തിരുവനന്തപുരം: പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച് ബി.ജെ.പി നേതൃത്വം. നാല് ജനറല്‍ സെക്രട്ടറിമാരും പത്ത് വൈസ് പ്രസിഡന്റുമാരുമാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്.
പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലഹം രൂക്ഷമായിരിക്കെയാണ് സംസ്ഥാന ബി.ജെ.പി പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെയും മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെയും പക്ഷത്തെ പൂര്‍ണമായും തള്ളിക്കൊണ്ടാണ് പുതിയ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
എം.ടി. രമേശ്, എസ്. സുരേഷ്, അനൂപ് ആന്റണി ജോസഫ്, ശോഭ സുരേന്ദ്രന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. കെ.എസ്. രാധാകൃഷ്ണന്‍, സി. സദാനന്ദന്‍ മാസ്റ്റര്‍, പി. സുധീര്‍. സി. കൃഷ്ണകുമാര്‍, ബി. ഗോപാലകൃഷ്ണന്‍, അബ്ദുല്‍ സലാം, ആര്‍. ശ്രീലേഖ, കെ. സോമന്‍, കെ.കെ. അനീഷ്‌കുമാര്‍, ഷോണ്‍ ജോര്‍ജ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.
കഴിഞ്ഞ നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന എം.ടി. രമേശ് മാത്രമാണ് പുതിയ നേതൃത്വത്തില്‍ അതേ സ്ഥാനത്ത് തുടരുന്നത്. മുരളീധര പക്ഷത്തുള്ള സി. കൃഷ്ണകുമാറും പി. സുധീറും മുന്‍ നേതൃത്വത്തിൽ ജനറല്‍ സെക്രട്ടറിമാരായിരുന്നു. എന്നാല്‍ പുതിയ നേതൃപട്ടികയില്‍ ഇവര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നീക്കപ്പെട്ടു.
എന്നാല്‍ ശോഭ സുരേന്ദ്രന് പുതിയ നേതൃത്വത്തില്‍ പ്രാധാന്യം ലഭിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. മുന്‍ ഡി.ജി.പിയായിരുന്ന ആര്‍. ശ്രീലേഖ നേതൃപട്ടികയില്‍ ഇടംപിടിച്ചതും പ്രത്യേകതയായുണ്ട്.
പാര്‍ട്ടിക്കുള്ളില്‍ ചില നേതാക്കള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പരാതി ഉയര്‍ന്നിരുന്നു. ഒരിടവേളക്ക് ശേഷമാണ് സംസ്ഥാന ബി.ജെ.പിയില്‍ വീണ്ടും അതൃപ്തി രൂപപ്പെട്ടത്.
മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റായി എത്തിയപ്പോള്‍ പാര്‍ട്ടിക്ക് പുത്തന്‍ ഉണര്‍വ് ലഭിക്കുമെന്നായിരുന്നു നേതാക്കള്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍ ചുമതലയേറ്റ് ഇത്രയായിട്ടും കാര്യമായ മാറ്റമില്ലെന്നാണ് വിമര്‍ശനം.
മുന്‍ പ്രസിഡന്റുമാരായ കെ. സുരേന്ദ്രന്‍, വി. മുരളീധരന്‍ എന്നിവര്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ലെന്ന പരാതി പാര്‍ട്ടിക്കുള്ളില്‍ വ്യാപകമായുണ്ട്. പരിചയസമ്പന്നരായ നേതാക്കളോട് കൂടിയാലോചന നടത്തുന്നില്ലെന്നും ആക്ഷേപമുണ്ടായിരുന്നു.
Content Highlight: New leadership for BJP Kerala