| Monday, 12th October 2026, 7:31 pm

ബ്ലാസ്റ്റേഴ്‌സ് കുടുംബ യൂണിറ്റ്; മൈതാനവും കടന്ന് ചരിത്രം കുറിച്ച് മഞ്ഞപ്പട

സ്പോര്‍ട്സ് ഡെസ്‌ക്

2026 ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ വീഴ്ത്തി രാജകീയമായി വരവറിയിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്റർ കാശിയുടെ തട്ടകമായ പുനെയിലെ ബാലെവാഡി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു കൊമ്പന്മാരുടെ വിജയം.

പുതിയ മാനേജ്മെന്റിന് കീഴിൽ പുത്തൻ പ്രതീക്ഷകളുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് കളത്തിൽ മികവുറ്റ പ്രകടനമാണ് ആഷ്‌ലി വെസ്റ്റ് വുഡിന്റെ കീഴിൽ പുറത്തെടുത്തത്. സൂപ്പർതാരം അഡ്രിയാൻ ലൂണയില്ലാതെയായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആദ്യ മത്സരത്തിനിറങ്ങിയത്.

ലൂണയുടെ അഭാവത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ കുപ്പായമണിഞ്ഞ മലയാളി താരം വിബിൻ മോഹനാണ് ടീമിന് വേണ്ടി സീസണിലെ ആദ്യ ഗോൾ നേടിയത്. 18ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോൾ നേട്ടം. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ആന്ദ്രേ ഗ്രീനാണ് കൊമ്പന്മാർക്ക് വേണ്ടി വലകുലുക്കി വിജയം അധികാരികമാക്കി.

ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിന് പിന്നാലെ കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ ആവേശവും വീണ്ടും ഇന്ത്യൻ ഫുട്ബോളിൽ ചർച്ചയായിരിക്കുകയാണ്. സ്റ്റേഡിയത്തിൽ മാത്രമല്ല വ്യൂവർഷിപ്പിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഐ.എസ്.എൽ ചരിത്രത്തിലെ ഏറ്റവും വലിയ യുട്യൂബ് റെക്കോഡ് വ്യൂവർഷിപ്പിനാണ് ഇന്റർ കാശി – കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം സാക്ഷ്യം വഹിച്ചത്.

ഐ.എസ്.എൽ ഉദ്ഘാടന മത്സരങ്ങൾക്ക് ആദ്യ 24 മണിക്കൂറിനുള്ളിൽ യുട്യൂബിൽ നിന്നും ലഭിച്ച വ്യൂവേഴ്‌സിന്റെ ഇന്നലത്തെ മത്സരം വെറും ആറ് മണിക്കൂറുകൾ കൊണ്ട് മാത്രമാണ് ഇന്റർ കാശിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് മറികടന്നത്.

ഗാലറികൾ മഞ്ഞക്കടലാകുന്നതിനൊപ്പം സൈബർ ലോകത്തും തങ്ങൾക്ക് എതിരാളികളിലെന്ന് തെളിയിച്ചുകൊണ്ട് കുതിക്കുകയാണ് മഞ്ഞപ്പട. സ്റ്റേഡിയത്തിൽ നേരിട്ടെത്തി മത്സരം കാണാൻ സാധിക്കാത്ത ആരാധകർ ഓൺലൈൻ പ്ലാറ്റഫോമിലും തങ്ങളുടെ സാന്നിധ്യം അറിയിക്കുകയായിരുന്നു.

അതേസമയം ഈ തകർപ്പൻ വിജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്താനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു. ഒക്ടോബർ 18നാണ് കൊമ്പന്മാർ അടുത്ത മത്സരത്തിനിറങ്ങുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. നോർത്ത് ഈസ്റ്റിന്റെ തട്ടകമായ ഗുഹാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് പോരാട്ടം. ഒക്ടോബർ 25നാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ ഹോം മത്സരം. മുംബൈ സിറ്റിയാണ് എതിരാളികൾ.

Content Highlight: Kerala Blasters make history in Indian Super League viewership

We use cookies to give you the best possible experience. Learn more