| Friday, 8th August 2025, 5:25 pm

നാരായണിയും നാരായണന്മാരും മാത്രം; ബി.ജെ.പി കോര്‍ കമ്മിറ്റിക്കെതിരെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിക്കുള്ളില്‍ വീണ്ടും തമ്മിലടി. നിലവില്‍ പുതിയ കോര്‍ കമ്മിറ്റിക്കെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. കമ്മിറ്റിയില്‍ കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തത്തിലാണ് പ്രതിഷേധം.

ബി.ജെ.പി നേതാവും പാർട്ടിയുടെ മുൻ വക്താവുമായ ടി.പി. സിന്ധുമോളാണ് സ്ത്രീകളുടെ പ്രാതിനിധ്യം കുറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.

ബി.ജെ.പിയുടെ മീഡിയ പാനലിസ്റ്റ്  ഗ്രൂപ്പിലാണ് സിന്ധുമോള്‍ വിമര്‍ശനം ഉന്നയിച്ചത്. കോര്‍ കമ്മിറ്റിയില്‍ 21 നാരായണന്മാരും ഒരു നാരായണിയും മാത്രമാണ് ഉള്ളതെന്നാണ് സിന്ധുമോളുടെ വിമര്‍ശനം.

‘നാരി തു നാരായണി’ എന്നാണ് നരേന്ദ്ര മോദി പറഞ്ഞിരിക്കുന്നതെന്നും ഇരുപത്തിരണ്ടില്‍ നിന്നും ഇനിയും 25ലേക്ക് എത്തിയിട്ടില്ലെന്നും സിന്ധുമോള്‍ വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറഞ്ഞു. സകല സ്ത്രീകള്‍ക്കും വേണ്ടി നാരായണി ഒന്ന് മതി, കനല്‍ ഒരു തരി മതി എന്നാണോ സാരമെന്നും സിന്ധുമോള്‍ ചോദിക്കുന്നുണ്ട്.

ഇന്നലെ (വ്യാഴം)യാണ് സംസ്ഥാന ബി.ജെ.പി കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. 22 അംഗ കമ്മിറ്റിയില്‍ ശോഭ സുരേന്ദ്രന്‍ മാത്രമാണ് വനിതയായിട്ടുള്ളത്.

സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പുറമെ കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും രാജ്യസഭാ എം.പിയായ സി. സദാനന്ദനും കമ്മിറ്റിയിലുണ്ട്.

പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍, കുമ്മനം രാജശേഖരന്‍, കെ. സുരേന്ദ്രന്‍, എ.പി. അബ്ദുള്ളക്കുട്ടി, അനില്‍ കെ. ആന്റണി, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി തുടങ്ങിയവരും കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നു.

പി. സുധീര്‍, അഡ്വ. കെ.കെ. അനീഷ് കുമാര്‍, അഡ്വ. ഷോണ്‍ ജോര്‍ജ്, സി. കൃഷ്ണകുമാര്‍, അഡ്വ. ബി. ഗോപാലകൃഷണന്‍, കെ സോമന്‍, വി. ഉണ്ണിക്കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരാണ് കമ്മിറ്റിയിലെ വൈസ് പ്രസിഡന്റുമാര്‍. പ്രകാശ് ജാവദേക്കര്‍ കമ്മിറ്റിയിലെ കേന്ദ്ര ക്ഷണിതാവാണ്.

Content Highlight: Protest against BJP core committee

We use cookies to give you the best possible experience. Learn more