ഐ.എസ്.എല്‍ മത്സരത്തില്‍ വമ്പന്‍ വിജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഹോം ഗ്രൗണ്ടായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒഡീഷയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്.
ആവേശം നിറഞ്ഞ മത്സരത്തിന്റെ ആദ്യ നാലാം മിനുട്ടില്‍ തന്നെ ഒഡിഷയ്ക്ക് വേണ്ടി ജെറി മവമിഗ്താങ്ക തകര്‍പ്പന്‍ ഗോള്‍ നേടി മഞ്ഞപ്പടയെ നിശ്ബദരാക്കി. ശേഷം ആദ്യ പകുതിയില്‍ കട്ടയ്ക്ക് നിന്ന ഒഡീഷയുടെ പോസ്റ്റില്‍ സ്‌കോര്‍ ചെയ്യാന്‍ കേരളത്തിന് സാധിച്ചില്ല.
എന്നാല്‍ ആദ്യ പകുതിക്ക് ശേഷം 60ാം മിനിട്ടില്‍ ക്വാമി പെപ്രയുടെ മിന്നും ഗോളില്‍ കേരളം സമനില പിടിക്കുകയായിരുന്നു. ആരവം ആര്‍ത്തിരിമ്പിയ മത്സരത്തിലെ 73ാം മിനിട്ടില്‍ ജീസസ് ജെമിനിസും എതിരാളികളുടെ വലകുലുക്കിയപ്പോള്‍ സമ്മര്‍ദം ഒഡീഷ പോസ്റ്റിലേക്ക് മാറ്റാനും കേരളത്തിന് സാധിച്ചു.
എന്നാല്‍ കളി വീണ്ടും മാറ്റിമറിച്ചുകൊണ്ട് 80ാം മിനിട്ടില്‍ ഡോറി കേരളത്തിന്റെ വലയിലും നിറയൊഴിച്ചു. പിന്നീട് ത്രില്ലിങ് മൊമന്റിലേക്കാണ് മത്സരം നീങ്ങിയത്. ലീഡിന് വേണ്ടി ഇരുവരും ആക്രമിച്ച് കളിച്ചപ്പോള്‍ ഒഡീഷയുടെ കാര്‍ലോസ് ഡെല്‍ഗാഡൊ ചുവപ്പ് കാര്‍ഡില്‍ കുരുങ്ങിയത് കേരളത്തെ ഒരു പടി മുന്നിലെത്തിച്ചു.
നിര്‍ണായക ഘട്ടത്തിലെ എക്‌സ്ട്രാ ടൈമില്‍ നോഹയുടെ വെടിയുണ്ട കൂടെ ഒഡീഷയുടെ നെഞ്ചില്‍ പതിഞ്ഞപ്പോള്‍ കേരളത്തിന്റെ ട്രയാങ്കിള്‍ പൂര്‍ത്തിയാകുകയും ചെയ്തു. മുന്‍ മത്സരങ്ങളെ അപേക്ഷിച്ച് ബ്ലാസ്റ്റേഴ്‌സ് മികവ് പുലര്‍ത്തിയപ്പോള്‍ ആരാധകരും ആവേശത്തിലാണ്.
നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് കേരളം. 16 മത്സരങ്ങളിലെ ആറ് വിജയവും രണ്ട് സമനിലയും എട്ട് തോല്‍വിയും ഉള്‍പ്പെടെ 20 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. അതേ സമയം ഒഡീഷ 16 മത്സരത്തില്‍ നിന്ന് അഞ്ച് വിജയവും ആറ് സമനിലയും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ ഏഴാം സ്ഥാനത്താണ്.
Content Highlight: Kerala Blasters Won Against Odisha In I.S.L