| Sunday, 22nd December 2024, 10:12 pm

അഭിമാന വിജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ഐ.എസ്.എല്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം. മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്.

മുഹമ്മദന്റെ ഭാസ്‌കര്‍ റോയി 62ാം മിനിട്ടില്‍ സെല്‍ഫ് ഗോള്‍ നേടി കേരളത്തെ മുന്നിലെത്തിക്കുകയായിരുന്നു. ശേഷം 80ാം മിനിട്ടില്‍ നോഹ സധോയിയുടെ ഗോളില്‍ കേരളം രണ്ടാം ഗോള്‍ സ്വന്തമാക്കി.

അവസാനഘട്ടത്തിലെ 90ാം മിനിട്ടില്‍ അലക്‌സാഡ്രി കോഫിന്റെ തകര്‍പ്പന്‍ ഗോളോടെ കേരളം മൂന്ന് ഗോളിന്റെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. മത്സരത്തില്‍ എതിരാളികളുടെ പോസ്റ്റിലേക്ക് നിരന്തരം സ്‌ട്രൈക്കിങ് നടത്തി മിന്നും പ്രകടനമാണ് കേരളം കാഴ്ചവെച്ചത്. കഴിഞ്ഞ മത്സരങ്ങളില്‍ തുടര്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നതോടെ വമ്പന്‍ വിമര്‍ശനങ്ങളായിരുന്നു കേരളത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്.

ഇതോടെ മഞ്ഞപ്പട ഫാന്‍സ് ഗ്രൂപ്പ് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തങ്ങളുടെ പരിശീലകനെ മാറ്റുകയും ചെയ്തു. ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്കെതിരെയുള്ള മറുപടിയുടെ തുടക്കമാണ് ബ്ലാസ്റ്റേഴ്‌സ് നല്‍കിയത്.

എന്നിരുന്നാലും പോയിന്റ് ടേബിളില്‍ കേരളം ഏറെ പിറകിലാണ്. 13 മത്സരങ്ങളില്‍ നിന്ന് നാല് വിജയവും രണ്ട് സമനിലയും 7 തോല്‍വിയും ഉള്‍പ്പെടെ 14 പോയിന്റാണ് കേരളത്തിന്. ഏറ്റവും പുറകിലുള്ള മുഹമ്മദന്‍ 12 മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമാണ് സ്വന്തമാക്കിയത്.

Content Highlight: Kerala Blasters Won Against Mohammedan

Latest Stories

We use cookies to give you the best possible experience. Learn more