സയ്യിദ് മുസ്താഖ് അലി ടൂര്‍ണമെന്റില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരള ക്രിക്കറ്റ് ടീം. ഛത്തീസ്ഗഡിനെതിരെയായ മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ടീമിന്റെ വിജയം. ഓപ്പണിങ്ങില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ കരുത്തിലാണ് ടീമിന്റെ വിജയം.
ഛത്തീസ്ഗഡ് ഉയര്‍ത്തിയ 121 റണ്‍സിന്റെ വിജയലക്ഷ്യം കേരളം 56 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയിരുന്നു. ഇതോടെ സീസണിലെ രണ്ടാം ജയം ടീമിന് സ്വന്തമാക്കാനായി.
കേരളത്തിനായി ഓപ്പണിങ്ങില്‍ സഞ്ജുവും രോഹന്‍ കുന്നുമ്മലും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും സ്‌കോര്‍ ബോര്‍ഡിലേക്ക് 72 റണ്‍സ് ചേര്‍ത്തു. 15 പന്തില്‍ 43 റണ്‍സ് നേടിയ സഞ്ജു പുറത്തായതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. അഞ്ച് സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്.
സഞ്ജു പുറത്തായ സ്‌കോറിലേക്ക് 12 റണ്‍സ് കൂടി ചേരാത്തതിന് ശേഷം രോഹനും മടങ്ങി.17 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 33 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
ഛത്തീസ്ഗഡിനെതിരെ ബാറ്റ് ചെയ്യുന്ന സഞ്ജു സാംസണും രോഹൻ കുന്നുമ്മലും Photo: Screengrab from CHHvsKER
പിന്നാലെ ഒന്നിച്ച സല്‍മാന്‍ നിസാര്‍ – വിഷ്ണു വിനോദ് സഖ്യമാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. വിഷ്ണു 14 പന്തില്‍ പുറത്താവാതെ 22 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. സല്‍മാന്‍ 18 പന്തില്‍ 16 റണ്‍സെടുത്തു പുറത്താവാതെ നിന്നു.
ഛത്തീഗഡിനായി രവി കിരണും ശുഭം അഗര്‍വാളും ഓരോ വിക്കറ്റ് നേടി.
നേരത്തെ, ബാറ്റ് ചെയ്ത ഛത്തീഗഡ് ഒരു പന്ത് ബാക്കി നില്‍ക്കെ 120 റണ്‍സിന് പുറത്തായിരുന്നു. ടീമിനായി ക്യാപ്റ്റന്‍ മന്‍ദീപ് ഖാരെ 37 പന്തില്‍ 41 റണ്‍സ് നേടി. ഒപ്പം സഞ്ജീത് ദേശായി (23 പന്തില്‍ 35), ശശാങ്ക് ചന്ദ്രകര്‍ (20 പന്തില്‍ 17) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റാര്‍ക്കും മികച്ച ബാറ്റിങ് നടത്താനായില്ല.
കേരളത്തിനായി കെ.എം. ആസിഫ് മൂന്ന് വിക്കറ്റെടുത്തു. ഒപ്പം അരങ്ങേറ്റത്തിൽ മത്സരത്തിന് ഇറങ്ങിയ വിഘ്‌നേശ് പുത്തൂർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. കൂടെ അങ്കിത് ശർമയും രണ്ട് വിക്കറ്റ് നേടിയപ്പോൾ അബ്ദുൽ ബാസിത്, ശറഫുദ്ധീൻ, എം.ഡി. നിധീഷ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
Content Highlight: Kerala defeated Chhattisgarh in Syed Mushtaq Ali trophy with Sanju Samson’s performance