| Monday, 8th December 2025, 3:26 pm

തോറ്റത് മട്ടാഞ്ചേരി മാഫിയയും പൃഥ്വിരാജും; ദിലീപിന് പിന്തുണയുമായി ബി.ജെ.പി അനുകൂലികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്നതിന്റെ പേരില്‍ കോടതി വെറുതെ വിട്ട എട്ടാം പ്രതി നടന്‍ ദിലീപിനെ പിന്തുണച്ച് ബി.ജെ.പി അനുകൂലികള്‍.

നടി ആക്രമിക്കപ്പെട്ട കേസില്‍ നമ്മള്‍ ഇതുവരെ കേട്ടത് ഒരു പക്ഷം മാത്രമാണെന്നും ഇരുപക്ഷവും കേട്ടതും തെളിവുകള്‍ കണ്ടതും കോടതി മാത്രമാണെന്നുമായിരുന്നു വലത് നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.

ഒരു കൊടും ക്രിമിനലിന്റെ വാക്കുകേട്ട് എട്ട് കൊല്ലം അന്വേഷിച്ചിട്ടും ഗൂഢാലോചനയും കൊട്ടേഷന്‍ കൊടുക്കലുമൊന്നും കോടതിയെ ബോധിപ്പിക്കാന്‍ കേരളാ പൊലീസിലെ മിടുക്കര്‍ക്കും ചാനല്‍ ചര്‍ച്ചകളില്‍ ഡയലോഗ് കാച്ചിയ അഭിഭാഷകര്‍ക്കും സാധിച്ചില്ലെങ്കില്‍ ബാക്കി ഇനി അയാള്‍ പറയട്ടെയെന്നാണ് ശ്രീജിത്ത് പണിക്കര്‍ എഴുതിയത്.

അതിജീവിതയ്‌ക്കൊപ്പം നിലകൊണ്ട മാധ്യമങ്ങളേയും ശ്രീജിത്ത് പണിക്കര്‍ വിമിര്‍ശിക്കുന്നുണ്ട്. ‘എട്ട് കൊല്ലം എന്നത് ഒരു ചെറിയ സമയമല്ലെന്ന് എല്ലാവരും സമ്മതിക്കുമല്ലോ. ഇന്നു തോറ്റത് പ്രോസിക്യൂഷന്‍ മാത്രമല്ല, ഏകപക്ഷീയമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മിക്ക മാധ്യമങ്ങളും കൂടിയാണ്.

ദിലീപ് തന്റെ കേസ് നേരിട്ടത് സോഷ്യല്‍ മീഡിയയില്‍ അല്ല, കോടതിയിലാണ്. അയാള്‍ക്ക് പറയാനുള്ളതും നമ്മള്‍ കേള്‍ക്കണം. അതിന് കേരളത്തിനും ഇവിടത്തെ മാധ്യമങ്ങള്‍ക്കും ബാധ്യതയുണ്ടെന്നു’മായിരുന്നു ശ്രീജിത്ത് പണിക്കരുടെ വാദം.

എട്ടു വര്‍ഷം മൗനമായിരുന്നെന്നും ഒന്നും സംസാരിക്കാന്‍ പാടില്ല എന്നത് ഏകപക്ഷീയമായ ജാമ്യവ്യവസ്ഥയായിരുന്നെന്നുമാണ് ബി.ജെ.പി അനുകൂലി യുവരാജ് ഗോകുല്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.

അയാള്‍ക്കെതിരെ ആര്‍ക്കും എന്തും പറയാം. സകല മാപ്രകള്‍ക്കും എന്ത് അനാവശ്യവും അയാളെ കുറിച്ച് വിളിച്ച് പറയാം. നിശ്ശബ്ദം എല്ലാം അയാള്‍ കേള്‍ക്കണം. പ്രതികരിക്കാന്‍ അനുവാദം ഇല്ല.

ഇനി അയാള്‍ സംസാരിക്കട്ടെ. അയാള്‍ക്ക് പറയാനുള്ളത് സ്വാതന്ത്ര്യത്തോടെ പറയാന്‍ എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം സ്വാതന്ത്ര്യം. അത് വൈകിക്കാനാണ് പ്രോസിക്യൂഷന്‍ വിചാരണ ഇത്രയും വലിച്ചിഴച്ചത്. എതിരാളി നടുങ്ങണ പോലെ കുതിക്കെട രാമാ.. എന്നായിരുന്നു യുവരാജ് ഗോകുലിന്റെ പോസ്റ്റ്.

ബി.ജെ.പി പ്രൊഫൈലുകള്‍ ഒന്നടങ്കം ദിലീപിന്റെ വിജയം ആഘോഷമാക്കുകയാണ്. തോറ്റത് മട്ടാഞ്ചേരി മാഫിയയും പൃഥ്വിരാജുമാണെന്നാണ് ഇവരുടെ വാദം.

മാധ്യമങ്ങള്‍ അല്ല കോടതിയെന്നും ദിലീപിന് അനുകൂലമായ കോടതി വിധി ജനം ടി.വിയല്ലാതെ മറ്റൊരു മാധ്യമങ്ങളും നന്നായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇവര്‍ തന്നെ പറയുന്നുണ്ട്.

ഈ നാറിയ മാധ്യമങ്ങളെ തെരുവില്‍ നേരിടാനും ചിലര്‍ ആഹ്വാനം ചെയ്യുന്നുണ്ട്. മട്ടാഞ്ചേരി മാഫിയയുടെ ഇരയാണ് ദിലീപെന്നും അവനൊപ്പമെന്ന് ഹാഷ് ടാഗിട്ടുമൊക്കെയാണ് ബി.ജെ.പി അനുകൂലികള്‍ ദിലീപിനോടുള്ള തങ്ങളുടെ പിന്തുണ അറിയിക്കുന്നത്.

Content Highlight: Kerala BJP Support Actor Dileep in Actress attack case

We use cookies to give you the best possible experience. Learn more