| Friday, 11th July 2025, 8:55 am

സംസ്ഥാന ബി.ജെ.പിയില്‍ അതൃപ്തി; നേതാക്കൾക്ക് പരിഗണനയില്ലെന്ന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇടവേളക്ക് ശേഷം സംസ്ഥാന ബി.ജെ.പിയില്‍ വീണ്ടും അതൃപ്തി ശക്തമാകുന്നു. കൂടിയാലോചനകളോ പരിഗണനകളോ ലഭിക്കുന്നില്ലെന്ന പരാതിയാണ് ചിലര്‍ക്ക്. പുനസംഘടനയില്‍ ഇവര്‍ക്ക് പരിഗണന ലഭിച്ചില്ലെങ്കില്‍ വീണ്ടും പ്രശ്‌നങ്ങള്‍ രൂക്ഷമാകും.

മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റായി എത്തിയപ്പോള്‍ പാര്‍ട്ടിക്ക് പുത്തന്‍ ഉണര്‍വ് ലഭിക്കുമെന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാല്‍ ചുമതലയേറ്റ് ഇത്രയായിട്ടും കാര്യമായ മാറ്റമില്ലെന്നാണ് വിലയിരുത്തല്‍. മുന്‍ പ്രസിഡന്റുമാരായ കെ. സുരേന്ദ്രന്‍, വി.മുരളീധരന്‍ എന്നിവര്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ലെന്ന പരാതിയും പാര്‍ട്ടിയിലുണ്ട്. പരിചയസമ്പന്നരായ നേതാക്കളോട് കൂടിയാലോചന നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.

സംസ്ഥാന സര്‍ക്കാറിനെതിരായ പ്രക്ഷോഭങ്ങള്‍, ഗവര്‍ണറെ സംരക്ഷിക്കേണ്ട ബാധ്യത എന്നിവയില്‍ നേതൃത്വം പിന്നോട്ടാണെന്നും ആക്ഷേപമുണ്ട്. അതിനിടെ ബി.ജെ.പി സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. പ്രചാരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. അമിത് ഷായുടെ മുന്നിലേക്ക് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ഒരുവിഭാഗം തയ്യാറെടുക്കുകയാണ്.

അമിത് ഷായുടെ സന്ദര്‍ശനത്തിന് മുമ്പ് പ്രധാന ഭാരവാഹികളെ പ്രഖ്യാപിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. എന്നാല്‍ പുനസംഘടനയില്‍ മുന്‍ ഔദ്യോഗിക വിഭാഗത്തിന്റെ പങ്കാളിത്തം കുറയാനും സാധ്യതയുണ്ട്.

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ട പേരുകളായ എം.ടി. രമേശ്, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാകും എന്നാണ് വിവരം. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെ ആര്‍.എസ്.എസ് നല്‍കാത്ത സാഹചര്യത്തില്‍ നിലവിലെ ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീറിനെ നിലനിര്‍ത്തി അഞ്ച് ജനറല്‍ സെക്രട്ടറിമാരെ നിയോഗിക്കുമെന്നും വിവരമുണ്ട്. ബി.ജെ.പി ജില്ലാപ്രസിഡന്റായിരുന്ന അഡ്വ. വി.വി. രാജേഷ് വീണ്ടും സംസ്ഥാന നേതൃ ത്വത്തിലേക്ക് മടങ്ങിയെത്താനും സുരേന്ദ്രന്‍ പക്ഷത്തെ സി. കൃഷ്ണകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്ഥാനം നഷ്ടപ്പെടാനും സാധ്യതയുണ്ട്.

Content Highlight: Kerala BJP Complaining about they are not getting consideration

We use cookies to give you the best possible experience. Learn more