| Sunday, 11th October 2026, 8:00 pm

ഏഴ് വർഷത്തെ കാത്തിരിപ്പിന് അവസാനം; കാശിയുടെ കോട്ടയിൽ കൊമ്പന്റെ തേരോട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

2026 ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി വരവറിയിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്റർ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ബ്ലാസ്റ്റേഴ്സ് തേരോട്ടം തുടങ്ങിയത്. ഇന്റർ കാശിയുടെ തട്ടകമായ പുനെയിലെ ബാലെവാഡി സ്റ്റേഡിയത്തിലെ ഈ വിജയത്തോടെ നീണ്ട ഏഴ് വർഷത്തെ ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പും അവസാനിച്ചിരിക്കുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് കേരള ബ്ലാസ്റ്റേഴ്സ് ഓപ്പണിങ് എവേ മാച്ചിൽ വിജയിച്ചു കയറുന്നത്.n2018-19 സീസണുകളിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഇതിന് മുമ്പ് ഓപ്പണിങ് എവേ മത്സരത്തിൽ വിജയിച്ചത്. അത്ലറ്റിക്കോ കൊൽക്കത്തയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അന്ന് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നത്.

2023ന് ശേഷമാണ് ഐ.എസ്.എല്ലിലെ ആദ്യ മത്സരം വിജയിക്കുന്നത്. മൂന്ന് വർഷങ്ങൾക്കു മുമ്പ് ബെംഗളൂരു എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സ് തകർത്തിരുന്നത്. ഇപ്പോൾ മൂന്ന് വർഷത്തിന് ശേഷം വിജയത്തോടെ തന്നെ സീസൺ ഗംഭീരമായി തുടങ്ങാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചിരിക്കുകയാണ്.

സൂപ്പർതാരം അഡ്രിയാൻ ലൂണയില്ലാതെയായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആദ്യ മത്സരത്തിനിറങ്ങിയത്. ലൂണയുടെ അഭാവത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ കുപ്പായമണിഞ്ഞ മലയാളി താരം വിപിൻ മോഹനനാണ് ടീമിന് വേണ്ടി സീസണിലെ ആദ്യ ഗോൾ നേടിയത്. 18ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോൾ നേട്ടം. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ആന്ദ്രേ ഗ്രീനാണ് കൊമ്പന്മാർക്ക് വേണ്ടി രണ്ടാം ഗോളും നേടി വിജയം ആധികാരികമാക്കി.

പുതിയ മാനേജ്മെന്റിന് കീഴിൽ പുത്തൻ പ്രതീക്ഷകളുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് കളത്തിൽ മികവുറ്റ പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിൽ 52 ശതമാനം ബോൾ പൊസഷൻ നിലനിർത്തിയ ബ്ലാസ്റ്റേഴ്‌സ് 13 ഷോട്ടുകളാണ് ഇന്റർ കാശിയുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ ആറ് ഷോട്ടുകളും ടാർഗറ്റിലേക്ക് ആയിരുന്നു.

മറുഭാഗത്ത് ആതിഥേയർക്ക് ബ്ലാസ്റ്റേഴ്സിന്റെ പോസ്റ്റിലേക്ക് അഞ്ച് ഷോട്ടുകളാണ് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചത്. ഇതിൽ മൂന്ന് ഷോട്ടുകളായിരുന്നു ടാർഗറ്റിലേക്ക് എത്തിയിരുന്നത്.

ഈ തകർപ്പൻ വിജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്താനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു. ഒക്ടോബർ 18നാണ് കൊമ്പന്മാർ അടുത്ത മത്സരത്തിനിറങ്ങുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. നോർത്ത് ഈസ്റ്റിന്റെ തട്ടകമായ ഗുഹാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് പോരാട്ടം. ഒക്ടോബർ 25നാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ ഹോം മത്സരം. മുംബൈ സിറ്റിയാണ് എതിരാളികൾ.

Content Highlight: Kerala Blasters defeated Inter Kashi in their opening match of the 2026 Indian Super League

We use cookies to give you the best possible experience. Learn more