കോഴിക്കോട്: സ്വകാര്യ ബസ് പണിമുടക്കുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ച പരാജയം. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ചു നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതോടെ സമരം തുടരുമെന്ന് ബസ് ഉടമകള്‍ അറിയിച്ചു.
വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കണം എന്നതടക്കമുള്ള തങ്ങളുടെ പ്രധാന ആവശ്യങ്ങളൊന്നും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ചര്‍ച്ചയ്ക്കുശേഷം ബസ് ഉടമകള്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൂട്ടിയ ബസ് ചാര്‍ജ് വീണ്ടും വര്‍ധിപ്പിക്കാന്‍ തയാറല്ലെന്നു മന്ത്രി കഴിഞ്ഞ ദിവസം ഭാരവാഹികളെ അറിയിച്ചിരുന്നു. എന്നാല്‍ യൂണിയന്‍ നേതാക്കളുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് മന്ത്രി അറിയിച്ചതിനെത്തുടര്‍ന്നാണ് ഇന്നു യോഗം ചേര്‍ന്നത്.
ഇതിനിടയില്‍ ചര്‍ച്ച തുടങ്ങിയതിനുശേഷം സ്ഥലത്തെത്തിയ യൂണിയന്‍ ഭാരവാഹിയെ പങ്കെടുപ്പിച്ചില്ലെന്ന് ആരോപിച്ച് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ചര്‍ച്ച നടക്കുന്ന ഗസ്റ്റ്ഹൗസിന് പുറത്ത് പ്രതിഷേധിക്കുകയുണ്ടായി. പൊലീസും മറ്റു യൂണിയന്‍ ഭാരവാഹികളും ചേര്‍ന്നാണു തര്‍ക്കം ഒഴിവാക്കിയത്.