| Thursday, 23rd October 2025, 6:03 pm

'കലുങ്ക് തമ്പ്രാനിൽ നിന്നും ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കേരളത്തിന് കിട്ടാനില്ല': വി. ശിവൻകുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിൽ വിദ്യാഭ്യാസമുള്ള ഒരു വിദ്യാഭ്യാസ മന്ത്രി വരട്ടെയെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരിഹാസത്തിനെതിരെ പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.

കലുങ്ക് തമ്പ്രാനിൽ നിന്നും ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കേരളത്തിന് കിട്ടാനില്ലെന്നും കലുങ്കിസമാണ് സുരേഷ് ഗോപിയുടെ പ്രത്യയശാസ്ത്രമെന്നും മന്ത്രി പറഞ്ഞു.

‘ഒരു മൊട്ടു സൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനിൽ നിന്നും കേരളത്തിനില്ല…കലുങ്കിസമാണ് പുള്ളിയുടെ പ്രത്യയശാസ്ത്രം,’ വി. ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കുടുംബത്തെ കൊണ്ട് പോലും കള്ളവോട്ട് ചെയ്യിപ്പിച്ച ആളാണെന്നും അദ്ദേഹത്തിന്റെ വാക്കിന് നാട്ടുകാർ വില കൊടുക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. നാക്കെടുത്തൽ കള്ളത്തരം പറയുന്ന ആളാണ് സുരേഷ് ഗോപിയെന്നും താനൊന്നും കള്ളവോട്ടുകൊണ്ട് ജയിച്ചു വന്നവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായിൽ തോന്നിയത് വിളിച്ചു പറഞ്ഞാൽ നാട്ടുകാർ വിലകൊടുക്കില്ലെന്നും ആരുടേയും പ്രശ്നം കേൾക്കാൻ അദ്ദേഹത്തിന് സമയമില്ലെന്നും നിവേദനം നൽകുന്നവരെ പറഞ്ഞുവിടുമെന്നും ശിവൻകുട്ടി പറഞ്ഞു.

നിവേദനം വാങ്ങി കർചീഫ് വെച്ച് തുടച്ചു കളയുന്ന സിനിമ സ്റ്റൈൽ കലുങ്കിസമാണ് സുരേഷ് ഗോപിയുടെ സിദ്ധാന്തമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

ഇടുക്കി വട്ടവടയിൽ നടന്ന കലുങ്ക് ചർച്ചയിലായിരുന്നു വിദ്യാഭ്യാസമന്ത്രിക്കുനേരെ സുരേഷ്‌ഗോപിയുടെ പരാമർശം.

ഇപ്പോൾ എന്നും എന്നെ പരിഹസിക്കുന്നൊരു മന്ത്രിയുണ്ടെന്നും അവരെപ്പോലുള്ളവർക്ക് പകരം കേരളത്തിലേക്ക് നല്ല വിദ്യാഭ്യാസമുള്ള ഒരു വിദ്യാഭ്യാസ മന്ത്രി വരട്ടെയെന്നുമായിരുന്നു സുരേഷ്‌ ഗോപിയുടെ പരിഹാസ പരാമർശം.

വട്ടവടയിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

എന്നും വിമർശനങ്ങൾ നടത്തുന്ന ഒരു മന്ത്രിയിൽ നിന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളുകളൊന്നും പ്രതീക്ഷിക്കരുതന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

സുരേഷ്‌ ഗോപിക്കെതിരെ പലതവണയായി ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ വി. ശിവൻകുട്ടി രംഗത്തെത്തിയിരുന്നു.

Content Highlight: ‘Kerala cannot get even a single benefit from Kalunk Thampranan’: V. Sivankutty

We use cookies to give you the best possible experience. Learn more