| Wednesday, 14th January 2026, 4:45 pm

ആരാധകരെ നിരാശരാകേണ്ട; വമ്പന്‍ അപ്‌ഡേറ്റുമായി കൊമ്പന്മാര്‍!

ഫസീഹ പി.സി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐ.എസ്.എല്‍) പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് കളിക്കുമെന്ന് സ്ഥിരീകരിച്ച് ക്ലബ്ബ്. ഇന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ക്ലബ്ബ് തങ്ങളുടെ പങ്കാളിത്തം ഔദ്യോഗികമായി അറിയിച്ചത്.

ആരാധകരെ അഭിസംബോധന ചെയ്ത് പങ്കുവെച്ച പോസ്റ്റില്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുമായും (എ.ഐ.എഫ്.എഫ്) മറ്റ് ബന്ധപ്പെട്ട കക്ഷികളുമായും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനമെന്ന് അറിയിച്ചു. ആരാധകര്‍ക്കുള്ള ആശങ്കകളെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്.

തങ്ങൾ അത് പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ്. ബ്ലാസ്റ്റേഴ്സ് ക്ലബ്ബിന്റെ നിലനില്‍പ്പിന് മുന്‍ഗണന നല്‍കുന്നതോടൊപ്പം തന്നെ ഫുട്‌ബോളിന്റെ ഭാവി സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്നും ക്ലബ്ബ് വ്യക്തമാക്കി.

‘ഇന്ത്യന്‍ ഫുട്‌ബോളിപ്പോള്‍ വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പുതിയ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറ്റം അനിവാര്യമാണ്. ക്ലബ്ബ് എപ്പോഴും ടീമിന്റെ നിലനില്‍പ്പിനാണ് മുന്‍ഗണന നല്‍കുന്നത്. അതിനൊപ്പം തന്നെ ഫുട്‌ബോളിന്റെ ഭാവി സംരക്ഷിക്കുന്നതിനായി സ്റ്റേക്ക്ഹോള്‍ഡര്‍മാരുമായും സഹകരിച്ച് പ്രവര്‍ത്തിക്കും.

ക്ലബ്ബിന്റെ പദ്ധതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിക്കും. എന്നത്തേയും പോലെ നിങ്ങളുടെ പിന്തുണയും ക്ഷമയും എന്നും പ്രതീക്ഷിക്കുന്നു,’ ക്ലബ്ബ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ടൂര്‍ണമെന്റ് നടത്താന്‍ സ്‌പോണ്‍സര്‍മാരെ ലഭിക്കാത്തതിനാല്‍ മാറ്റിവെച്ച ഐ.എസ്.എല്‍ ഫെബ്രുവരിയില്‍ ആരംഭിക്കും. ഫുട്ബോള്‍ സ്‌പോര്‍ട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (എഫ്.എസ്.ഡി.എല്‍) അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷനും തമ്മിലെ സംപ്രേഷണ തര്‍ക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലായിരുന്നു ടൂര്‍ണമെന്റ് നീട്ടിയത്.

അഡ്രിയാൻ ലൂണയും നോഹ സാദോയിയും. Photo: Sooriya/x.com

അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുമായുള്ള എഗ്രിമെന്റ് പുതുക്കുന്ന കാര്യം തീരുമാനമാകാത്തതിനാലായിരുന്നു ടൂര്‍ണമെന്റില്‍ അനിശ്ചിതത്വം ഉടലെടുത്തത്.

ഇപ്പോള്‍ ഏറെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ അടുത്ത മാസം 14 മുതല്‍ ഐ.എസ്.എല്‍ ആരംഭിക്കും. ഇത്തവണത്തെ സീസണ്‍ പുതിയ ഫോര്‍മാറ്റിലാണ് നടക്കുന്നത്. സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച താരവും ക്യാപ്റ്റനുമായ അഡ്രിയാന്‍ ലൂണ ക്ലബ്ബ് വിട്ടിരുന്നു.

ലൂണ ലോണില്‍ വിദേശ ടീമിനായി കളിക്കാനാണ് ടീം വിട്ടത്. താരത്തിന് പുറമെ നോഹ സദോയിയും ടീം വിട്ടിട്ടുണ്ട്.

Content Highlight: Kerala Blasters confirms their participation ISL 2025 – 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more