| Wednesday, 22nd October 2025, 8:25 pm

രാജ്യത്തെ ആദ്യ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം; കേരളപ്പിറവി ദിനത്തിലെ പ്രഖ്യാപനത്തിന് സൂപ്പര്‍ താരങ്ങളെത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും നേട്ടങ്ങള്‍ കൊണ്ട് രാജ്യത്തെ മുന്‍നിര സംസ്ഥാനമായ കേരളം മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ചരിത്രത്താളുകളില്‍ ഇടം നേടിയെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായിരിക്കുകയാണ് കേരളം.

രാജ്യത്ത് മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും കേരളത്തിന്റെ നേട്ടം ചര്‍ച്ചയാവുകയാണ്. ചൈനയ്ക്ക് ശേഷം അതിദാരിദ്ര്യത്തെ പൂര്‍ണമായും തുടച്ചുനീക്കുന്ന ആദ്യത്തെ പ്രദേശമായാണ് കേരളം ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നത്.

കേരളത്തിന്റെ ഈ നേട്ടം കേരളപ്പിറവി ദിനത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയും സംയ്ക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന നവംബര്‍ ഒന്നിലെ ചടങ്ങില്‍ പ്രതിപക്ഷനേതാവിനെയും ക്ഷണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. താരനിരയെയും ചടങ്ങില്‍ പ്രതീക്ഷിക്കുന്നുണ്ട്. ചലച്ചിത്ര താരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാവും. ഒപ്പം സാംസ്‌കാരിക പരിപാടികളും കലാവിരുന്നും അരങ്ങേറും. പരിപാടിയുടെ സംഘാടക സമിതിയുടെ ചെയര്‍മാനായി വി. ശിവന്‍കുട്ടിയെ നിയോഗിച്ചിട്ടുണ്ട്.

നീതി ആയോഗിന്റെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് മന്ത്രി എം.ബി. രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. 2021ല്‍ കേരളത്തിലെ ആകെ ജനസംഖ്യയുടെ 0.7 ശതമാനമായിരുന്നു ദരിദ്രരുടെ അളവെന്ന് നീതി ആയോഗ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

അന്ന് വേണമെങ്കില്‍ സര്‍ക്കാരിനത് കണ്ടില്ലെന്ന് നടിക്കാമായിരുന്നു. എന്നാല്‍, ആ ചെറു ന്യൂനപക്ഷത്തെ പോലും കൈപിടിച്ചുയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. 2021ല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലെ ആദ്യ തീരുമാനമായിരുന്നു അതിദരിദ്രരില്ലാത്ത കേരളം യാഥാര്‍ത്ഥ്യമാക്കുമെന്ന്, എം.ബി. രാജേഷ് പറഞ്ഞു.

ഭക്ഷണം, ആരോഗ്യം, ഉപജീവനം, വാസസ്ഥലം എന്നിവ അടിസ്ഥാനമാക്കി അതിജീവനം സാധ്യമല്ലാത്ത കുടുംബങ്ങളെയാണ് അതിദരിദ്ര കുടുംബങ്ങളായി കണക്കാക്കുന്നത്. സര്‍ക്കാര്‍ നടത്തിയ സര്‍വേയിലൂടെ കേരളത്തിലെ 64,006 അതിദരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തിയിരുന്നു.

ഈ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായവും സേവനവും എത്തിക്കാനായി പ്രത്യേക മൈക്രോപ്ലാനും തയ്യാറാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ സന്നദ്ധപ്രവര്‍ത്തകരും പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അണിനിരന്ന മഹത്തായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ ശുഭപര്യവസായിയായിരിക്കുന്നത്.

പരിപാടിയുടെ സോഷ്യല്‍ ഓഡിറ്റ് പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. വോട്ടര്‍പട്ടികയില്‍ പോലും പേരില്ലാതിരുന്ന നിരവധി പേരെയാണ് ഇതിലൂടെ ഉന്നമനത്തിലേക്ക് കൈപിടിച്ചത്. 64006 കുടുംബങ്ങളില്‍ ഭൂരിപക്ഷം ഏകാംഗ കുടുബങ്ങളായിരുന്ന 4421 കുടുംബങ്ങളുടെ മരണം രേഖപ്പെടുത്തിയിട്ടുണ്ട്.

നാടോടികളായിരുന്ന 261 കുടുംബങ്ങളെ കണ്ടെത്താനായിട്ടില്ല. ഇവര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറാനാണ് സാധ്യത. ഇവര്‍ തിരിച്ചെത്തിയാല്‍ സംരക്ഷണം ഒരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കൂട്ടിച്ചേര്‍ക്കലുകള്‍ക്കും വെട്ടിമാറ്റലുകള്‍ക്കും ശേഷം ഏറ്റവും ഒടുവില്‍ പട്ടികയിലുണ്ടായിരുന്ന 59277 കുടുംബങ്ങളെയാണ് ഇപ്പോള്‍ അതിദാരിദ്ര്യത്തില്‍ നിന്നും സര്‍ക്കാര്‍ മോചിപ്പിച്ചിരിക്കുന്നത്.

നവംബര്‍ ഒന്നുമുതല്‍ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

Content Highlight: Kerala becomes the first extreme poverty-free state in the country

We use cookies to give you the best possible experience. Learn more