| Friday, 25th September 2026, 7:17 pm

ഒരുവശത്ത് 320 കോടി മറ്റൊരു വശത്ത് 3 കോടി; ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തി ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍

അശ്വിന്‍ രാജേന്ദ്രന്‍

വലിയ കളക്ഷന്‍ നേടിയ ഒട്ടനവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയ വര്‍ഷമായിരുന്നു 2026. മോളിവുഡില്‍ രണ്ട് ഇന്‍ഡസ്ട്രി ഹിറ്റ് പിറന്ന ഈ വര്‍ഷം നൂറ് കോടി ചിത്രങ്ങളും ഇരുനൂറ് കോടി ചിത്രങ്ങളും ആവശ്യത്തിലധികമായിരുന്നു. ആട് 3, വാഴ 2, ദൃശ്യം 3, മോഹിനിയാട്ടം, അതിരടി, ഖലീഫ, ഐ ആം ഗെയിം, ബെത്‌ലഹേം കുടുംബയൂണിറ്റ് തുടങ്ങി കോടി ക്ലബുകളിലെത്തിയ ചിത്രങ്ങള്‍ ഒട്ടനവധിയായിരുന്നു. ഈ കൂട്ടത്തില്‍ നിന്നും മലയാള സിനിമയുടെ നെറുകയിലെത്തിയ ചിത്രമാണ് നിവിന്‍ പോളി നായകനായ ബെത്‌ലഹേം കുടുംബ യൂണിറ്റ്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

വളരെ ചെറിയ ഒരു റോം-കോം ചിത്രവുമായെത്തി ബോക്‌സ് ഓഫീസിന് തീയിട്ടിരിക്കുകയാണ് സംവിധായകന്‍ ഗിരീഷ് എ.ഡി. അങ്കമാലിയിലെ കറുകുറ്റിയിലെ ബെത്‌ലഹേം എന്ന കുടുംബ യൂണിറ്റില്‍ നടക്കുന്ന പ്രണയത്തെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം കേരള ബോക്സ് ഓഫീസില്‍ നിന്നും 150 കോടിയും ആഗോളതലത്തില്‍ 320 കോടിയും കടന്ന് മലയാളത്തിലെ സര്‍വകാല ഹിറ്റായി മാറിയിരിക്കുകയാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളുടെ കൂട്ടത്തില്‍ ജനനായകനെയും വെട്ടി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമെന്ന നേട്ടത്തിലാണ് ബെത്ലഹേം എത്തിയിരിക്കുന്നത്.

അതേസമയം റിലീസ് ചെയ്ത് ഒരാഴ്ച്ച പിന്നിടുമ്പോള്‍ മൂന്ന് കോടിയെന്ന മാര്‍ക്ക് പോലും പിന്നിടാന്‍ പെടാപ്പാട് പെടുകയാണ് ശ്യാമിന്‍ ഗിരീഷ് സംവിധാനം ചെയ്ത ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍. നിലീന്‍ സാന്ദ്ര തിരക്കഥയെഴുതി സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍, അഖില ഭാര്‍ഗവന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരു സോണിക് സൂപ്പര്‍ പവര്‍ ലഭിക്കുന്ന റൂബന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തെ പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. റിലീസ് ദിനം മുതല്‍ തന്നെ ചിത്രത്തിന് സമ്മിശ്ര പ്രതികരണം ലഭിച്ചതോടെ ചിത്രം ബോക്‌സ് ഓഫീസ് കളക്ഷനില്‍ കൂപ്പുകുത്തുകയായിരുന്നു.

ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍. Photo: X.com

റിലീസ് ചെയ്ത് ഏഴ് ദിവസം പിന്നിടുമ്പോള്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്നും ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളിന് നേടാനായിട്ടുള്ളത് 2.18 കോടി മാത്രമാണ്. ആഗോളതലത്തിലുള്ള കളക്ഷന്‍ കൂടെ ചേര്‍ക്കുമ്പോള്‍ ഇത് കഷ്ടിച്ച് മൂന്ന് കോടിയിലെത്തുന്നു. കേരള ബോക്‌സ് ഓഫീസില്‍ നിന്നും ബെത്‌ലഹേം കുടുംബ യൂണിറ്റ് തുടര്‍ച്ചയായി ഒരു മാസത്തോളം ഒരു കോടിയിലധികം കളക്ഷന്‍ നേടിയ സാഹചര്യം നിലനില്‍ക്കെയാണ് ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളിന് മൂന്ന് കോടി പോലും നേടാന്‍ സാധിക്കാത്തതെന്ന വസ്തുതയും ശ്രദ്ധേയമാണ്.

Content Highlight: Kerala Box office report of Bethlehem Kudumba Unit and Its a medical miracle

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more