ഇത്തവണത്തെ ഓണം ക്ലാഷിന് മൂന്ന് ചിത്രങ്ങള്‍ എത്തുമെന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ വലിയ ആവേശത്തിലായിരുന്നു സിനിമാ ലോകം. ഏതെങ്കിലും മൂന്ന് ചിത്രങ്ങള്‍ എന്നതിലുപരി മൂന്ന് മുന്‍നിര പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ മിനിമം ഗ്യാരണ്ടി നല്‍കുന്ന ചിത്രങ്ങളാണ് ഇവയെല്ലാം എന്നതായിരുന്നു പ്രതീക്ഷയുടെ മറ്റൊരു പ്രധാന കാരണം. മലയാളത്തിലെ മുന്‍നിര അഭിനേതാക്കളായ നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിവരുടെ ചിത്രങ്ങളാണിവയെന്നതും ഹൈപ്പുയര്‍ത്തുകയായിരുന്നു.
ബെത്‌ലഹേം കുടുംബ യൂണിറ്റ് . Photo: X.com
എന്നാല്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഐ ആം ഗെയിം അവസാന നിമിഷം റിലീസ് മാറ്റിവെച്ചതോടെ നിവിന്‍ പോളിയും പൃഥ്വിയും തമ്മിലായിരുന്നു തിയേറ്ററുകളില്‍ പോരാട്ടം. എന്നാല്‍ പൃഥ്വിയുടെ ഖലീഫയെ മാത്രമല്ല റിലീസ് ദിനം മുതല്‍ കഴിഞ്ഞയാഴ്ച്ച റിലീസ് ചെയ്ത ചിത്രങ്ങളെയെല്ലാം മലര്‍ത്തിയടിച്ചുകൊണ്ടായിരുന്നു നിവിന്‍ പോളിയുടെ ബെത്‌ലഹേം കുടുംബ യൂണിറ്റ് ചരിത്രവിജയം സ്വന്തമാക്കിയത്. കേരള ബോക്‌സ് ഓഫീസില്‍ നിന്നും 320 കോടിയിലധികം നേടി മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമായി ബെത്‌ലഹേം മാറിയിരിക്കുകയാണ്. കേരള ബോക്‌സ് ഓഫീസില്‍ നിന്നും 150 കോടി നേടുന്ന ആദ്യ ചിത്രമെന്ന റെക്കോഡും ഗിരീഷ് എ.ഡി ചിത്രം സ്വന്തമാക്കിയിരുന്നു.
എന്നാല്‍ വമ്പന്‍ ഹൈപ്പിലെത്തിയ ഖലീഫയ്ക്ക് പ്രതീക്ഷിച്ച പ്രകടനം ബോക്‌സ് ഓഫീസില്‍ കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. മോഹന്‍ലാല്‍, ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവര്‍ കാമിയോ റോളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. കേരള ബോക്‌സ് ഓഫീസില്‍ നിന്നും 22 കോടി മാത്രം നേടിയ ചിത്രം ആഗോള തലത്തില്‍ അമ്പത് കോടി പോലും നേടാനാകാതെയാണ് തിയേറ്റര്‍ വിട്ടത്.
ഐ ആം ഗെയിം. Photo: X.com
അതേസമയം ഓണത്തിന് പകരം സെപ്റ്റംബര്‍ മൂന്നിന് തിയേറ്ററുകളിലെത്തിയ ഐ ആം ഗെയ്മിന്റെ അവസ്ഥ പരിതാപകരമായിരുന്നു. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദയാത്ത് സംവിധാനം ചെയ്ത ഐ ആം ഗെയിം മലയാളത്തില്‍ ഇന്നേവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രം എന്ന പ്രത്യേകതയോടെയായിരുന്നു റിലീസിനെത്തിയത്. എന്നാല്‍ പ്രതീക്ഷിച്ച പ്രതികരണം ലഭിക്കാതിരിക്കുകയും കുടുംബപ്രേക്ഷകര്‍ ബെത്‌ലഹേമിനെ ഏറ്റെടുക്കുകയും ചെയ്തതോടെ മുടക്കുമുതല്‍ നേടാനാകാതെയാണ് ഐ ആം ഗെയിം തിയേറ്ററില്‍ അന്ത്യശ്വാസം വലിച്ചത്. 18.27 കോടി മാത്രം നേടി ഖലീഫയ്ക്കും പിറകില്‍ മൂന്നാം സ്ഥാനത്താണ് ഐ ആം ഗെയിമിന്റെ കേരള ബോക്‌സ് ഓഫീസിലെ സ്ഥാനം. ആഗോള ബോക്‌സ് ഓഫീസിലിത് 48 കോടിയാണെന്നും സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlight: Kerala Box Office report of 3 Films including Bethlehem