി.സി.

ഇന്ത്യയുടെ ആഭ്യന്തര ഏകദിന ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയ്ക്ക് നാളെ (ഡിസംബര്‍ 24) തുടക്കമാവും. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും കേരള ക്രിക്കറ്റ് ടീമും ആദ്യ ദിനം തന്നെ ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഇറങ്ങുന്നുണ്ട്. രോഹന്‍ കുന്നുമ്മലിന്റെ കീഴിലാണ് കേരളം വിജയ് ഹസാരെ ട്രോഫിക്ക് മാറ്റുരക്കാന്‍ ഒരുങ്ങുന്നത്.

സഞ്ജുവിനും രോഹനും പുറമെ, യുവതാരം വിഘ്നേശ് പുത്തൂര്‍, മുഹമ്മദ് അസറുദീന്‍, സല്‍മാന്‍ നിസാര്‍, അഹമ്മദ് ഇമ്രാന്‍, വിഷ്ണു വിനോദ്, എം.ഡി. നിധീഷ് എന്നീ മികച്ച താരങ്ങളും കേരള ടീമിലുണ്ട്. വിജയമെന്ന ഒറ്റ മന്ത്രത്തിലാണ് കേരള ടീം ടൂര്‍ണമെന്റിലെ ഓരോ മത്സരത്തിലും ഇറങ്ങുക.

സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള പരമ്പരയിലെ അവസാന മത്സരത്തിൽ ബാറ്റ് ചെയ്യുന്ന സഞ്ജു സാംസൺ . Photo: Team Samson/x.com

ടൂര്‍ണമെന്റില്‍ ടീമിന്റെ ആദ്യ മത്സരം നാളെ (ബുധന്‍) ത്രിപുരയുമായാണ്. അഹമ്മദാബാദിലെ ഗുജറാത്ത് കോളേജ് ഗ്രൗണ്ടിലാണ് മത്സരം നടക്കുക. രാവിലെ ഒമ്പത് മണിക്കാണ് ഈ മത്സരം അരങ്ങേറുക. ഈ മത്സരത്തില്‍ ആധികാരികമായ വിജയം സ്വന്തമാക്കി എലീറ്റ് ഗ്രൂപ്പ് എയില്‍ മുന്നിലെത്തുക എന്ന ലക്ഷ്യത്തോടെയാവും കേരളം കളിക്കാന്‍ എത്തുന്നത്.

ത്രിപുരക്ക് എതിരെ കേരളം കളത്തില്‍ ഇറങ്ങുമ്പോള്‍ തീര്‍ച്ചയായും സഞ്ജു തന്നെയായിരിക്കും ശ്രദ്ധാ കേന്ദ്രം. 2026 ടി – 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടതിന് ശേഷം താരം ഇറങ്ങുന്ന ആദ്യ ടൂര്‍ണമെന്റാണിത്. അതിനാല്‍ തന്നെ ടൂര്‍ണമെന്റില്‍ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പാണ്.

ഇതിനൊപ്പം തന്നെ സഞ്ജുവിന്റെ പ്രകടനത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി നടത്തിയ ബാറ്റിങ് പ്രകടനം ഈ ടൂര്‍ണമെന്റിലും ഉണ്ടാവുമോയെന്നാണ് ആരാധകരുടെ ആകാംഷ. മലയാളികള്‍ ഒന്നടങ്കം സഞ്ജുവിന്റെ വെടിക്കെട്ട് കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.

മുഷ്‌താഖ്‌ അലി ട്രോഫിക്കിടെ സഞ്ജു സാംസൺ . Photo: Team Samson/x.com

അതേസമയം, ബാറ്റ് കൊണ്ട് മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ഏകദിന ടീമിലേക്ക് ഒരു തിരിച്ച് വരവായിരിക്കും സഞ്ജുവിന്റെ ലക്ഷ്യം. 2023ലാണ് മലയാളി താരം അവസാനമായി ഇന്ത്യക്കായി 50 ഓവര്‍ ക്രിക്കറ്റില്‍ കളിച്ചത്. അടുത്ത മാസം ഇന്ത്യയ്ക്ക് ന്യൂസിലാന്‍ഡിനോട് ഏകദിന പരമ്പരയുണ്ട്. അതിനാല്‍ തന്നെ സഞ്ജുവടക്കമുള്ള ടൂര്‍ണമെന്റില്‍ കളിക്കുന്ന പല താരങ്ങളും ഉന്നം വെക്കുന്നത് ഈ ടീമിലൊരു സ്ഥാനമാണ്.

വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീം സ്‌ക്വാഡ്

രോഹന്‍ കുന്നുമ്മല്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഹമ്മദ് ഇമ്രാന്‍, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് അസറുദീന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍, അഭിഷേക് ജെ. നായര്‍, കൃഷ്ണ പ്രസാദ്, അഖില്‍ സ്‌കറിയ, അഭിജിത് പ്രവീണ്‍ വി. ബിജു നാരായണ്‍, അങ്കിത് ശര്‍മ, ബാബ അപരാജിത്, വിഘ്നേശ് പുത്തൂര്‍, നിധീഷ് എം.ഡി, ആസിഫ് കെ.എം, അഭിഷേക് പി. നായര്‍, ഷറഫുദീന്‍ എന്‍.എം. ഈഡന്‍ ആപ്പിള്‍ ടോം

Content Highlight: Kerala Cricket Team and Sanju Samson will play tomorrow in Vijay Hazare Trophy

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more