തിരുവനന്തപുരം: ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി)യുടെ ഒദ്യോഗിക ‘എക്‌സ്’ അക്കൗണ്ടില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് പോസ്റ്റ് നീക്കം ചെയ്തു. ഉത്തരവാദിയായ വ്യക്തിയെ സ്ഥാനത്തുനിന്ന് നീക്കിയെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കെ.പി.സി.സി തിങ്കളാഴ്ച അറിയിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റാണ് കെ.പി.സി.സിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ത്യാ മുന്നണി നേതാക്കളും കൂടിക്കാഴ്ചയ്ക്ക് നടത്തിയ അഭ്യര്‍ഥന ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരസിച്ചതിന് പിന്നാലെയാണ് ‘എക്‌സി’ല്‍ ഈ സന്ദേശം പ്രസിദ്ധീകരിച്ചതെന്നാണ് കരുതപ്പെടുന്നത്.
‘പ്രിയപ്പെട്ട സൂര്യകാന്ത്, ക്രമസമാധാനം നിങ്ങളുടെ മേഖലയല്ലെങ്കില്‍ ഇപ്പോള്‍ രാജിവയ്ക്കൂ. അത് കൈകാര്യം ചെയ്യാന്‍ കഴിയുന്ന നിങ്ങളുടെ പകരക്കാരനെ ഞങ്ങള്‍ കണ്ടെത്തും’ എന്നായിരുന്നു പോസ്റ്റ്.
വിവാദ പോസ്റ്റ് ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. ചീഫ് ജസ്റ്റിസിനെതിരെ ആക്ഷേപകരമായ പോസ്റ്റ് പ്രസിദ്ധീകരിച്ച വ്യക്തിയെ സ്ഥാനത്തുനിന്ന് നീക്കിയതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. കെ.പി.സി.സി നേതൃത്വത്തിന്റെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതികളുടെ നിഷ്പക്ഷത സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അഭിപ്രായവ്യത്യാസങ്ങളില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ഈ നിലപാടിന് വിരുദ്ധമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകള്‍ കെ.പി.സി.സി നേതൃത്വത്തിന്റെ നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രമന്ത്രി കിരണ്‍ റിജിജു പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്യുകയും വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും ചെയ്തു. ജുഡീഷ്യറിയായിരിക്കും പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യം എന്ന് എക്‌സിലൂടെ റിജിജു പറഞ്ഞു.
‘ഞാന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യം നീതിന്യായ വ്യവസ്ഥയായിരിക്കുമെന്ന്. ഇന്ത്യയിലെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യ സ്ഥാപനങ്ങളെയും തകര്‍ക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ഇന്ത്യാവിരുദ്ധരായ എല്ലാ സംഘങ്ങളും കൈകോര്‍ക്കുകയാണ്. രാജ്യസ്‌നേഹികളായ എല്ലാ ഇന്ത്യക്കാരും ഒരുമിച്ച് അണിനിരക്കും’, മന്ത്രി കുറിപ്പില്‍ പറഞ്ഞു.
Content Highlight: Kerala Congress fires person responsible for post asking CJI Surya Kant to resign.