| Friday, 11th September 2026, 9:25 am

ഇരുപതാം ദിനത്തില്‍ രണ്ടരക്കോടിയുമായി ബെത്‌ലഹേം, ഏഴാം ദിനത്തില്‍ അരക്കോടിയുമായി ഐ ആം ഗെയിം

അശ്വിന്‍ രാജേന്ദ്രന്‍

അനൗണ്‍സ്‌മെന്റ് മുതല്‍ തന്നെ മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ വെച്ച് പുലര്‍ത്തിയ ചിത്രങ്ങളായിരുന്നു നിവിന്‍ പോളി നായകനായ ബെത്‌ലഹേം കുടുംബ യൂണിറ്റും ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഐ ആം ഗെയിമും. ഇരു ചിത്രങ്ങളും ഓണം റിലീസായി തിയേറ്ററുകളിലെത്തും എന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ സിനിമാ ലോകം ഒട്ടാകെ വലിയ ആവേശത്തിലായിരുന്നു. വേഫെറര്‍ ഫിലിംസ്, ഭാവന സ്റ്റുഡിയോസ് തുടങ്ങി മലയാളത്തിലെ മിനിമം ഗ്യാരണ്ടി നല്‍കുന്ന പ്രൊഡക്ഷന്‍ ഹൗസുകളില്‍ നിന്നും വരുന്ന ചിത്രമെന്ന വിശേഷണം തന്നെ ഇരു ചിത്രങ്ങളുടെയും കാത്തിരിപ്പിന് ആക്കം കൂട്ടിയിരുന്നു.

ബെത്‌ലഹേം, Photo: X.com

പറഞ്ഞുറപ്പിച്ച പോലെ ആഗസ്റ്റ് 21ന് തന്നെ ബെത്‌ലഹേം തിയേറ്ററുകളിലെത്തിയെങ്കിലും സെപ്റ്റംബര്‍ മൂന്നിലേക്ക് ഐ ആം ഗെയിം റിലീസ് മാറ്റിവെക്കുകയായിരുന്നു. ഓണം വെക്കേഷന്‍ ലക്ഷ്യം വെച്ചെത്തിയ ബെത്‌ലഹേമിന് വമ്പന്‍ വരവേല്പാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് നിവിന്‍ പോളി, മമിത ബൈജു, സംഗീത് പ്രതാപ്, റോഷന്‍ ഷാനവാസ്, സുരേഷ് കൃഷ്ണ, ശ്രിന്ദ, മീനാക്ഷി തുടങ്ങി വലിയ താരനിര തന്നെ അണിനിരന്ന ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ അതിവേഗം നൂറ് കോടിയും ഇരുനൂറ് കോടിയും പിന്നിട്ട് മുന്നൂറ് കോടിയിലേക്ക് മുന്നേറുകയാണ്.

ആഗോളതലത്തില്‍ ഇതുവരെ 284 കോടിയിലധികം ബെത്‌ലഹേം സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരള ബോക്‌സ് ഓഫീസില്‍ വാഴ 2വിനെയും വെട്ടി ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം ബെത്‌ലഹേം സ്വന്തമാക്കിയിരുന്നു. മലയാളത്തിലെ ഹൈയസ്റ്റ് ഗ്രോസറായ ലോകഃയുടെ കളക്ഷന്‍ ചിത്രം ഞായറാഴ്ചയിലെ കളക്ഷനോടെ തകര്‍ക്കുമെന്നാണ് സിനിമാ പേജുകള്‍ വിലയിരുത്തുന്നത്.

ഐ ആം ഗെയിം. Photo: X.com

റിലീസ് ചെയ്ത് ഇരുപതാം ദിനത്തിലേക്കെത്തിയപ്പോഴും കേരളാ ബോക്‌സ് ഓഫീസില്‍ ബെത്‌ലഹേം സമഗ്രാധിപത്യം തുടരുന്ന കാഴ്ചയ്ക്കാണ് സിനിമാ ലോകം സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രമായി ചിത്രം കേരള ബോക്‌സ് ഓഫീസീല്‍ നിന്നും മാത്രമായി നേടിയിരിക്കുന്നത് 2.50 കോടി രൂപയാണ്. ഒരാഴ്ച മുമ്പ് മാത്രം റിലീസ് ചെയ്ത ദുല്‍ഖറിന്റെ ബിഗ് ബജറ്റ് ചിത്രം ഐ ആം ഗെയിം നേടിയിരിക്കുന്നത് 65 ലക്ഷം മാത്രമാണെന്ന കണക്കുകള്‍ ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കുമ്പോഴാണ് ബെത്‌ലഹേമിന്റെ ആധിപത്യം വെളിവാകുന്നത്.

അഞ്ച് ഭാഷകളിലായി റിലീസ് ചെയ്ത ഐ ആം ഗെയ്മിന് സമ്മിശ്ര പ്രതികരണം ലഭിച്ചതോടെ ആദ്യ ആഴ്ചയില്‍ കളക്ഷനില്‍ വലിയ ഇടിവാണ് ചിത്രത്തിന് സംഭവിച്ചിരിക്കുന്നത്. ബെത്‌ലഹേമിനെ കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തും ഐ ആം ഗെയ്മിനെ പ്രതികൂലമായി ബാധിച്ചു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlight: Kerala Box Office collection report of I’m Game and Bethlehem Kudumba Unit

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more