| Thursday, 24th October 2019, 12:07 pm

അപ്പോ നമ്മളൊരുമിച്ച് അങ്ങിറുങ്ങവല്ലേ; ഒറ്റയാള്‍ പ്രകടനങ്ങളല്ല, മനുഷ്യരുടെ കൂട്ടായ പോരാട്ടങ്ങളാണ് ചരിത്രമെഴുതിയിട്ടുള്ളതെന്ന് വി.കെ പ്രശാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ തന്നെ ജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് വി.കെ പ്രശാന്ത്. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്‍.ഡി.എഫിനായി എല്ലാവരും വോട്ട് രേഖപ്പെടുത്തിയെന്ന് പ്രശാന്ത് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു  അദ്ദേഹത്തിന്റെ പ്രതികരണം.

14251 വോട്ടിനാണ് പ്രശാന്തിന്റെ ജയം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എല്‍.ഡി.എഫ് ഉപതെരഞ്ഞെടുപ്പില്‍ അതിശയിപ്പിക്കുന്ന ജയത്തിലേക്കാണ് എത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തുടക്കം മുതല്‍ വന്‍മുന്നേറ്റം കാഴ്ച വെച്ച് വി.കെ പ്രശാന്തിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മോഹന്‍കുമാറിന് ഒരിക്കലും ഭീഷണിയായില്ല. എന്‍.എസ്.എസ് പരസ്യമായി യു.ഡി.എഫിനായി രംഗത്തെത്തിയ വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് ജയം ശ്രദ്ധേയമാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വി.കെ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അഭിമാനാര്‍ഹമായ വിജയം സമ്മാനിച്ചതിന് നന്ദി ….

ഈ വിജയം വട്ടിയൂര്‍ക്കാവിലെ ഓരോ വ്യക്തികള്‍ക്കും, അതോടൊപ്പം കേരളത്തിനകത്തും രാജ്യത്തിന്റെ പലഭാഗത്ത് നിന്നും, നിരവധി വിദേശരാജ്യങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയിലൂടെയും, നേരിട്ടും പ്രചരണത്തിനും, പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്കിയ മുഴുവന്‍ സുഹൃത്തുക്കള്‍ക്കും സമര്‍പ്പിക്കുന്നു. എടുത്ത് പറയേണ്ടത് എന്റെ യുവസുഹൃത്തുക്കളോടാണ്. മതജാതി വിഭാഗീയ ചിന്തകളൊക്കെ മാറ്റിവച്ച് നാടിന്റെ മുന്നേറ്റത്തെ സഹായിക്കാനായി വോട്ടുചെയ്തവരും നിരവധിയാണ്. കക്ഷിരാഷ്ട്രീയം മാറ്റിവച്ചും LDFന് വോട്ടുചെയ്യാന്‍ നിരവധി ആളുകള്‍ മുന്നോട്ടുവന്നിട്ടുണ്ട് അവര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി.

ഏറ്റവും പ്രധാനമായി എണ്ണയിട്ട യന്ത്രം പോലെ, രാത്രിയെ പകലാക്കി കൈമെയ്യ് മറന്ന് പ്രവര്‍ത്തിച്ച എന്റെ പ്രിയപ്പെട്ട സഖാക്കളെ ഹൃദയത്തോട് ചേര്‍ത്ത് അഭിവാദ്യം ചെയ്യുന്നു. സഖാക്കളെ, നമ്മുടെ ഈ വിജയം ജനങ്ങള്‍ നമുക്ക് തന്ന അംഗീകാരമാണ്, നമ്മുടെ ശരിയായ രാഷ്ട്രീയത്തിനും, വികസന കാഴ്ചപ്പാടിനും, ദിശാബോധമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നല്കിയ അംഗീകാരം. തുടര്‍ന്നും നമുക്കതെല്ലാം കൂടുതല്‍ ശക്തമായി ഏറ്റെടുത്ത് മുന്നോട്ട് പോകണം. മുഴുവന്‍ സഖാക്കളും മണ്ഡലത്തിലെ ഓരോ വിഷയങ്ങളും ശ്രദ്ധാപൂര്‍വ്വം പരിഗണിച്ച് നമുക്കൊരുമിച്ച് പരിഹാരം കാണാന്‍ ശ്രമിക്കാം.

പ്രിയമുള്ളവരേ, തുടര്‍ന്നും നിങ്ങളുടെ പിന്തുണ അനിവാര്യമാണ്. ഒറ്റയാള്‍ പ്രകടനങ്ങളല്ല, മനുഷ്യരുടെ കൂട്ടായ പോരാട്ടങ്ങളാണ് ചരിത്രമെഴുതിയിട്ടുള്ളത്. വട്ടിയൂര്‍ക്കാവിന്റെ വികസന ചരിത്രം നമുക്കൊരുമിച്ച് എഴുതാം.
അഭിവാദ്യങ്ങള്‍.

#അപ്പോ_നമ്മളൊരുമിച്ച്_അങ്ങിറങ്ങുവല്ലേ

Latest Stories

We use cookies to give you the best possible experience. Learn more