അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ഒരു വമ്പന്‍ സൈനിങ് നടത്തുമെന്ന് റിപ്പോര്‍ട്ട്. സ്പാനിഷ് താരം വിക്ടര്‍ മെസെഗറിനെ ടീമിലെത്തിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്പാനിഷ് മാധ്യമപ്രവര്‍ത്തകനായ എയ്ഞ്ചല്‍ ഗാര്‍ഷ്യയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലാ ലിഗ രണ്ടാം ഡിവിഷനില്‍ കളിക്കുന്ന റയല്‍ വല്ലഡോലിനായാണ് വിക്ടര്‍ കളിക്കുന്നത്. 2024-25 സ്പാനിഷ് ലീഗ് സീസണില്‍ റയല്‍ വല്ലഡോലിനായി വിക്ടര്‍ പന്തുതട്ടിയിട്ടുണ്ട്.
ലാ ലിഗയില്‍ റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, അത്ലെറ്റിക്കോ മാഡ്രിഡ് തുടങ്ങിയ വമ്പന്‍ ക്ലബ്ബുകള്‍ക്കെതിരെ ആ സീസണില്‍ വിക്ടര്‍ ബൂട്ടുകെട്ടിയിട്ടുണ്ട്. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ലീഗുകളിലൊന്നായ സ്പാനിഷ് ലീഗില്‍ കളിച്ച അനുഭവസമ്പത്തുള്ള താരം കേരളത്തിന്റെ മണ്ണിലെത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 27കാരനായ വിക്ടര്‍ ഒരേസമയം അറ്റാക്കിങ് മിഡ്ഫീല്‍ഡറായും സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായും കളിക്കാന്‍ കഴിവുള്ള താരമാണ്.
ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴും വമ്പന്‍ അപ്ഡേറ്റുകളുമായി ട്രാന്‍സ്ഫര്‍ വിപണിയിലും സജീവമാവുകയാണ് ടീം. പല താരങ്ങളും ടീം വിട്ടുപോവുന്ന സാഹചര്യത്തില്‍ ലോകോത്തര നിലവാരമുള്ള താരങ്ങളെ തട്ടകത്തിലെത്തിക്കാനുള്ള ശക്തമായ നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്.
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ട് മാറ്റാനുള്ള നീക്കങ്ങള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളും നിലനില്‍ക്കുന്നുണ്ട്. നിലവിലെ ടീമിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വിട്ട് മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്കായിരിക്കും ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ തട്ടകം മാറ്റുകയെന്നാണ് വിവരങ്ങള്‍.
ക്ലബ്ബ് ഹോം ഗ്രൗണ്ട് മാറ്റാനുള്ള ഈ തീരുമാനത്തിന് പിന്നില്‍ പല കാരണങ്ങളാണ് നിലനില്‍ക്കുന്നത്. കൊച്ചി സ്റ്റേഡിയത്തിന്റെ ഉടമകളായ ജി.സി.ഡി.എയും ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റും തമ്മില്‍ സമീപ കാലങ്ങളില്‍ വലിയ തര്‍ക്കങ്ങളാണ് നിലനില്‍ക്കുന്നത്. ഗ്രൗണ്ടിന്റെ വാടക തുകയുമായി ബന്ധപ്പെട്ട് കഴിഞ്ഞ സീസണില്‍ ജി.സി.ഡി.എയുമായി മാനേജ്മെന്റിന് വലിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ സീസണിലെ ടീമിന്റെ ആദ്യ ഹോം മത്സരത്തിന് മുന്നോടിയായി പ്രീ മാച്ച് പ്രെസ് കോണ്‍ഫറന്‍സ് നടത്താന്‍ ജി.സി.ഡി.എ അനുമതി നിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഈ പ്രശ്നങ്ങളും പുതിയ ഹോം ഗ്രൗണ്ട് തേടാന്‍ ബ്ലാസ്റ്റേഴ്‌സിനെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധിയാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നിലുള്ള മറ്റൊരു വെല്ലുവിളി. സ്റ്റേഡിയത്തിന് നല്‍കേണ്ട വാടക തുക കലൂര്‍ സ്റ്റേഡിയത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ പയ്യനാട് സ്റ്റേഡിയത്തില്‍ കുറവാണ്. 30,000 കാണികളെ ഉള്‍കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയമാണ് പയ്യനാടിലേത്.
ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ട് മലബാറിലേക്ക് എത്തുകയാണെങ്കില്‍ സ്റ്റേഡിയം നിറഞ്ഞു കവിയുമെന്നുറപ്പാണ്.
Content Highlight: Kerala Blasters want sign Spanish player Víctor Meseguer