| Saturday, 21st March 2026, 1:04 pm

'സ്വന്തം തട്ടകത്തില്‍ ജീവന്‍ മരണ പോരാട്ടം'; ആദ്യ ജയത്തിനായി ബ്ലാസ്‌റ്റേഴ്‌സ്

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2026ല്‍ ആദ്യ ജയം ലക്ഷ്യമിട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ്. സ്വന്തം തട്ടകമായ കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പഞ്ചാബ് എഫ്.സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. രാത്രി ഏഴരയ്ക്കാണ് പോരാട്ടം.

ഈ സീസണില്‍ ദയനീയ പ്രകടനം കാഴ്ചവെക്കുന്ന മഞ്ഞപ്പടയ്ക്ക് നാണക്കേടില്‍ നിന്ന് കരകയറാന്‍ വിജയം അനിവാര്യമാണ്. നിലവില്‍ അഞ്ച് മത്സരങ്ങളില്‍ ഒരു സമനിലയും നാല് തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. മാത്രമല്ല വെറും ഒരു പോയിന്റുമായി 13ാം സ്ഥാനത്താണ് മഞ്ഞപ്പടയുടെ സ്ഥാനം.

തുടര്‍ച്ചയായി നാല് തോല്‍വിക്കുശേഷം അവസാന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ കൊല്‍ക്കത്തയില്‍ സമനിലയില്‍ കുരുക്കിയത് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം.

എന്നാല്‍ സ്വന്തം തട്ടകമായ കൊച്ചിയില്‍ തങ്ങളുടെ നാലാം മത്സരത്തിനിറങ്ങുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് ‘ജീവന്‍മരണ പോരാട്ടം തന്നെ നടത്തേണ്ടിവരും’. സീസണില്‍ ഹോം ഗ്രൗഡില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും മഞ്ഞപ്പട തോല്‍വി ഏറ്റുവാങ്ങിയത് ആരാധകരെ ഏറെ നിരാശയിലാക്കിയിരുന്നു. എന്ത് വിലകൊടുത്തും സ്വന്തം തട്ടകത്തില്‍ വിജയിക്കാനാണ് ടീമിന്റെ ലക്ഷ്യം. മാത്രമല്ല പഞ്ചാബിനെതിരെ വിജയിച്ച് ആരാധകരെ ചേര്‍ത്ത് നിര്‍ത്താനും നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനും ബ്ലാസ്റ്റേഴ്‌സിന് വിജയം അനിവാര്യമാണ്.

മികവ് പുലര്‍ത്താത്ത മുന്നേറ്റ നിരയും കൗണ്ടര്‍ സ്‌ട്രൈക്കുകളുടെ ആഭാവവും ഡേവിഡ് കറ്റാല പരിശീലിപ്പിക്കുന്ന സംഘത്തിന്റെ പോരായിമകളാണ്.

നിലവില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോള്‍ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് അക്കൗണ്ടിലാക്കാന്‍ സാധിച്ചത്. മാത്രമല്ല ടീം ഇതുവരെ വഴങ്ങിയ ഗോളുകളുടെ എണ്ണം ഏഴാണ്. ആക്രമണനിരയ്ക്ക് ഒട്ടും മൂര്‍ച്ചയില്ലാത്തതും ഡിഫന്‍സ് പൊട്ടിപ്പോകുന്നതും ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയാണ്. കൂടാതെ വിദേശതാരങ്ങള്‍ക്കും കാര്യമായ ചലനമുണ്ടാക്കാനാകുന്നില്ല. ഇതുവരെയും ഒരുമയോടെ പന്തുതട്ടാന്‍ ടീമിനായിട്ടില്ല.

നിലവിലെ പ്രകടനത്തില്‍ തൃപ്തനല്ലെന്നും വിജയത്തിനായി കഠിനമായി ശ്രമിക്കുമെന്നും പരിശീലകന്‍ കറ്റാല പറഞ്ഞു. അവസാന കളിയില്‍ ഈസ്റ്റ് ബംഗാളിനെതിരെ മലയാളി യുവതാരം മുഹമ്മദ് അജ്‌സല്‍ ഗോള്‍ നേടിയത് ടീമിന് ആശ്വാസമാണ്. പഞ്ചാബിനെതിരെ മഞ്ഞപ്പട വിജയിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

Content Highlight: Kerala Blasters to face Punjab for first win in ISL 2026

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more