| Friday, 9th October 2009, 4:45 pm

കേരള കോണ്‍ഗ്രസ് സെക്യുലര്‍ മാണിഗ്രൂപ്പില്‍ ലയിക്കും.

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കേരള കോണ്‍ഗ്രസ് സെക്യുലര്‍ മാണി ഗ്രൂപ്പില്‍ ലയിക്കാന്‍ ധാരണയായി. പാര്‍ട്ടിയുടെ ജന്മദിന സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ കോട്ടയത്തു ചേര്‍ന്ന സംസ്ഥാന നേതൃയോഗമാണു ലയന തീരുമാനം എടുത്തത്. പാര്‍ട്ടി അധ്യക്ഷന്‍ പി.സി ജോര്‍ജ് ഇതുസംബന്ധിച്ചുള്ള പാക്കേജ് സംസ്ഥാന നേതൃയോഗത്തില്‍ അവതരിപ്പിച്ചു.

ഈ മാസംതന്നെ ലയനമുണ്ടാകുമെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കി. മാണി ഗ്രൂപ്പുമായി ചര്‍ച്ചചെയ്ത് ഇതുസംബന്ധിച്ച് കൂടുതല്‍ തീരുമാനങ്ങളെടുക്കുന്നതിന് ഏഴംഗ സമിതിയ ചുമതലപ്പെടുത്തിയതായും പി.സി ജോര്‍ജ് പറഞ്ഞു.ഇവര്‍ മാണി ഗ്രൂപ്പ് നേതാക്കളുമായി ചര്‍ച്ച നടത്തും. പാര്‍ട്ടി നേതാക്കള്‍ക്ക് മാണിഗ്രൂപ്പില്‍ മതിയായ സ്ഥാനങ്ങള്‍ ഉറപ്പാക്കും. കേരള കോണ്‍ഗ്രസുകളില്‍ അടിത്തറയുള്ളത് മാണി ഗ്രൂപ്പിനാണെന്നും അതുകൊണ്ടാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യ കേരളാ കോണ്‍ഗ്രസ് എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയാണിത്. ഐക്യ കേരളാ കോണ്‍ഗ്രിന് പ്രധാന വിലങ്ങുതടിയായിരിക്കുന്നത് സ്ഥാനങ്ങള്‍ സംബന്ധിച്ച് ഭിന്നതയാണ്. തല്‍ക്കാലത്തേക്ക് ഇത് പരിഹരിക്കാന്‍ ആവാത്തതിനാലാണ് മാണി ഗ്രൂപ്പില്‍ ലയിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ലയനം സംബന്ധിച്ച് ഇന്നലെ രാത്രി കെ.എം മാണിയും പി.സി ജോര്‍ജ്ജും തമ്മില്‍ വിശദമായ ചര്‍ച്ച ഉണ്ടായതായി സൂചനയുണ്ട്.പി.സി ജോര്‍ജ്ജിനെ മാണി ഗ്രൂപ്പിന്റെ നിയമസഭാ കക്ഷിയുടെ ഉപനേതാവാക്കുമെന്നും മൂന്ന് ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങളും മൂന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങളും സെക്യൂലറിന് ലഭിക്കുന്ന തരത്തില്‍ സമവായത്തിലെത്തിയതായും അറിയുന്നു.

We use cookies to give you the best possible experience. Learn more