ദീപാവലിയ്ക്ക് മൂന്ന് ചിത്രങ്ങളായിരുന്നു കേരള ബോക്‌സ് ഓഫീസില്‍ പ്രധാനമായും ഏറ്റുമുട്ടിയത്. ബിഗ് ബജറ്റ് ചിത്രമായ രാമായണ പാര്‍ട്ട് വണ്ണിനൊപ്പം തമിഴ് ചിത്രമായ സീനും ഏറ്റുമുട്ടിയപ്പോള്‍ മലയാളത്തില്‍ നിന്നും ക്ലാഷിനെത്തിയത് ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്ത ഡിസ്‌കോയായിരുന്നു. ഇതില്‍ അന്യഭാഷാ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചപ്പോള്‍ ആദ്യ ദിവസം തിയേറ്റര്‍ വിടേണ്ട അവസ്ഥയായിരുന്നു ഡിസ്‌കോയ്ക്കുണ്ടായിരുന്നത്.
മറുവശത്ത് ദിനംപ്രതി ഷോകള്‍ വര്‍ധിപ്പിച്ചുകൊണ്ട് കേരള ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷനുമായി രാമായണയും സീനും മുന്നേറുന്ന കാഴ്ചയ്ക്കായിരുന്നു സിനിമാ ലോകം സാക്ഷ്യം വഹിച്ചത്. തമിഴ് ചിത്രമെങ്കിലും സംവിധായകന്‍ ജിത്തു മാധവന് പുറമെ സീനില്‍ പ്രധാനവേഷങ്ങളിലെത്തിയവരും മലയാളികളായിരുന്നു. ഇതോടെ ചിത്രത്തിന് കേരളത്തിലും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.
സീന്‍. Photo: X.com
അതേസമയം നാലായിരം കോടിയിലധികം മുതല്‍ മുടക്കില്‍ രണ്ട് ഭാഗങ്ങളിലായി ഒരുക്കിയ രാമായണയുടെ ആദ്യഭാഗം ദൃശ്യവിരുന്നായിരുന്നു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ കേരളത്തില്‍ നിന്നും രണ്ട് ചിത്രങ്ങള്‍ക്കും ലഭിച്ച കളക്ഷനാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒരു ദിവസത്തിന്റെ ഇടവേളയില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ ഒപ്പത്തിനൊപ്പമാണ് കേരള ബോക്‌സ് ഓഫീസില്‍ മുന്നേറുന്നത്.
സൂര്യയുടെ സീന്‍ ഏഴ് ദിവസം കൊണ്ട് കേരള ബോക്‌സ് ഓഫീസില്‍ നിന്നും 24 കോടിയാണ് നേടിയിരിക്കുന്നത്. ഓപ്പണിങ് ദിനത്തില്‍ ആറ് കോടി കളക്ഷനുമായി ഓപ്പണ്‍ ചെയ്ത ചിത്രം രണ്ടും മൂന്നും ദിനങ്ങളില്‍ യഥാക്രമം നേടിയത് 4.80 കോടിയും 5.50 കോടിയുമാണ്. പിന്നീടുള്ള ദിവസങ്ങളിലുള്ള സ്ഥിരതയാര്‍ന്ന പെര്‍ഫോമന്‍സ് കാഴ്ചവെച്ചാണ് ചിത്രം മുന്നേറുന്നത്.
രാമായണ. Photo: X.com
അതേസമയം റിലീസ് ചെയ്ത് എട്ട് ദിവസം പിന്നിട്ടപ്പോള്‍ രാമായണ സ്വന്തമാക്കിയിരിക്കുന്നത് 28.50 കോടിയാണ്. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഹിന്ദി ചിത്രം എന്ന നേട്ടം രാമായണ ഇതിനോടകം സ്വന്തമാക്കിയിരുന്നു. ധുരന്ധര്‍ 2വിന്റെ 19.5 കോടി എന്ന നേട്ടമാണ് രാമായണ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നത്. ഓപ്പണിങ് ദിനത്തില്‍ ചിത്രം നേടിയത് 3 കോടിയാണെങ്കില്‍ അവസാന ആറ് ദിവസമായി മൂന്ന് കോടിയ്ക്ക് മുകളിലാണ് ചിത്രത്തിന്റെ ദിനംപ്രതിയുള്ള കളക്ഷന്‍.
Content Highlight: Kerala Box office collection Ramayana and Scene movie