ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ്. നാളെ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് കൊമ്പന്മാർ നേരിടുക. എതിരാളികളുടെ തട്ടകമായ ഗുഹാഹത്തിയിലാണ് മത്സരം.
ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇരു ടീമുകളും രണ്ടാം മത്സരത്തിനിറങ്ങാൻ ഒരുങ്ങുന്നത്. ഇന്റർ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് സീസൺ തുടങ്ങിയത്.
മറുഭാഗത്ത് കരുത്തരായ മോഹൻ ബഗാനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ഹൈലാൻഡേഴ്സ് വരവറിയിച്ചത്. രണ്ടാം മത്സരത്തിലും വിജയം തുടരാനാവും കൊമ്പന്മാർ കളത്തിലിറങ്ങുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ മികച്ച റെക്കോഡാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. 24 മത്സരങ്ങളിലാണ് ഇരു ടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ എട്ട് തവണയും വിജയം ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്നു. ആറ് തവണയാണ് നോർത്ത് ഈസ്റ്റ് ജയിച്ചുകയറിയത്. 10 മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയും ചെയ്തു.
നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വേഗതയുള്ള ഗോൾ പിറന്നത് നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ ആയിരുന്നു. 2015 സീസണിൽ ഇംഗ്ലണ്ട് താരം ക്രിസ് ഡാഗ്നലിന്റെ ബൂട്ടുകളിൽ നിന്നുമായിരുന്നു ഈ ചരിത്ര ഗോൾ പിറന്നത്. മത്സരം തുടങ്ങി 29ാം മിനിട്ടിലായിരുന്നു ഡാഗ്നൽ എതിരാളികളുടെ വലയിൽ പന്തെത്തിച്ചത്.
കൊമ്പന്മാരുടെ തട്ടകമായ കലൂർ ജവാർഹലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നത്. 10 സീസണുകൾ കഴിഞ്ഞട്ടും പല വമ്പൻ താരങ്ങൾ മഞ്ഞ കുപ്പായത്തിൽ പോരാട്ടം കാഴ്ചവെച്ചെങ്കിലും ഈ റെക്കോഡ് ഇപ്പോഴും തകർന്ന് വീഴാതെ തലയുയർത്തി നിൽക്കുകയാണ്.
ചരിത്രത്തിൽ നോർത്ത് ഈസ്റ്റിനെതിരെ വലിയ ആധിപത്യമുള്ള ബ്ലാസ്റ്റേഴ്സ് ഈ സീസണിലും അത് തുടരുമെന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.
Content Highlight: Kerala Blasters historical record against North East United in Indian super league