| Sunday, 23rd August 2026, 10:49 am

ലൂണയടക്കം നാല് താരങ്ങൾ തുടരും; വമ്പൻ നീക്കവുമായി അങ്കത്തിനൊരുങ്ങി കൊമ്പന്മാർ

സുദേവ് എ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനായുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഐ.എസ്.എല്ലിന്റെ പുതിയ സീസൺ ഒക്ടോബർ 10ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ടൂർണമെന്റിൽ പങ്കെടുക്കുന്നതിന് വേണ്ടി നൽകേണ്ട തുക ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇതിനോടകം തന്നെ കൈമാറിയിട്ടുണ്ട്.

പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കത്തിലാണ് നിലവിൽ ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ടീമുമായി വെറും പതിമൂന്ന് താരങ്ങൾക്ക് മാത്രമാണ് കരാർ ഉള്ളത്. ബാക്കിയുണ്ടായിരുന്ന താരങ്ങളെല്ലാം ക്ലബ്ബ് വിട്ട് പോയിട്ടുണ്ട്.

ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിൽ ഏതെല്ലാം വിദേശ താരങ്ങൾ ടീമിൽ തുടരുമെന്നതിനെ സംബന്ധിച്ചുള്ള ഒരു റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. അഡ്രിയാൻ ലൂണ, കരിം ബെനാരിഫ്, മാറ്റിയസ് ഫെർണാണ്ടസ്, ഫാലോ എൻഡിഡായ് എന്നീ വിദേശ താരങ്ങൾ ടീമിനൊപ്പം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലൂണ ലോണിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് വിട്ട് ഇന്തോനേഷ്യൻ ക്ലബിലേക്ക് ചേക്കേറിയത്. വിക്ടർ ബെർട്ടാമ്യു, ഫ്രാഞ്ചു, കെവിൻ യോക്ക് എന്നീ വിദേശ താരങ്ങൾ ഇതിനോടകം തന്നെ ടീം വിട്ടു പോയിട്ടുണ്ട്.

സെപ്റ്റംബർ 15 വരെയാണ് ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ മാർക്കറ്റ് നിലവിലുള്ളത്. ഇതിനുള്ളിൽ ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ വിപണിയിൽ കൃത്യമായ ചലനം ഉണ്ടാക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ട്രാൻസ്ഫർ മാർക്കറ്റ് അടച്ചു കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സിനെ പിന്നീട് മറ്റു ടീമുകൾക്ക് ആവശ്യമില്ലാത്ത ഫ്രീ ഏജന്റുകളായ താരങ്ങളെ മാത്രമായിരിക്കും ടീമിൽ എത്തിക്കാൻ സാധിക്കുകയുള്ളൂ.

ആഷ്ലി വെസ്റ്റ് വുഡിന്റെ കീഴിലായിരിക്കും ഇത്തവണയും ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുക. കഴിഞ്ഞ സീസണിന്റെ പകുതിയിലാണ് വെസ്റ്റ് വുഡ് കേരളത്തിന്റെ പരിശീലകനായി ചുമതലയേറ്റത്. ഡേവിഡ് കറ്റാലയുടെ പകരക്കാരനായാണ് വെസ്റ്റ് വുഡ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലക കുപ്പായമണിഞ്ഞത്.

അതേസമയം ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. ടീമിന്റെ നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സിൽ നിന്നും ഓഹരികൾ വാങ്ങാൻ പുതിയ നിക്ഷേപകർ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.

Content Highlight: Kerala Blasters updates on new season of the Indian Super League

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more