കോട്ടയം: മുന്നണി മാറ്റം തള്ളി കേരള കോൺഗ്രസ് (എം) എം.എൽ.എമാർ. എൽ.ഡി.എഫിൽ ഉറച്ചുനിൽക്കുമെന്നും പാർട്ടിയുടെ നിലപാടിൽ മാറ്റമില്ലെന്നും എം.എൽ.എമാർ അറിയിച്ചു.
മുന്നണിമാറ്റം തുറക്കാത്തൊരു പുസ്തകമാണെന്നും അഭ്യൂഹങ്ങൾക്ക് സ്ഥാനമില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
പാർട്ടി ചെയർമാൻ ജോസ് കെ. മാണി നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും അതിനപ്പുറം ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ.എമാരായ സെബാസ്റ്റിയൻ കൊളിത്തിങ്കൽ, ജോബ് മൈക്കിൾ, എം. ജയരാജ് എന്നിവർ കോട്ടയത്ത് നടക്കുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ മുന്നണിമാറ്റ വിഷയം ചർച്ചയാകില്ലെന്നും
അവർ വ്യക്തമാക്കി. യു.ഡി.എഫിന്റെ മനംമാറ്റം നല്ലതാണെന്നും അവർ കൂട്ടിച്ചേർത്തു
സോഷ്യൽ മീഡിയ പോസ്റ്റല്ല, പാർട്ടിയുടെ നിലപാടാണ് പ്രധാനമെന്നും പാർട്ടി നന്നായിരിക്കുമ്പോൾ ഇത്തരത്തിൽ വ്യാജപ്രചരണം നടത്തരുതെന്നും അവർ പറഞ്ഞു.
മുന്നണിമാറ്റം ആഗ്രഹിക്കുന്ന തരത്തിൽ തങ്ങൾ എം.എൽ.എമാർ ഒരു സ്വകാര്യ സംഭാഷണം പോലും നടത്തിയിട്ടില്ലെന്നും ഊഹാപോഹങ്ങൾ പർവതീകരിച്ച് സൃഷ്ടിക്കുന്ന വാർത്തകൾക്ക് ഒരു അടിസ്ഥാനവുമില്ലെന്നും എം.എൽ.എമാർ പറഞ്ഞു.
ഇത്രയുംകാലം പാർട്ടിയെ ഇല്ലാതാക്കാൻ ഒളിഞ്ഞും തെളിഞ്ഞും പല ശ്രമങ്ങളും നടന്നിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ചാണ് ഇതുവരെ പാർട്ടി മുന്നോട്ട് പോയത്. പാർട്ടി നന്നായി വരുന്നുണ്ടെന്ന് കാണുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം കേരള കോൺഗ്രസ് (എം) യു.ഡി.എഫിലേക്ക് വരുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും എൽ.ഡി.എഫിലെയും എൻ.ഡി.എയിലെയും കക്ഷികൾ യു.ഡി.എഫിലേക്ക് വരുമെന്നാണ് താൻ പറഞ്ഞതെന്നും പ്രതിക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.
കേരള കോൺഗ്രസ് എമ്മുമായി ചർച്ച നടത്തിയില്ലെന്നും ആ പാർട്ടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തില്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Content Highlight: Kerala Congress (M) MLAs reject front change